ഓറഞ്ച് വില്‍പനയിലൂടെ ലഭിക്കുന്ന പണം കൊണ്ട് പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാന്‍ സ്‌കൂള്‍ സ്ഥാപിച്ച ഹരകേള ഹജബ്ബയ്ക്ക് വിദ്യാഭ്യാസമേഖലയിലെ തന്റെ സംഭാവനകൾക്ക്  2020ലെ പദ്മശ്രീ പുരസ്‌കാരം ലഭിച്ചിരുന്നു. തിങ്കളാഴ്ച്ചയാണ് രാഷ്ട്രപതിയിൽ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. 2015 ല്‍ മാതൃഭൂമി വാരാന്തപതിപ്പില്‍ ഇദ്ദേഹത്തെ കുറിച്ച് വിമല്‍ കോട്ടക്കല്‍ തയ്യാറാക്കിയ കവർസ്റ്റോറി വായിക്കാം.

harakela hajabbaമംഗളൂരു നഗരത്തിന്റെ തിരക്കേറിയ വഴികളിലും കവലകളിലും വള്ളിക്കുട്ടയില്‍ ഓറഞ്ച് വിറ്റുനടക്കുന്ന ഒരാള്‍ എങ്ങനെയാണ് കര്‍ണാടകത്തില്‍ സര്‍വകലാശാലകളിലെ ബിരുദവിദ്യാര്‍ഥികള്‍ക്ക് പഠനവിഷയമാകുന്നത്? കുഗ്രാമത്തിലെ ദരിദ്രകുടുംബാംഗമായ അയാളെങ്ങനെയാണ് സി.എന്‍.എന്‍.ഐ.ബി.എന്നിന്റെ 'ദ റിയല്‍ ഹീറോ' അവാര്‍ഡ് ജേതാവാകുന്നത്? ആമിര്‍ഖാന്‍ അവതാരകനായ പ്രസ്തുതപരിപാടിയില്‍ നമ്മുടെ മോഹന്‍ലാല്‍ എങ്ങനെയാണ് അയാളുടെ ജീവിതകഥയ്ക്ക് ആമുഖം പറയാനെത്തിയത്? ഹരേക്കളയെന്ന സ്ഥലത്തെ സ്‌കൂളിലെ നൂറുകണക്കിന് കുട്ടികള്‍ക്ക് നിരക്ഷരനായ ഇയാള്‍എങ്ങനെയാണ് ദൈവതുല്യനായത് ? ഇതൊക്കെ അറിയണമെങ്കില്‍ ഹരേക്കള ഹജ്ജബ്ബയുടെ ജീവിതകഥ അറിയണം.

മംഗളൂരുവില്‍നിന്ന് മുപ്പതുകിലോമീറ്റര്‍ ദൂരെയാണ് ന്യൂപദപ്പ് എന്ന ഗ്രാമം. അപ്പുറം മംഗളൂരു നഗരം സമ്പന്നതയില്‍ തിളച്ചുമറിയുന്നു; പക്ഷേ ന്യൂപദപ്പില്‍ ഇപ്പോഴും ഒരു നല്ല റോഡോ ആവശ്യത്തിന് വാഹനങ്ങളോ ഇല്ല. എന്തിന്, ഒരു നല്ല വീടുപോലുമില്ല! എന്നാല്‍, പൊട്ടിപ്പിളര്‍ന്ന വഴികളിലൂടെ കുറച്ചുദൂരം നടന്നാല്‍ ഒരു മുസ്ലിം പള്ളിക്കടുത്ത് കന്നഡയില്‍ ഒരു ബോര്‍ഡ് കാണാം: 'ദക്ഷിണ കന്നഡ ജില്ലാപഞ്ചായത്ത് ഹയര്‍്രൈപമറി സ്‌കൂള്‍ ന്യൂപദപ്പ് '. ഒന്നര ഏക്കറോളം സ്ഥലത്ത് ഭേദപ്പെട്ട രണ്ടുകെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന്റെ സ്ഥാപകര്‍ ജില്ലാപഞ്ചായത്തോ നാട്ടിലെ ഏതെങ്കിലും സമ്പന്നനോ അല്ല. നാം നേരത്തേ പറഞ്ഞ ആ ഓറഞ്ചുകച്ചവടക്കാരനാണ് ഹരേക്കള ഹജ്ജബ്ബ. ഓറഞ്ച് വിറ്റുകിട്ടുന്ന സമ്പാദ്യത്തില്‍നിന്ന് , ഉറുമ്പ് ആഹാരം ശേഖരിക്കുന്നതുപോലെ കൂട്ടിവെച്ച്, കുചേല സദൃശനായ ഈ മനുഷ്യന്‍ സ്ഥാപിച്ച സ്‌കൂള്‍. ഇപ്പോഴും

