ഗോളതലത്തില്‍ ഐ.ടി. മേഖലയില്‍ ഒട്ടേറെ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. പലകാരണങ്ങളാല്‍ ഇതിലേക്ക് എത്തിപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നില്ല. തൊഴിലവസരങ്ങളുള്ള ഗ്രാഫിക് ഡിസൈനിങ്, സൈബര്‍ സെക്യൂരിറ്റി, ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍, ക്ലൗഡ് കംപ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് തുടങ്ങിയ കോഴ്സുകള്‍ വീടുകളിലിരുന്ന് പഠിക്കാന്‍ അസാപ് (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) അവസരം ഒരുക്കുന്നു. ആമസോണ്‍, അഡോബ് എന്നീ കമ്പനികള്‍ നേരിട്ടാണ് കോഴ്സുകള്‍ സംഘടിപ്പിക്കുന്നത്. ഡിജിറ്റല്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ക്ക് അനുസൃതമായി യുവാക്കളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഗ്രാഫിക് ഡിസൈനര്‍

അഡോബ് ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റര്‍, പ്രിമിയര്‍ പ്രോ, ആര്‍ട്ടിക്യുലേറ്റ് സ്റ്റോറി ലൈന്‍ എന്നീ സോഫ്റ്റ്​വെയറുകൾ പഠിക്കാം.

അഡോബാണ് കോഴ്സിന്റെ ട്രെയിനിങ് പാര്‍ട്ണര്‍. യോഗ്യതാ പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്ന 40 പേര്‍ക്കാണ് അവസരം. യോഗ്യത: ബിരുദം.

ക്ലൗഡ് കംപ്യൂട്ടിങ്

ക്ലൗഡ് കോണ്‍സെപ്റ്റുകള്‍, ആമസോണ്‍ വെബ് സര്‍വീസ് സേവനങ്ങള്‍, സെക്യുരിറ്റി, ആര്‍ക്കിടെക്ചര്‍ എന്നിവയെ പറ്റിയുള്ള പഠനം.

യോഗ്യത: 2019, 2020, 2021, 2022 എന്നീ വര്‍ഷങ്ങളില്‍ ബി.ടെക്., എം.ടെക്, ബി. എസ്സി., ബി.സി.എ., എം.സി.എ. വിജയിച്ചവര്‍.

സൈബര്‍ സെക്യൂരിറ്റി, സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍, അനലിസ്റ്റ്

സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്ററില്‍ ചേരുന്നതിനുള്ള ആദ്യപടിയാണ് സര്‍ട്ടിഫൈഡ് അനലിസ്റ്റ് പ്രോഗ്രാം. എന്‍ട്രി ലെവല്‍, ഇന്റര്‍മീഡിയറ്റ് ലെവല്‍ എന്നീ വിവിധതലത്തിലുള്ള സെക്യൂരിറ്റി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രാവീണ്യം നേടാം. ടയര്‍ 1, ടയര്‍ 2 അനലിസ്റ്റുകളായി ജോലി ചെയ്യുന്നവര്‍ക്കുവേണ്ടിയാണ് കോഴ്സ്.

യോഗ്യത: 2019, 2020, 2021, 2022 എന്നീ വര്‍ഷങ്ങളില്‍ ബി.ടെക്., എം.ടെക്., ബി.എസ്സി., ബി.സി.എ., എം.സി.എ. വിജയിച്ചവര്‍.

ഫുള്‍ സ്റ്റാക് ഡെവലപ്പര്‍

ഡേറ്റ കൈകാര്യംചെയ്യുന്നതിനും അല്‍ഗോരിതങ്ങളും ബിസിനസ് ലോജിക്കും കോഴ്സ് പൂര്‍ത്തിയാക്കുന്നതിലൂടെ പഠിക്കാം.

യോഗ്യത: 2019, 2020, 2021, 2022 എന്നീ വര്‍ഷങ്ങളില്‍ ബി.ടെക്, എം.ടെക്, ബി. എസ്സി., ബി.സി.എ., എം.സി.എ. വിജയിച്ചവര്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്

എന്‍ജിനിയറിങ് ബിരുദത്തോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിക്കുന്നതിലൂടെ കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സജ്ജരാകാന്‍ കഴിയും. എന്‍.എസ്.ക്യു.എഫ്. അനുസൃതമായ ലെവല്‍ 7 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിക്കാം.

മെഷീന്‍ ലേണിങ്ങിന്റെ അടിസ്ഥാന പാഠങ്ങളും ഡീപ് ലേണിങ്, റീ ഇന്‍ഫോഴ്സ്ഡ് ലേണിങ് തുടങ്ങിയ കാര്യങ്ങളും മനസ്സിലാക്കാം.

Content highlights : asap government of kerala beginning new courses for students