ത്രയും ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അവര്‍കള്‍ വായിച്ചറിയാന്‍ അടുത്തൂണ്‍പറ്റിപ്പിരിഞ്ഞ മലയാളം അധ്യാപകരില്‍ ഒരാള്‍ എഴുതുന്നത് എന്തെന്നാല്‍...

കേരളത്തിലെ വിദ്യാലയങ്ങളില്‍ കുട്ടികളെ മലയാളം അക്ഷരമാല പഠിപ്പിക്കുന്നില്ല! മലയാള പാഠപുസ്തകങ്ങളില്‍ അക്ഷരമാല കാണിക്കുന്ന ഒരു പുറവുമില്ല. ഒന്നാംക്‌ളാസുമുതല്‍ 12ാം ക്‌ളാസുവരെയുള്ള ഒരു പാഠപുസ്തകത്തിലും ഇല്ല. 12 കൊല്ലമായി ഇതാണ് സ്ഥിതി!

ഇപ്പറഞ്ഞത് കേരളത്തിലെ അനേകം വിദ്യാലയങ്ങളിലെ മലയാളം പഠിക്കാത്ത അനേകായിരം വിദ്യാര്‍ഥികളുടെ സ്ഥിതിയല്ല; മറിച്ച് മലയാളം ബോധനമാധ്യമമായ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെതന്നെ സ്ഥിതിയാണ്. പാലാക്കാരന്‍ ഫാ. തോമസ് മൂലയില്‍ ആണ് ഈ സംഗതി എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഞാന്‍ അമ്പരന്നുപോയി. മലയാള പാഠപുസ്തകങ്ങളില്‍ ഒന്നില്‍പ്പോലും അക്ഷരമാല ചേര്‍ക്കുന്നില്ല എന്നത് എങ്ങനെ വിശ്വസിക്കും?

2009ലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി അക്ഷരമാല ഒഴിവാക്കിയതും അതിനെതിരേ നിവേദനങ്ങളും പരാതികളുമായി താന്‍ സര്‍ക്കാരിലെയും വിദ്യാഭ്യാസവകുപ്പിലെയും ഉന്നതരെ സമീപിച്ച് നിരാശനായതുമെല്ലാം മൂലയിലച്ചന്‍ വിസ്തരിച്ചു. ഭാഷാസ്‌നേഹിയായ ആ വൈദികന്‍ നമ്മുടെ കുട്ടികള്‍ക്ക് അക്ഷരമാല വീണ്ടുകിട്ടുന്നതിനുവേണ്ടി 12 കൊല്ലമായി സമരരംഗത്തുണ്ട്. നമ്മളാരും അത് ശ്രദ്ധിച്ചില്ലെന്നുമാത്രം.

വിദ്യാഭ്യാസവകുപ്പിലെ ചില ഉന്നതരുമായി ബന്ധപ്പെട്ടപ്പോള്‍ കാര്യം ശരിയാണെന്ന് അവരും പറഞ്ഞു.

എന്താണ് കാരണമെന്നു ചോദിച്ചപ്പോള്‍ കിട്ടിയ വിശദീകരണം: ആദ്യം അക്ഷരം, അതുകഴിഞ്ഞ് വാക്ക്, അതുകഴിഞ്ഞ് വാക്യം, അതും കഴിഞ്ഞ് ആശയം എന്നതായിരുന്നു പഴയ പഠനസമ്പ്രദായം. അതുതീര്‍ത്തും മാറ്റിയിരിക്കുന്നു. ഇപ്പോള്‍ ആദ്യം ആശയം, അതുകഴിഞ്ഞ് വാക്യം, അതുകഴിഞ്ഞ് വാക്ക്, അതും കഴിഞ്ഞ് അക്ഷരം എന്നതാണ് പഠനക്രമം. സൂക്ഷ്മത്തില്‍നിന്ന് സ്ഥൂലത്തിലേക്ക് എന്ന പുരാതനരീതി ഉപേക്ഷിച്ച് സ്ഥൂലത്തില്‍നിന്ന് സൂക്ഷ്മത്തിലേക്ക് എന്ന ആധുനികരീതി സ്വീകരിച്ചിരിക്കയാണ്.

എന്തൊക്കെയാണെങ്കിലും, എവിടെയെങ്കിലുംവെച്ച് നമ്മുടെ കുട്ടികള്‍ മാതൃഭാഷയുടെ അക്ഷരമാല പഠിക്കേണ്ടതല്ലേ എന്ന ചോദ്യത്തിന്, അതവര്‍ സ്വയം പഠിച്ചുകൊള്ളുമെന്നാണ് മറുപടി!

ഏതുപ്രായത്തില്‍, ഏതുക്‌ളാസില്‍, ഏതുപാഠം അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ അക്ഷരമാല പഠിക്കും എന്നചോദ്യത്തിന് കൃത്യമായ ഉത്തരമില്ല.