വികസനത്തിന്റെയും വിദ്യയുടെയും വെട്ടംവീഴാത്ത ഈ കുഗ്രാമത്തില്‍ ഒരു ഓറഞ്ച് കച്ചവടക്കാരന്‍ കൊളുത്തിവെച്ച നിലവിളക്ക്. ആറാംക്ലാസ് വരെയുള്ള ഈ സ്‌കൂളില്‍ ഇന്ന് നാന്നൂറിലധികം കുട്ടികള്‍ പഠിക്കുന്നു. കഥപറയുംപോലെ എളുപ്പമായിരുന്നില്ല ഈ സ്‌കൂളിന്റെ ജനനം. ഇതിലെ ഓരോതരി മണ്ണിലും കല്ലിലും ഈ പാവം തെരുവുകച്ചവടക്കാരന്റെ കണ്ണീരും വിയര്‍പ്പുമുണ്ട്. അതൊരു ത്യാഗത്തിന്റെ കഥയാണ്, ഓറഞ്ചിന്റെ മധുരം ഒട്ടുമില്ലാത്ത കഥ.

harakela hajabba

മംഗളൂരുവിലെ തിരക്കുപിടിച്ച നഗരവീഥിയില്‍ നിങ്ങള്‍ ഈ മനുഷ്യനെ കണ്ടുമുട്ടിയേക്കാം.
വെള്ളമുണ്ടും മുഷിഞ്ഞ വെള്ളഷര്‍ട്ടുമിട്ട്, വള്ളിക്കുട്ടയില്‍ നിറയെ ഓറഞ്ചുമായി വിയര്‍ത്തൊലിച്ച്,
വിളിച്ചുചൊല്ലിപ്പോകുന്ന ഒരാള്‍. അത് ഹരേക്കള ഹജ്ജബ്ബയാണ്. ഭാര്യയും നാലുകുട്ടികളുമടങ്ങുന്ന ഒരു വലിയകുടുംബത്തിന്റെ ഏക അന്നദാതാവ്. ഓറഞ്ച് വിറ്റുകിട്ടുന്ന സമ്പാദ്യം കൊണ്ടുവേണം കുട്ടികളുടെ പഠിപ്പും മറ്റ് കുടുംബച്ചെലവും കഴിഞ്ഞുപോകാന്‍. മടിക്കേരിയിലെ മഴയും മഞ്ഞും വെയിലുമാണ്
ഹജ്ജബ്ബയുടെ ജീവിതം നിശ്ചയിക്കുന്നത്. കാലാവസ്ഥ ചതിച്ചാല്‍ മടിക്കേരിയിലെ ഓറഞ്ചുവിളവ് കുറയും. വിളവുകുറഞ്ഞാല്‍ ഹജ്ജബ്ബയുടെ വരവും കുറയും.

ഹരേക്കളയിലെ ബ്യാരി മുസ്ലിംസമുദായാംഗമായ ഹജ്ജബ്ബയുടെ പ്രധാന സംസാരഭാഷയും ബ്യാരിതന്നെ. മലയാളവുമായി അടുത്തബന്ധമുണ്ട് ബ്യാരിക്ക്. മലയാളപദങ്ങളുടെ ഉച്ചാരണങ്ങളുടെ ചെവിക്കുപിടിച്ച് അല്പം വലിച്ചുനീട്ടുകയോ തിരിക്കുകയോ ചെയ്താല്‍ ബ്യാരി ഉച്ചാരണമായി. നന്നായി ശ്രദ്ധിച്ചാല്‍ ഹജ്ജബ്ബ പറയുന്ന എണ്‍പത് ശതമാനം ബ്യാരിയും നമുക്ക് മനസ്സിലാവും.

