കോവിഡ് കാലത്ത് കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസ്സിന് മുന്നില്‍ പിടിച്ചിരുത്തുകയായിരുന്നു അധ്യാപകരുടേയും മാതാപിതാക്കളുടേയും പ്രധാന വെല്ലുവിളി. ഈ വെല്ലുവിളികളെ ധൈര്യത്തോടെ നേരിട്ട പല അധ്യാപകരും വൈറലായ കാഴ്ച നമ്മളെല്ലാം കണ്ടതാണ്. അങ്ങനെയൊരു അധ്യാപികയുടെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും ശ്രദ്ധനേടുന്നത്. 

തങ്കുപ്പൂച്ചയും മിട്ടുപ്പൂച്ചയുമൊന്നുമല്ല ഇത്തവണ വിഷയം. സംഖ്യകളാണ്. ഈ സംഖ്യകളെ കൈപ്പിടിയിലൊതുക്കാന്‍ കൃഷ്ണലീലയുടെ കൂട്ടുപിടിച്ചിരിക്കുകയാണ് അധ്യാപിക. കന്നട ഭാഷയില്‍ എണ്ണല്‍ സംഖ്യകള്‍ പഠിപ്പിക്കുന്ന അധ്യാപികയെ വീഡിയോയില്‍ കാണാം. വെറുതെയങ്ങ് സംഖ്യകള്‍ പഠിപ്പിക്കുകയല്ല മറിച്ച്, കൃഷ്ണലീല അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ വരികള്‍ക്കൊപ്പം ഭാവാഭിനയം നടത്തിയാണ് അധ്യാപനം. ദേവകിയുടേയും വാസുദേവരുടെയും വിവാഹം തുടങ്ങി, കാളിയമര്‍ദ്ദനവും കംസവധവും വരെയുള്ള കൃഷ്ണലീലകളുടെ അവതരണത്തിലൂടെയുള്ള സംഖ്യ പഠിപ്പിക്കാല്‍ കന്നടഭാഷയറിയാത്തവര്‍ക്കുപോലും എളുപ്പത്തില്‍ മനസ്സിലാകും. 

4.32 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കുട്ടികള്‍ക്ക് ഒട്ടും ബോറടിക്കാത്ത രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. സാധാരണ എണ്ണല്‍ സംഖ്യകള്‍ക്കൊപ്പം കന്നട ഭാഷയിലെ അക്കങ്ങളും വീഡിയോയില്‍ കാണാം. വീഡിയോയുടെ അവസാനം സ്‌ക്രീനിന്റെ അങ്ങിങ്ങായി തെളിഞ്ഞുവരുന്ന അക്കങ്ങള്‍ കുട്ടികളുടെ ശ്രദ്ധ നിലനിര്‍ത്താന്‍ പോന്നവയാണ്. നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlights: A teacher teaching numbers in kannada language, Krishnaleela in Online class