നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനത്തെ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധെ മാതൃഭൂമി പ്രതിനിധി അജീഷ് പ്രഭാകരന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

? ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളാണ് ലക്ഷ്യമിടുന്നത്.

സാങ്കേതിക വിദ്യാഭ്യാസരംഗം ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ മേഖല മള്‍ട്ടിഡിസിപ്ലിനറി, ക്രോസ് ഡിസിപ്ലിനറി എന്നിവയ്ക്ക് ഊന്നല്‍ നല്‍കും. ഇപ്പോള്‍ പഠിക്കുന്ന വിഷയങ്ങള്‍ കൂടാതെ മറ്റ് മേഖലകള്‍കൂടി പഠിക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ മാറ്റം. മൂക് (മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ്) കോഴ്സുകള്‍ക്ക് 40 ശതമാനം ക്രെഡിറ്റ് നല്‍കുന്നതിലൂടെ രാജ്യത്തെ മികച്ച അധ്യാപകരുടെ ക്ലാസുകള്‍ പ്രയോജനപ്പെടുത്താം. സിദ്ധാന്തത്തിനും പരീക്ഷണത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് വിദ്യാഭ്യാസനയം നടപ്പിലാക്കുന്നത്.

? ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ എങ്ങനെ മുന്നേറണം 

ഈ കോഴ്സുകളെല്ലാം സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതിയിലുണ്ട്. എ.ഐ., ഐ.ഒ.ടി., എം.എല്‍., 3ഡി പ്രിന്റിങ്, റോബോട്ടിക്‌സ്, ക്ലൗഡ് ആന്‍ഡ് ക്വാണ്ടം കംപ്യൂട്ടിങ്, എ.ആര്‍./വി.ആര്‍., ഡേറ്റാ അനലറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി, ബ്ലോക് ചെയ്ന്‍ തുടങ്ങിയ മേഖലയിലെ അധ്യാപകര്‍ക്ക് എ.ഐ.സി.ടി.ഇ.യുടെ ട്രെയിനിങ് ആന്‍ഡ് ലേണിങ് അക്കാദമി വഴി പരിശീലനം നല്‍കുന്നുണ്ട്. ഇവര്‍ക്കെല്ലാം അവരുടെ കോളേജുകളില്‍ ഈ കോഴ്സുകള്‍ പഠിപ്പിക്കാന്‍ കഴിയും. എന്‍.ഇ.എ.ടി. പ്ലാറ്റ്ഫോമിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള പഠന സംവിധാനങ്ങള്‍ ലഭ്യമാണ്. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, എം.ഐ.ടി. എഡ്എക്സ്, ഐ.ബി.എം., നാസ്‌കോം, സിസ്‌കോ ഉള്‍പ്പെടെയുള്ളവ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ഈ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. ഈ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകള്‍ അവതരിപ്പിക്കാനും ചര്‍ച്ചകള്‍ നടത്താനും സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ തുടര്‍ച്ചയായി നടത്തുന്നു.

?കോവിഡ് കാലത്ത് എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ ക്ലാസ് ലഭിക്കുന്നില്ല. ഇതിനെ എങ്ങനെ മറികടക്കാം

പ്രാക്ടിക്കല്‍ പരീക്ഷകള്‍ പ്രധാനപ്പെട്ടതാണ്. വെര്‍ച്വല്‍ ലാബുകളിലൂടെ ഈ പ്രശ്‌നത്തെ മറികടക്കാം. സയന്‍സ്, എന്‍ജിനിയറിങ് വിഷയങ്ങള്‍ക്ക് വെര്‍ച്വല്‍ ലാബുകള്‍ എത്രയോ മുന്‍പുതന്നെ വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലാബ് അധിഷ്ഠിത പഠനത്തിന് വെര്‍ച്വല്‍ ലാബുകള്‍ ഉപയോഗിക്കണം. ലാബുകളില്‍ പോയി ചെയ്യുന്ന പരീക്ഷണങ്ങളാണ് വെര്‍ച്വല്‍ ലാബിലും ഉള്ളത്.