1970 കാലഘട്ടം മുതല്‍ ഓറഞ്ചുകച്ചവടമാണ് ഇദ്ദേഹത്തിന് തൊഴില്‍. മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റില്‍നിന്ന് ഓറഞ്ചുവാങ്ങി നടന്ന് കച്ചവടം ചെയ്യും. സപ്തഭാഷാ സംഗമഭൂമിയായ ദക്ഷിണകന്നഡത്തില്‍
ഏതുകച്ചവടത്തിനും കന്നഡയോ തുളുവോ ബ്യാരിയോ മതി. എഴുത്തും വായനയും അറിയില്ലെങ്കിലും ഹജ്ജബ്ബ ഈ മൂന്നുഭാഷകളും നന്നായി പറയും. പഠിപ്പിനും ജോലിക്കുമായി അമ്പതില്‍പ്പരം രാജ്യങ്ങളിലെ വിദേശികള്‍ തമ്പടിക്കുന്ന സ്ഥലംകൂടിയാണിത്. അവര്‍ക്കിടയില്‍ കച്ചവടം നടത്താന്‍ അല്പം 'എബിസിഡി'കൂടി അറിയണ്ടേ? ഈ പ്രശ്‌നം ഹജ്ജബ്ബയുടെ മനസ്സില്‍ ഒരു കരടായി കുറേക്കാലം കിടന്നു. കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഹജ്ജബ്ബയ്ക്ക് ഒരു കാര്യംകൂടി ബോധ്യമായി: ഇത് തന്റെമാത്രം പ്രശ്‌നമല്ല, തന്റെ കുട്ടികളുടെയും ഗ്രാമത്തിലെ ബഹുഭൂരിപക്ഷം കുട്ടികളുടെയും പ്രശ്‌നമാണ്‍ ഒരു ഗ്രാമത്തിലെ വരുംതലമുറ മുഴുവന്‍ നിരക്ഷരതയുടെ ചെളിക്കുണ്ടില്‍വീണ് പുതയാന്‍പോകുന്നു! പലരാത്രികളിലും ഇതാലോചിച്ച് ഹജ്ജബ്ബ ഞെട്ടിയുണര്‍ന്നു.

ഒരു ദിവസം രാവിലെ അദ്ദേഹം ഉറക്കമുണര്‍ന്നത് ഒരു ദൃഢനിശ്ചയവുമായാണ്; എന്തുവന്നാലും വേണ്ടില്ല, തന്റെ അവസ്ഥ ഇനി അടുത്ത തലമുറയ്ക്കുണ്ടാവരുത്. നാട്ടില്‍ ഒരു സ്‌കൂള്‍ തുടങ്ങണം. പിന്നെ ഹജ്ജബ്ബയുടെ ജീവിതം വഴിമാറിയൊഴുകുകയായിരുന്നു. തന്റെ ചെലവുകള്‍ ചുരുക്കി, ഓറഞ്ചുകുട്ടയുടെ വലിപ്പവും കച്ചവടത്തിന്റെ സമയവും കൂട്ടി. ഓരോദിവസവും കിട്ടുന്ന മുഷിഞ്ഞ നോട്ടുകളില്‍നിന്ന് കുറേശ്ശെയായി മിച്ചംപിടിക്കാന്‍ തുടങ്ങി. അങ്ങനെ ആ ദിവസമെത്തി. 1999 ജൂണ്‍ ആറ് ഹജ്ജബ്ബയുടെ ജീവിതത്തിലെ മറ്റൊരു പെരുന്നാളായിരുന്നു. താന്‍ രക്ഷാധികാരിയായ ഹരേക്കളയിലുള്ള ത്വാഹാ മസ്ജിദിന്റെ കെട്ടിടത്തിലെ ഒരു കൊച്ചുമുറിയില്‍ ഹജ്ജബ്ബ തന്റെ സ്‌കൂള്‍ തുടങ്ങി.