എന്താവശ്യത്തിനാണ് ഇങ്ങനെയൊരു പരിഷ്‌കാരം എന്ന അന്വേഷണത്തിനുതന്ന മറുപടി: ഭാഷാശാസ്ത്രത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി പാഠ്യപദ്ധതി നിര്‍ണയസമിതിയിലെ വിദഗ്ധര്‍ എത്തിയ തീര്‍പ്പാണിത്.

മലയാളത്തിലെ പ്രമുഖ ഭാഷാശാസ്ത്ര പണ്ഡിതരായ രണ്ടുപേരാണ് ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായരും ഡോ. ടി.ബി. വേണുഗോപാലപ്പണിക്കരും. അവര്‍ ഈ പരിഷ്‌കാരത്തെപ്പറ്റി എന്തുകരുതുന്നു എന്നന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരം എന്നെ വീണ്ടും അമ്പരപ്പിച്ചു. പ്രബോധചന്ദ്രന്‍ നായര്‍ നേരത്തേ ഈ തീര്‍പ്പിനെതിരേ ലേഖനമെഴുതിയിട്ടുണ്ട്! വേണുഗോപാലപ്പണിക്കര്‍ എന്നോടുപറഞ്ഞത്, ''ഭാഷാശാസ്ത്രത്തില്‍ അങ്ങനെയൊരു വിധിത്തീര്‍പ്പില്ല; നമ്മുടെ കുട്ടികളെ അക്ഷരമാല പഠിപ്പിക്കാത്തത് ക്രിമിനല്‍ക്കുറ്റമാണ്.''

ഇരിക്കട്ടെ,

ഞാന്‍ താങ്കളുടെ മുമ്പാകെ, താങ്കള്‍ക്ക് നല്ലപോലെ അറിയാവുന്ന ചിലകാര്യങ്ങള്‍ മുന്‍നിര്‍ത്തി ചില ചോദ്യങ്ങള്‍ ഉന്നയിക്കാനാഗ്രഹിക്കുന്നു:

ഭാഷാപഠനത്തില്‍ ഉച്ചാരണം വളരെ പ്രധാനമാണ്. അതുകൊണ്ടാണ് 'അ' എന്നു ഉച്ചരിപ്പിച്ചുകൊണ്ട് എഴുത്തിനിരുത്തുന്നത്. ഞങ്ങള്‍ 'ഴ' എന്ന് ഉച്ചരിക്കാന്‍ വിഷമിച്ചപ്പോള്‍ രണ്ടാം ക്‌ളാസില്‍വെച്ച് എ.കെ. അബ്ദുറഹിമാന്‍കുട്ടി മാസ്റ്റര്‍ 'ഏഴുവാഴപ്പഴം താഴെ വീഴുന്നു' എന്ന് ക്‌ളാസിലെ മുഴുവന്‍ കുട്ടികളെക്കൊണ്ടും ഒരേസമയം ആവര്‍ത്തിച്ച് ചൊല്ലിച്ചത് ഇന്നലെ കഴിഞ്ഞപോലെ ഓര്‍മയുണ്ട്. അക്കാലത്ത് നടപ്പുണ്ടായിരുന്ന 'തൃപ്രങ്ങോട്ടെ തൃപ്പടിമേലൊരു തണ്ടുരുളും തടിയുരുളും ചെറിയൊരു കുരുമുളകുരുളും' എന്ന പ്രയോഗം താങ്കളും കേട്ടുകാണും. ഉച്ചാരണസ്ഫുടതയ്ക്ക് അനുസരിച്ച് നാവുതിരിയാന്‍ രൂപം കൊടുത്തതാണത്.

അക്ഷരമാല പഠിപ്പിക്കുന്നില്ലെങ്കില്‍ ഉച്ചാരണം ശീലിപ്പിക്കാനാവുമോ? പത്തുകൊല്ലം മലയാളം പഠിച്ചിട്ടും മാതൃഭാഷയിലെ ഴ, ക്ഷ, ഷ, ഘ തുടങ്ങിയ അക്ഷരങ്ങള്‍ ശരിയായി ഉച്ചരിക്കാന്‍ പ്രാപ്തിനല്‍കാത്ത പഠിപ്പ് എന്തുപഠിപ്പാണ്.

എഴുത്തിന് വളരെ പ്രാധാന്യം നല്‍കുന്ന സമൂഹമാണ് നമ്മുടേത്. തുഞ്ചത്ത് എഴുത്തച്ഛന്റെ എഴുത്തുപകരണമായ എഴുത്താണി ഉത്സവത്തിന്റെ ഭാഗമായി എഴുന്നള്ളിക്കുന്ന കൂട്ടരാണ് നമ്മള്‍. അക്ഷരമാല പഠിപ്പിക്കാതിരുന്നാല്‍ അക്ഷരത്തെറ്റുകൂടാതെ എഴുതാന്‍ സാധിക്കുമോ?