? ചില കമ്പനികള്‍ 2020 മാര്‍ച്ചിന് ശേഷമുള്ള വിദ്യാര്‍ഥികളെ കോവിഡ് ബാച്ച് എന്ന രീതിയില്‍ കാണുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. ഓണ്‍ലൈന്‍ പഠനത്തിലൂടെ ശരിയായ രീതിയില്‍ അറിവ് നേടുന്നില്ലെന്ന് കമ്പനികള്‍ കരുതുന്നു. ഇതിനെ മറികടക്കുന്നതെങ്ങനെ.

പഠനം ഉള്‍പ്പെടെയുള്ള അക്കാദമിക് കാര്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനായാണ് നടക്കുന്നത്. ഇതിലെ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എന്‍.ഇ.എ.ടി. വഴി മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട്. വ്യവസായ മേഖലയ്ക്ക് അനുയോജ്യമായി വളരാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ഓണ്‍ലൈനായി നല്‍കുന്നു. ഐ.ടി. കമ്പനികള്‍ ഉള്‍പ്പെടെയുള്ള വ്യവസായ മേഖല വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുകയാണ്. കോവിഡിനുശേഷവും ഇത് തുടരുമെന്നാണ് വിവരം. ഓണ്‍ലൈന്‍ പഠനത്തിലൂടെ വ്യവസായമേഖലയ്ക്ക് അനുയോജ്യമായ രീതിയില്‍ വളരാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയും.

? മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങള്‍ പഠിക്കാതെ എന്‍ജിനിയറിങ് പ്രവേശനം നേടാം എന്ന തീരുമാനം എന്തിന്റെ അടിസ്ഥാനത്തിലാണ്

മാത്തമാറ്റിക്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ എന്‍ജിനിയറിങ് പഠനത്തില്‍ പ്രധാനപ്പെട്ടതാണ്. ഇതില്‍ ഏതെങ്കിലും ഒരുവിഷയം ഒഴിവാക്കി എന്‍ജിനിയറിങ് പഠിക്കാമെന്ന് ആരും പറഞ്ഞിട്ടില്ല. എ.ഐ.സി.ടി.യുടെ മാതൃകാ പാഠ്യപദ്ധതിയില്‍ നാല് മാത് കോഴ്സുകളും (മൂന്ന് നിര്‍ബന്ധമായും ഒരു ഇലക്ടീവും) രണ്ട് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍നിന്ന് ഓരോന്നുവീതവുമുണ്ട്. അതിനാല്‍ മാത്സ്, ഫിസിക്‌സ് ഒഴിവാക്കി എങ്ങനെയാണ് പഠിക്കാന്‍ കഴിയുക. കെമിസ്ട്രിയും ബയോളജിയും പ്രധാനപ്പെട്ട വിഷയങ്ങളാണെന്ന് ഞങ്ങള്‍ ഇപ്പോഴും പറയുന്നു. സി.ബി.എസ്.ഇ., സംസ്ഥാന ബോര്‍ഡ്, ഓപ്പണ്‍ സ്‌കൂളിങ് എന്നിവയിലെ പ്ലസ്വണ്‍, പ്ലസ്ടു പരീക്ഷകളില്‍ ഒട്ടേറെ വിഷയങ്ങളുണ്ട്. ഒരു വിദ്യാര്‍ഥി ഇതില്‍ ഒന്നോ രണ്ടോ വിഷയങ്ങള്‍ പഠിച്ചില്ലെന്ന കാരണത്താല്‍ എന്‍ജിനിയറിങ് പഠനത്തില്‍ നിന്ന് ഒഴിവാക്കരുത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിദഗ്ധസമിതി പരിശോധിച്ച് നടപ്പിലാക്കും.

Content Highlights: AICTE chairman Anil Sahasrabudhe's Interview, online learning