2021-ലെ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍ എന്‍ജിനിയറിങ് പ്രവേശനപരീക്ഷ തീയതികളായി. നാലു സെഷനുകളിലായാണ് പരീക്ഷ.

പരീക്ഷാ തീയതികള്‍

സെഷന്‍ 1: ഫെബ്രുവരി 23 മുതല്‍ 26 വരെ. സെഷന്‍ 2: മാര്‍ച്ച് 15-18. സെഷന്‍ 3: ഏപ്രില്‍ 27-30. സെഷന്‍ 4: മേയ് 24-28. കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകും.

ഒരു അപേക്ഷാര്‍ഥിക്ക് ഇതില്‍ എത്ര സെഷന്‍ വേണമെകിലും അഭിമുഖീകരിക്കാം. ഒന്നില്‍ക്കൂടുതല്‍ സെഷന്‍ അഭിമുഖീകരിക്കുന്നവരുടെ കാര്യത്തില്‍ മികച്ച സ്‌കോര്‍, അന്തിമ റാങ്കിങ്ങിനായി പരിഗണിക്കും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.കള്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.കള്‍), കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങള്‍ (സി.എഫ്.ടി.ഐ.) എന്നിവയിലെ വിവിധ ബിരുദതല എന്‍ജിനിയറിങ്/ ആര്‍ക്കിടെക്ചര്‍/പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ്, മുഖ്യമായും ഈ പരീക്ഷയുടെ പരിധിയില്‍ വരുന്നത്.

ചോദ്യപ്പേപ്പറുകള്‍

ചോദ്യപ്പേപ്പറുകള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും മലയാളം ഉള്‍പ്പെടെ 11 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള ചോദ്യങ്ങള്‍, കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. ഏതു ഭാഷയിലെ ചോദ്യങ്ങള്‍ വേണമെന്നത് അപേക്ഷിക്കുന്ന വേളയില്‍ രേഖപ്പെടുത്തണം.

മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ടു പേപ്പറുകള്‍ ഉണ്ടാകും. പേപ്പര്‍ 1-ല്‍, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ നിന്ന് 30 വീതം ചോദ്യങ്ങള്‍. ഓരോ വിഷയത്തില്‍ നിന്നും നിര്‍ബന്ധമായും ഉത്തരം നല്‍കേണ്ട 20 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും ഏതെങ്കിലും അഞ്ച് എണ്ണത്തിന് ഉത്തരം നല്‍കേണ്ടതിലേക്ക് 10 ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പ് ചോദ്യങ്ങളും ഉണ്ടാകും (ജെ.ഇ.ഇ. മെയിനിന് ആദ്യമായാണ് ചോയ്‌സ് നല്‍കുന്നത്).

ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്.) പ്രവേശനപരീക്ഷ (പേപ്പര്‍ 2 എ), ബാച്ചിലര്‍ ഓഫ് പ്ലാനിങ് (ബി.പ്ലാനിങ്) പ്രവേശനപരീക്ഷ (പേപ്പര്‍ 2 ബി) എന്നിവയ്ക്ക്, ഓരോന്നിനും മൂന്ന് ഭാഗങ്ങള്‍ ഉണ്ടാകും. മാത്തമാറ്റിക്‌സ് (പാര്‍ട്ട് I), ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (പാര്‍ട്ട് II) എന്നിവ രണ്ടിനും ഉണ്ടാകും. മാത്തമാറ്റിക്‌സ് ഭാഗത്ത് 20 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും (എല്ലാം നിര്‍ബന്ധം). കൂടാതെ, 10 ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പ് ചോദ്യങ്ങളും.

ഇതില്‍ അഞ്ചെണ്ണത്തിന് ഉത്തരം നല്‍കണം. പാര്‍ട്ട് ll-ല്‍, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റില്‍ 50 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. മൂന്നാം ഭാഗം 2 എ യില്‍ ഡ്രോയിങ് ടെസ്റ്റും 2 ബി യില്‍ പ്ലാനിങ് അധിഷ്ഠിത 25 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുമായിരിക്കും. പേപ്പര്‍ 2 എ യിലെ ഡ്രോയിങ് ടെസ്റ്റ് ഒഴികെയുള്ള പരീക്ഷകള്‍ കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ ആയിരിക്കും. പരീക്ഷയുടെ സിലബസ് http://jeemain.nta.nic.in ല്‍ ലഭ്യമാക്കും.

മള്‍ട്ടിപ്പിള്‍ ചോയ്‌സ്, ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പ് ചോദ്യങ്ങള്‍ക്ക് ശരിയുത്തരത്തിന് 4 മാര്‍ക്ക് കിട്ടും. മള്‍ട്ടിപ്പിള്‍ ചോയ്‌സില്‍ ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്കുവീതം നഷ്ടപ്പെടും. ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പില്‍ ഉത്തരം തെറ്റിയാലും മാര്‍ക്ക് നഷ്ടപ്പെടില്ല.

പേപ്പര്‍ 2 എ/ബി പരീക്ഷകള്‍, ഫെബ്രുവരി, മേയ് സെഷനുകളില്‍ മാത്രമാകും നടത്തുക.

എന്‍.ഐ.ടി., ഐ.ഐ.ഐ.ടി., ജി.എഫ്.ടി.ഐ. എന്നീ സ്ഥാപനങ്ങളിലെ ബി.ഇ./ബി.ടെക്. പ്രവേശനത്തിന് (ഇവിടെയുള്ള സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനും) ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ 1 റാങ്കും ആര്‍ക്കിടക്ചര്‍/പ്ലാനിങ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പേപ്പര്‍ 2 എ/2 ബി റാങ്കും പരിഗണിക്കും. കോഴിക്കോട് എന്‍.ഐ.ടി., കോട്ടയം ഐ.ഐ.ഐ.ടി. എന്നിവയാണ് ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ സ്ഥാപനങ്ങള്‍.