ഒരനുഭവം പറയാം: കുറച്ചുമുമ്പ് പുതുതായി തുടങ്ങുന്ന ഒരു മാധ്യമസ്ഥാപനത്തിലെ പത്തുപതിനഞ്ച് യുവപത്രപ്രവര്‍ത്തകര്‍ക്ക് ഭാഷയെപ്പറ്റി ക്‌ളാസെടുക്കാന്‍ ഞാന്‍ ചെന്നു. അവര്‍ എഴുതിയെടുക്കുന്ന പലതിലും അക്ഷരത്തെറ്റ് കണ്ടപ്പോള്‍ അവര്‍ക്ക് പത്തുവാക്ക് കേട്ടെഴുത്തുകൊടുത്തു. ഭൂരിപക്ഷത്തിനും ആറുവാക്കുതെറ്റി. ഒറ്റത്തെറ്റും വരുത്താത്ത ആരും ഉണ്ടായിരുന്നില്ല! അക്ഷരത്തെറ്റുകൂടാതെ മാതൃഭാഷയില്‍ ഒരു കത്തോ പരാതിയോ ഹര്‍ജിയോ ലേഖനമോ എഴുതാന്‍ പുതിയ തലമുറയില്‍ മിക്കവര്‍ക്കും പ്രാപ്തികാണില്ല.

എന്നാണ് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, യുട്യൂബ് തുടങ്ങിയ നവമാധ്യമങ്ങളിലെ അവരുടെ ഭാഷാപ്രയോഗങ്ങള്‍ തെളിയിക്കുന്നത്.

കുട്ടികളെ ചിട്ടയായി അക്ഷരമാല പഠിപ്പിക്കണമെന്ന് നിര്‍ദേശിക്കേണ്ട വിദ്യാഭ്യാസവകുപ്പ് അതുപഠിപ്പിക്കേണ്ടെന്ന് നിര്‍ദേശം കൊടുത്തതുകൊണ്ടുകൂടിയല്ലേ ഇങ്ങനെ സംഭവിക്കുന്നത്? അതെന്ത് അഭ്യാസമാണ്?

വാക്കിന്റെ അര്‍ഥത്തിന് പ്രമാണം നിഘണ്ടുവാണ്. അക്ഷരമാലാക്രമത്തിലാണ് (ഇതിന് അകാരാദി എന്നുപറയും) നിഘണ്ടുവില്‍ വാക്കുകള്‍ അടുക്കിയിരിക്കുന്നത്. ക വര്‍ഗം കഴിഞ്ഞാണ് ച വര്‍ഗം, അതുകഴിഞ്ഞാണ് ട വര്‍ഗം, അതുകഴിഞ്ഞാണ് ത വര്‍ഗം, അതും കഴിഞ്ഞാണ് പ വര്‍ഗം എന്ന മട്ടില്‍ അതിന്റെ ക്രമം അറിയാത്തയാള്‍ക്ക് നിഘണ്ടു നോക്കാന്‍ പറ്റുമോ? നിഘണ്ടു നോക്കാന്‍കൂടി പ്രാപ്തിനല്‍കാത്ത ഭാഷാപഠനംകൊണ്ട് എന്താണാവശ്യം?

വിജ്ഞാനകോശങ്ങളിലും അതുപോലുള്ള എല്ലാ ഗ്രന്ഥങ്ങളിലും വിവരങ്ങള്‍ അടുക്കുന്നത് അകാരാദിയില്‍ത്തന്നെയാണ്. അക്ഷരമാല പഠിച്ചുറപ്പിക്കാത്തയാള്‍ക്ക് അത്തരം വിവരങ്ങള്‍ നോക്കാന്‍ പറ്റില്ലല്ലോ. ഇത്തരം വികലാംഗത്വം സൃഷ്ടിക്കുന്ന ഭാഷാപരിശീലനംകൊണ്ട് കുട്ടികള്‍ക്ക് എന്തുപ്രയോജനമാണുള്ളത്?

ആശയത്തിന് പ്രാധാന്യം നല്‍കുന്നതിന് അക്ഷരമാല പഠിപ്പിക്കേണ്ടാ എന്നുവെക്കുന്നത് എവിടത്തെ ന്യായമാണ്?

അക്ഷരമാല പഠിച്ചിട്ടാണല്ലോ താങ്കളും ഞാനും അടങ്ങുന്ന തലമുറയും അനേകം മുന്‍ തലമുറകളും മുതിര്‍ന്നത്. അക്ഷരം പഠിച്ചതുകൊണ്ട് ആശയം തിരിയുന്നില്ല എന്നൊരവസ്ഥ എവിടെയെങ്കിലും ആര്‍ക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?