ഗ്രാമത്തിലെആദ്യ സ്‌കൂള്‍! പക്ഷേ, പ്രശ്‌നം അവിടംകൊണ്ട് തീര്‍ന്നില്ല. സ്‌കൂളില്‍ പഠിക്കാന്‍ കുട്ടികള്‍ വേണ്ടേ? കളിച്ചുകുത്തിമറിഞ്ഞുനടക്കുന്ന ഒരെണ്ണത്തിനും സ്‌കൂളില്‍ വരാന്‍ താത്പര്യമില്ല. ഹജ്ജബ്ബ ക്ഷമയോടെ രക്ഷിതാക്കളെ ഓരോരുത്തരെയായി കണ്ടു. പക്ഷേ അവര്‍ക്ക് കുട്ടികളുടെ അത്രപോലും ഇക്കാര്യത്തില്‍ താത്പര്യമില്ലായിരുന്നു. മക്കള്‍ അല്പം മുതിര്‍ന്നാല്‍ എന്തെങ്കിലും പണിക്കുവിടുന്നതാണ് അവരുടെ രീതി. എങ്കിലും കുറേക്കാലം അവര്‍ക്കു പിറകേ നടന്ന് 28 കുട്ടികളെ ഹജ്ജബ്ബ വലവീശിപ്പിടിച്ചു. അവരെ പഠിപ്പിക്കാന്‍ സ്വന്തം പോക്കറ്റില്‍നിന്ന് ശമ്പളം കൊടുത്ത് ഒരു അധ്യാപികയെയും നിയമിച്ചു. അങ്ങനെ പഠനം തുടങ്ങി. അടുത്ത കടമ്പ സ്‌കൂളിന്റെ അംഗീകാരമായിരുന്നു. ഇതിനും ഹജ്ജബ്ബതന്നെ ഒറ്റയാള്‍ പട്ടാളമായി ഇറങ്ങി. വിദ്യാഭ്യാസഓഫീസിലും മറ്റ് സര്‍ക്കാര്‍ഓഫീസുകളിലും കയറിയിറങ്ങിയപ്പോഴാണ് ഈ ഭൂതത്താന്‍കോട്ടയുടെ ഭയാനകത അദ്ദേഹത്തിന് ബോധ്യപ്പെട്ടത്. ഒരു കടലാസിനായി പലദിവസം അലയണം. ഓറഞ്ചുകച്ചവടം പലപ്പോഴും മുടങ്ങി; വീട്ടിലെ പാചകംപോലും. ഗതികെട്ട് ഭാര്യയും മക്കളും ബീഡിപ്പണിക്ക് പോകാന്‍തുടങ്ങി.

ഹജ്ജബ്ബയുടെ ദൃഢനിശ്ചയം എന്നിട്ടും തോറ്റില്ല. ആ സ്‌കൂളിന് അംഗീകാരം ലഭിച്ചു. എന്നാല്‍, അത് നിലനില്‍ക്കണമെങ്കില്‍ സ്‌കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും വേണം. പിന്നെ അതിനുവേണ്ടിയായി
ഓട്ടം. ഓറഞ്ചുവില്പനക്കാരന്‍ ഹജ്ജബ്ബയ്ക്ക് പിരാന്തായോ എന്ന് നാട്ടുകാരില്‍ പലരും രഹസ്യമായും പിന്നെപ്പിന്നെ പരസ്യമായും ചോദിക്കാന്‍ തുടങ്ങി. പല പണക്കാരുടെയും വാതിലുകളില്‍ ഹജ്ജബ്ബ മുട്ടി.കുറേ കടം വാങ്ങി. പണമിട്ടുവെക്കുന്ന ഹജ്ജബ്ബയുടെ തകരപ്പെട്ടി വീണ്ടും നിറയാന്‍ തുടങ്ങി. അങ്ങനെ 2001 ഓടെ 50,000 രൂപ കൊടുത്ത് 40 സെന്റ് സ്ഥലം സ്‌കൂളിനായി അദ്ദേഹം വാങ്ങി.അതോടെ ഇത് കളിയോ പിരാന്തോ അല്ല കാര്യമാണെന്ന് നാട്ടുകാര്‍ക്കും ലോകത്തിനും ബോധ്യമായി.

