പ്രതിരോധമേഖലയിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഡിഫൻസ് ടെക്നോളജി എം.ടെക്. (റെഗുലർ) പ്രോഗ്രാമിൽ പ്രവേശനം നേടാം. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷനും (ഡി.ആർ.ഡി.ഒ.) ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനും (എ.ഐ.സി.ടി.ഇ.) സംയുക്തമായാണ് കോഴ്സ് തുടങ്ങുന്നത്.

പ്രതിരോധ സാങ്കേതികവിദ്യാമേഖലയിലെ കൂടുതൽ ഗവേഷണം, നൈപുണ്യ വികസനം എന്നിവ ലക്ഷ്യമിട്ടാണ് കോഴ്സ് നടത്തുന്നത്. വിദ്യാർഥികൾക്ക് മികച്ച കരിയർ ഉറപ്പാക്കാൻ കോഴ്സ് സഹായിക്കും. എ.ഐ. സി.ടി.ഇ. അംഗീകൃത സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഐ.ഐ.ടി.കൾ, എൻ.ഐ.ടികൾ, സ്വകാര്യ എൻജിനിയറിങ് കോളേജുകൾ എന്നീ സ്ഥാപനങ്ങൾക്ക് കോഴ്സ് ആംരഭിക്കാം. ഓൺലൈനായും ഓഫ്ലൈനായും പഠിക്കാം.

ആറു സവിശേഷ മേഖലകളിലാണ് കോഴ്സ്. കോമ്പാക്ട് ടെക്നോളജി, എയ്റോ ടെക്നോളജി, നേവൽ ടെക്നോളജി, കമ്യൂണിക്കേഷൻ സിസ്റ്റംസ് ആൻഡ് സെൻസേഴ്സ്, ഡയറക്ട് എനർജി ടെക്നോളജി ആൻഡ് ഹൈ എനർജി മെറ്റീരിയൽ ടെക്നോളജി എന്നിവയാണ് സവിശേഷമേഖലകൾ.

കോഴ്സിന്റെ ഭാഗമായി പ്രോജക്ട് തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഡി.ആർ.ഡി.ഒ. ലബോറട്ടറികൾ, സ്വകാര്യ പ്രതിരോധഗവേഷണസ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് വിദ്യാർഥികൾക്ക് പ്രവർത്തിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ പ്രതിരോധ ഗവേഷണ, നിർമാണ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് മികച്ച കരിയർ ഉറപ്പാക്കാം.

ഗവേഷകരെ ആവശ്യമുണ്ട്

പ്രതിരോധ ഗവേഷണമേഖലയിൽ മികച്ച ഗവേഷകരെ ആവശ്യമുണ്ട്. പ്രതിരോധ വ്യവസായമേഖല വിദ്യാർഥികൾക്ക് ആവശ്യമായ പിന്തുണ നൽകും

-ഡോ. ജി. സതീഷ് റെഡ്ഡി, ചെയർമാൻ, ഡി.ആർ.ഡി.ഒ.

നൈപുണിവികസനം ലക്ഷ്യം

പ്രതിരോധ സാങ്കേതികമേഖലയിൽ നൈപുണിവികസനം ലക്ഷ്യമാക്കിയാണ് കോഴ്സ് തുടങ്ങുന്നത്. സ്റ്റാർട്ടപ്പുകൾ, സംരംഭകർ എന്നിവരെ വാർത്തെടുക്കാൻ കോഴ്സ് സഹായിക്കും. ഈ മേഖലയിൽ മികച്ച ഗവേഷകരെയാണ് രാജ്യത്തിനാവശ്യം.

-പ്രൊഫ. അനിൽ ഡി. സഹസ്രബുദ്ധെ, ചെയർമാൻ, എ.ഐ.സി.ടി.ഇ.

Content Highlights: AICTE to launch M.tech in Defence Technology