തെറ്റും ശരിയും ഉണ്ട്. വാക്ക് പറയുന്നതിനും എഴുതുന്നതിലുമാണ് ആ വ്യത്യാസം ഒരു കുട്ടിക്ക് ആദ്യമായി അനുഭവപ്പെടുന്നത്. ശരിതെറ്റുകളുടെ തിരിച്ചറിവിലൂടെയാണ് സാമൂഹികജീവിതത്തിന് ഒരു വ്യക്തി പ്രാപ്തിനേടുന്നത്. ശരിതെറ്റുകളില്ല എന്ന ബോധം ഒരു വ്യക്തിയില്‍ ഇളംപ്രായത്തില്‍ത്തന്നെ നട്ടുപിടിപ്പിക്കുന്നത് നന്നോ?

മലയാളത്തെ സ്വന്തം കുടുംബവും മതവും രാഷ്ട്രീയവുമായി തിരിച്ചറിഞ്ഞിരുന്ന കവി കുഞ്ഞുണ്ണി മാഷിന്റെ ഒരു കവിത എനിക്ക് ഓര്‍മയാവുന്നു:

അക്ഷരമേ, നിന്നെയെനി

ക്കി 'ക്ഷ' പിടിച്ചു, നിന്നില്‍

'അര'മുണ്ടെന്നതിനാല്‍.

എന്തിനെയും മൂര്‍ച്ച കൂട്ടുന്ന ആയുധമായ അരം ആണ് അക്ഷരം എന്നര്‍ഥം. 'അക്ഷരം' എന്ന പദത്തിന് ക്ഷരമില്ലാത്തത്, നാശമില്ലാത്തത് എന്ന് അര്‍ഥമാകുന്നു.

മാതൃഭാഷയുടെ അക്ഷരമാല നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കുന്ന സാഹചര്യം എത്രയുംവേഗം ഒഴിവാക്കാന്‍ ഭാഷാശാസ്ത്രം, അധ്യാപനം എന്നിവയില്‍ വിദഗ്ധരായ വ്യക്തികളുടെ ഒരു സമിതി രൂപവത്കരിച്ച് വേണ്ടതുചെയ്യണമെന്ന് ഓരോ കേരളീയന്റെയും പേരില്‍ ഞാന്‍ താങ്കളോട് അപേക്ഷിക്കുന്നു; സ്വന്തം സംസ്‌കാരത്തെപ്പറ്റിയും മാതൃഭാഷയെപ്പറ്റിയും അറിവും അഭിമാനവുമില്ലാത്തവരായി വളരുന്ന ദുരവസ്ഥയില്‍നിന്ന് കുട്ടികളെ രക്ഷിക്കണമെന്ന് ഓരോ രക്ഷാകര്‍ത്താവിന്റെയും പേരില്‍ ഞാന്‍ അപേക്ഷിക്കുന്നു.

കുട്ടികള്‍ അക്ഷരമാല പഠിക്കേണ്ടതില്ലത്രേ !

വേണ്ടേ?

പൊതുസമൂഹത്തിനുമുന്നില്‍ ഇതൊരു ചോദ്യമായി ഉയര്‍ത്തുകയാണിവിടെ

മലയാളം പരിഷ്‌കരിക്കാന്‍ വിദഗ്ധസമിതി

തിരുവനന്തപുരം: മലയാളഭാഷ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച വിദഗ്ധസമിതി തിങ്കളാഴ്ച നിലവില്‍വരും. ഏകീകൃത രചനാസമ്പ്രദായം രൂപപ്പെടുത്തുന്നതിനും ലിപി പരിഷ്‌കരണം പുനഃപരിശോധിക്കുന്നതിനും പുതിയ വാക്കുകള്‍ കണ്ടെത്തി അംഗീകരിക്കുന്നതിനുമാണ് ഭാഷാമാര്‍ഗനിര്‍ദേശക വിദഗ്ധസമിതി രൂപവത്കരിച്ചത്.ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. പി. സോമന്‍, ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, ചാക്കോ പൊരിയത്ത്, ഡോ. എന്‍.പി. ഉണ്ണി എന്നിവര്‍ സമിതിയിലുണ്ട്. മലയാള സര്‍വകലാശാല വൈസ്ചാന്‍സലറും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും കേരള സര്‍വകലാശാലയിലെ ലക്‌സിക്കണ്‍ വകുപ്പിന്റെയും പ്രതിനിധികളും സമിതിയിലുണ്ടാവും. ഔദ്യോഗികഭാഷാവകുപ്പിലെ ഭാഷാവിദഗ്ധനാണ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഔദ്യോഗികഭാഷാ ഉന്നതതലസമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം.

 

Content Highlights: An open letter to Educational Minister Kerala From a Malyalam Teacher N N Karassery