മെലിഞ്ഞുണങ്ങിയ ഈ 54കാരന്റെ മനസ്സ് ഒരു ഫീനിക്‌സ് പക്ഷിയുടേതാണെന്ന് വിദ്യാസമ്പന്നര്‍ പറഞ്ഞു. ഹജ്ജബ്ബയെ കാണുന്ന കണ്ണുകളില്‍ ആരാധനയുടെയും ആദരവിന്റെയും മിന്നലാട്ടം നിറഞ്ഞു.വൈകാതെ ഹജ്ജബ്ബയുടെ ഉദ്യമത്തിന് സഹായവുമായി പലരും എത്തിത്തുടങ്ങി. 'കന്നഡപ്രഭ' എന്ന പത്രമാണ് ഇതിന്തുടക്കംകുറിച്ചത്. അവരുടെ ഒരു ലക്ഷംരൂപയുടെ 'മാന്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം ആ വര്‍ഷം ഹജ്ജബ്ബയ്ക്ക് ലഭിച്ചു. ഇതിനിടയിലാണ് സി.എന്‍.എന്‍. ഐ.ബി.എന്‍. ചാനലിന്റെ 'ദ റിയല്‍ ഹീറോ' പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെക്കുറിച്ചറിയുന്നത്. 2007 ലെ'ദ റിയല്‍ ഹീറോ' പുരസ്‌കാരം നല്‍കാന്‍ അവര്‍ക്ക് മറ്റൊരാളെ അന്വേഷിക്കേണ്ടിവന്നില്ല.

ബോളിവുഡിന്റെ സുന്ദരനായകന്‍ ആമിര്‍ഖാന്‍ അവതാരകനായ ഈ പരിപാടിയില്‍ നമ്മുടെ മോഹന്‍ലാല്‍ ഇംഗ്ലീഷില്‍ ഹജ്ജബ്ബയുടെ ജീവിതകഥ പറഞ്ഞു. ഒരിക്കല്‍പോലും നേരിട്ടുകാണുകയോ സിനിമയിലെങ്കിലും കാണുകയോ ചെയ്തിട്ടില്ലെങ്കിലും മോഹന്‍ലാല്‍ ഇന്ന് ഹജ്ജബ്ബയുടെ പ്രിയതാരമാണ്.

ദ റിയല്‍ ഹീറോ അവാര്‍ഡിന്റെ തുക അഞ്ചുലക്ഷം രൂപയായിരുന്നു. ഈ തുകയും ഹജ്ജബ്ബ തന്റെ സ്‌കൂള്‍ ഫണ്ടിലേക്ക് നല്‍കി. അതേസമയം, ആ മഴക്കാലത്തും അദ്ദേഹത്തിന്റെ കൊച്ചുവീട് ചോര്‍ന്നൊലിക്കുകയായിരുന്നു. അവാര്‍ഡ് കഥയറിഞ്ഞ് അന്നത്തെ കര്‍ണാടക ഗവര്‍ണര്‍ രാമേശ്വര്‍ ഠാക്കൂര്‍ ഹജ്ജബ്ബയെ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു. 2011ലെ കര്‍ണാടക സര്‍ക്കാറിന്റെ 'രാജ്യോത്സവ്' അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. ഇന്ന് കര്‍ണാടകത്തിലെ പ്രധാനപ്പെട്ട മംഗളൂരു, കുവെമ്പു, ദാവന്‍ഗെരെ സര്‍വകലാശാലകളില്‍ ബിരുദവിദ്യാര്‍ഥികള്‍ക്ക് ഹജ്ജബ്ബയുടെ ജീവിതകഥ പഠിക്കാനുണ്ട്. 'നൂഡിവാണി' (മധുരാക്ഷരങ്ങള്‍) എന്നാണ് ഈ പാഠത്തിന്റെ പേര്. ആത്മവിശ്വാസവും കഠിനപ്രയത്‌നവും കൈമുതലായാല്‍ ഈ ലോകത്ത് ആര്‍ക്കും എന്തുംനേടാമെന്ന തിരിച്ചറിവിന്റെ വലിയ പാഠമായി ഇന്ന് ഹജ്ജബ്ബ വിദ്യാര്‍ഥികള്‍ക്കുമുമ്പില്‍ ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്നു. വിദ്യാഭ്യാസരംഗം ഏറ്റവും മികച്ച
ബിസിനസ്സായ ഇക്കാലത്ത് ഹജ്ജബ്ബ കച്ചവടക്കൂരിരുട്ടില്‍ ഒരു നക്ഷത്രമാവുന്നു.

