സെക്യൂരിറ്റീസ് മാർക്കറ്റ് പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റിന്റെ (എൻ.ഐ.എസ്.എം.) സ്കൂൾ ഓഫ് സെക്യൂരിറ്റീസ് എജ്യൂക്കേഷൻ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (സെക്യൂരിറ്റീസ് മാർക്കറ്റ്സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യ്ക്ക് കീഴിലാണ് സ്ഥാപനം.

യോഗ്യത

50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് (സംവരണ വിഭാഗക്കാർക്ക് 45 ശതമാനം) വാങ്ങി ഏതെങ്കിലും വിഷയത്തിൽ (ഫൈൻ ആർട്സ് ഒഴികെ) മൂന്നുവർഷ ബിരുദം/തത്തുല്യയോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതാ കോഴ്സിന്റെ അന്തിമവർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർ, ഫലം കാത്തിരിക്കുന്നവർ എന്നിവർക്കും അപേക്ഷിക്കാം. സെപ്തംബർ 30- നകം യോഗ്യത തെളിയിക്കണം.

തൊഴിൽമേഖലകൾ

എ.ഐ.സി.ടി.ഇ അംഗീകാരമുള്ള രണ്ടുവർഷ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സെക്യൂരിറ്റീസ് മാർക്കറ്റിന്റെ വിവിധ മേഖലകൾ (ഇക്വിറ്റി/ഡബിറ്റ്/കറൻസി ആൻഡ് കറൻസി ഡറിവേറ്റീവ്/കമ്മോഡിറ്റി ഡറിവേറ്റീവ് മാർക്കറ്റ്സ്, ബാങ്കിങ് ട്രഷറി, റീട്ടെയിൽ ബാങ്കിങ്, തുടങ്ങിയ സെഗ്മന്റുകൾ), റിസർച്ച്, അനലിറ്റിക്സ്, ബ്രോക്കിങ് ആൻഡ് ഡീലിങ്, അഡ്വൈസറി, കോർപ്പറേറ്റ് അഡ്വൈസറി തുടങ്ങി നിരവധി മേഖലകളിൽ കരിയർ രൂപപ്പെടുത്തുവാൻ അവസരം ലഭിക്കാം.

അപേക്ഷ

കാറ്റ്, സാറ്റ് (എക്സ്.എ.ടി.), സി - മാറ്റ്, എ.ടി.എം.എ., മാറ്റ്, ജിമാറ്റ്, എം.എച്ച്. - സി.ഇ.ടി. (മാനേജ്മെന്റ്) എന്നിവയിലൊന്ന് വിജയകരമായി അഭിമുഖീകരിക്കണം. ഈ പരീക്ഷയിലെ സ്കോർ, വിദ്യാഭ്യാസ യോഗ്യതയ്ക്കുള്ള വെയ്റ്റേജ്‌, പ്രവൃത്തിപരിചയം, ഗ്രൂപ്പ് ഡിസ്കഷൻ, പഴ്സണൽ ഇന്റർവ്യൂ എന്നിവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്. അപേക്ഷ ഏപ്രിൽ 20- നകം www.nism.ac.in വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീസ് 1000 രൂപയാണ്.

Content Highlights: Applications Invited for Securities Market Course in NISM