പേപ്പര്‍ 1 ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് യോഗ്യത

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹത നേടുന്നവരെ കണ്ടെത്തുന്ന പരീക്ഷകൂടിയാണ് പേപ്പര്‍ 1 ന്റേത്. 2020-ലെ പ്രവേശന പ്രക്രിയയില്‍ ജെ.ഇ.ഇ. മെയ്‌നിലെ ഈ പേപ്പറില്‍, വിവിധ കാറ്റഗറികളില്‍ നിന്ന് മുന്നിലെത്തിയ 2,50,000 പേര്‍ക്കാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. അഡ്വാന്‍സ്ഡിന് രജിസ്റ്റര്‍ ചെയ്ത് അഭിമുഖീകരിക്കാന്‍ അര്‍ഹത ലഭിച്ചത്.

പ്രവേശന യോഗ്യത

ജെ.ഇ.ഇ. മെയ്‌നിന് അപേക്ഷിക്കാന്‍ പ്രായപരിധി വ്യവസ്ഥയില്ല. എന്നാല്‍, പ്രവേശനം തേടുന്ന സ്ഥാപനത്തിനു ബാധകമായ പ്രായപരിധി വിദ്യാര്‍ഥി തൃപ്തിപ്പെടുത്തേണ്ടി വരാം.

പ്ലസ്ടു/തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 2019, 2020 വര്‍ഷങ്ങളില്‍ യോഗ്യതാ പരീക്ഷ ജയിച്ചവര്‍, 2021ല്‍ ഇത് അഭിമുഖീകരിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

കേന്ദ്രസംസ്ഥാന ബോര്‍ഡുകളുടെ പ്ലസ്ടുതല പരീക്ഷകള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ (അഞ്ച് വിഷയങ്ങളോടെ), ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് വൊക്കേഷണല്‍ പരീക്ഷ, മൂന്ന് വര്‍ഷ ഡിപ്ലോമ, മുതലായവയും ഇതില്‍ ഉള്‍പ്പെടുന്നു. അംഗീകൃത യോഗ്യതാപരീക്ഷകളുടെ പൂര്‍ണ പട്ടിക http://jeemain.nta.nic.in ല്‍ ഉള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്.

യോഗ്യതാ പരീക്ഷാ കോഴ്‌സില്‍ അഞ്ച് വിഷയങ്ങള്‍ പഠിച്ചിരിക്കണം. ഓരോ കോഴ്‌സിലെയും പ്രവേശനത്തിന് നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട വിഷയങ്ങള്‍: എന്‍ജിനിയറിങ്  ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ നിര്‍ബന്ധം. മൂന്നാം സയന്‍സ് വിഷയം കെമിസ്ട്രി/ബയോടെക്‌നോളജി/ബയോളജി/ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയം; ബി.ആര്‍ക്. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി; ബി.പ്ലാനിങ് മാത്തമാറ്റിക്‌സ്. പ്രവേശന സമയത്ത് യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് സംബന്ധിച്ച പ്രോസ്പക്ടസ് വ്യവസ്ഥ അപേക്ഷാര്‍ഥി തൃപ്തിപ്പെടുത്തണം.

അപേക്ഷ ജനുവരി 16 വരെ

അപേക്ഷ http://jeemain.nta.nic.in വഴി ജനുവരി 16 വരെ നല്‍കാം. അപേക്ഷാഫീസ് ഓണ്‍ലൈനായി ജനുവരി 17 വരെ അടയ്ക്കാം. എന്‍ജിനിയറിങ് പരീക്ഷയുടെ നാലു സെഷനിലേക്കും വേണമെങ്കില്‍ ഒരുമിച്ച് ഫീസടച്ച് അപേക്ഷിക്കാം. ഒരൊറ്റ കണ്‍ഫര്‍മേഷന്‍ പേജാകും ലഭിക്കുക. ഫീസടച്ച ഒരു സെഷനില്‍ നിന്ന് പിന്നീട്, നിശ്ചിത സമയ പരിധിക്കകം പിന്‍വാങ്ങാന്‍ അവസരമുണ്ട്. തുക തിരികെ ലഭിക്കും.

ഒരു സെഷനിലേക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാതിരുന്നാല്‍ ആ സെഷനിലേക്കുള്ള ഫീസ്, തുടര്‍ന്നുവരുന്ന മറ്റൊരു സെഷനിലേക്ക് വകയിരുത്താനും അനുവദിക്കും.

ആദ്യ മൂന്നു സെഷനുകളുടെ ഫലപ്രഖ്യാപനങ്ങള്‍ക്കു ശേഷം, അടുത്ത സെഷനിലേക്ക് അപേക്ഷ നല്‍കാനായി അപേക്ഷാ വിന്‍ഡോ നിശ്ചിത കാലയളവിലേക്ക് തുറക്കുന്നതാണ്. നേരത്തേ ഒരു സെഷനിലേക്ക് അപേക്ഷിക്കാന്‍ കഴിയാതെ പോയവര്‍ക്ക്, ഈ വേളയില്‍ അടുത്ത സെഷനിലേക്ക് അപേക്ഷിക്കാം.

Content Highlights: All you need to know about JEE main exam, Engineering admission, NTA