ഇന്ന് ഹജ്ജബ്ബയുടെ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത് ഒന്നരയേക്കര്‍ സ്ഥലത്താണ്. രണ്ട് കെട്ടിടങ്ങളിലായി പത്ത് ക്ലാസുമുറികള്‍. സര്‍ക്കാര്‍ ഫണ്ടും കിട്ടിത്തുടങ്ങിയിരിക്കുന്നു. മികച്ച സൗകര്യങ്ങളായതോടെ ഇവിടത്തെ കുട്ടികള്‍ നല്ല വിജയശതമാനം നേടാന്‍ തുടങ്ങിയിട്ടുണ്ട്.

ഓരോ ക്ലാസുമുറിക്ക് മുന്നിലും ഓരോ മഹാന്മാരുടെ വലിയ ഛായാചിത്രം കാണാം. അവരുടെതന്നെ പേരാണ് ക്ലാസ്മുറികള്‍ക്ക്. ഡോ. രാധാകൃഷ്ണന്‍, കല്പന ചൗള, വിവേകാനന്ദന്‍...അങ്ങനെ പോകുന്നു ക്ലാസ്സുകളുടെ പേരുകള്‍. ഇതെല്ലാം നിരക്ഷരനായ ഒരു ഓറഞ്ചുകച്ചവടക്കാരന്റെ തലയില്‍നിന്നുവന്ന ആശയമാണെന്നറിയുമ്പോള്‍ ഈ മനുഷ്യന് മുന്നില്‍ തലകുനിക്കുകയല്ലാതെ മറ്റെന്ത്? വിദ്യാഭ്യാസമെന്നത് ഓറഞ്ചുപോലെ വിറ്റഴിക്കാന്‍പറ്റുന്ന ഒരിനമാണെന്ന് തെറ്റിദ്ധരിച്ച നമ്മള്‍ മലയാളികള്‍ക്കുമുന്നില്‍ വെറും ഓറഞ്ചുകച്ചവടക്കാരനായ ഹജ്ജബ്ബ തലയുയര്‍ത്തിനില്‍ക്കുന്നത് കാണുന്നില്ലേ?

അയാള്‍ ഓറഞ്ചുകുട്ടയുമായി അലയുന്ന ഇടത്തെ നമ്മള്‍ വിളിക്കുന്ന കളിപ്പേരാണ് തെരുവ് എന്നത്. ഹജ്ജബ്ബയുടെ ആത്മഭാഷയില്‍ അതിന്റെ പേര് കര്‍മക്ഷേത്രം എന്നാകുന്നു. ഹജ്ജബ്ബയുടെ അടുത്ത ലക്ഷ്യം തന്റെ സ്‌കൂളില്‍ പ്ലസ്ടു തുടങ്ങുക എന്നതാണ്.ആഗ്രഹിക്കുന്നത് ഹജ്ജബ്ബയാകുമ്പോള്‍ തടസ്സങ്ങള്‍ക്ക് വഴിമാറിയല്ലേ പറ്റൂ?

Content Highlights: About Orange seller Padmashri Hajjabba