തൃശൂര്‍: കോവിഡാണെന്നുപറഞ്ഞ് ആരും പരീക്ഷ മുടക്കേണ്ട. സ്‌കൂളിലെത്തിക്കാന്‍ ജിനേഷും ഓട്ടോറിക്ഷയും എത്തും. പടിയൂര്‍ ചെട്ടിയങ്ങാടി അടിപറമ്പില്‍ സന്തോഷിന്റെയും ഉഷയുടെയും മകനായ ജിനേഷ് (27) ആണ് കോവിഡ് ബാധിച്ച വിദ്യാര്‍ഥികളെ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നതിന് സ്‌കൂളിലെത്തിക്കാന്‍ തയ്യാറായത്. അതും സൗജന്യമായി.

എസ്.എസ്.എല്‍.സി. പരീക്ഷയല്ലേ, അത് മുടങ്ങരുതെന്ന് കരുതിയാണ് ജിനേഷ് പറഞ്ഞു. മതിലകം സ്‌കൂളിലും കല്‍പ്പറമ്പ് സ്‌കൂളിലുമായി പരീക്ഷയെഴുതുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് ജിനേഷിന്റെ സന്മനസ്സുകൊണ്ട് പരീക്ഷയെഴുതാനായത്. മതിലകം സ്‌കൂളിലെ വിദ്യാര്‍ഥിനിയെയാണ് ജിനേഷ് ആദ്യം സൗജന്യമായി സ്‌കൂളിലെത്തിച്ചത്. 

പരീക്ഷയുടെ തലേദിവസമാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, സുരക്ഷാവസ്ത്രം വാങ്ങാനോ വാഹനസൗകര്യമൊരുക്കാനോ ഉള്ള സാമ്പത്തിസ്ഥിതി കുടുംബത്തിനുണ്ടായിരുന്നില്ല. ഇതോടെ പരീക്ഷയെഴുതേണ്ടെന്നായിരുന്നു കുട്ടിയുടെ തീരുമാനം. സംഭവമറിഞ്ഞ് പടിയൂര്‍ 'സബര്‍മതി' സംഘടന കുട്ടിക്ക് സുരക്ഷാവസ്ത്രം വാങ്ങി നല്‍കി. 

സബര്‍മതി പ്രസിഡന്റ് ബിജു ചാണശ്ശേരിയാണ് സംഘടനയിലെ അംഗംകൂടിയായ ജിനേഷിനോട് ഇക്കാര്യം പറയുന്നത്. ഇതോടെ കുട്ടിയെ സ്‌കൂളിലെത്തിക്കാനുള്ള ദൗത്യം ജിനേഷ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞദിവസം പോസിറ്റീവായ മറ്റൊരു പത്താംക്ലാസ് വിദ്യാര്‍ഥിയെക്കൂടി സ്‌കൂളിലെത്തിക്കാനുള്ള ദൗത്യവും ജിനേഷ് ഏറ്റെടുത്തിട്ടുണ്ട്.

Content Highlights: Auto driver driving students affected by covid-19 to schools, SSLC Exam