പെരുമണ്ണ/കോഴിക്കോട്: ചുമർ നിറയെ മലയാളം - ഇംഗ്ലീഷ് അക്ഷരമാലകൾ, മുഖം നോക്കുന്ന കണ്ണാടി നിറയെ മനുഷ്യന്റെ ശരീര ഘടനകൾ, ടി.വി. സ്റ്റാൻഡ് മുഴുവനായും പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങൾ, വാഷ് ബേസിനോട് ചേർന്ന് ചതുരവും വൃത്തവും ത്രികോണവും കൊണ്ടുണ്ടാക്കിയ ഗണിതോപകരണങ്ങൾ, ചായമേശയിൽ പലതരം വർണങ്ങളിലുള്ള പുഷ്പങ്ങൾ... പെരുമണ്ണ അറത്തിൽ പറമ്പ് എ.എം.എൽ.പി. സ്കൂളിലെ അധ്യാപികയായ അർജുന ടീച്ചറുടെ പുവ്വാട്ടുപറമ്പ് മായങ്ങോട്ടുചാലിലെ വീടിന്റെ സ്വീകരണമുറി ഇപ്പോൾ ഇങ്ങനെയാണ്. ടീച്ചറുടെ വീട്ടിലെത്തിയാൽ സ്കൂളിലെ ക്ലാസ്മുറിയിലാണോ എത്തിയതെന്ന് ആരും സംശയിച്ചുപോകും.

സ്വീകരണമുറി ഒന്നാന്തരമൊരു ക്ലാസ് മുറിയാക്കി മാറ്റിയിരിക്കുകയാണ് അർജുന ടീച്ചർ. പാഠഭാഗങ്ങളുടെ നേർക്കാഴ്ചയൊരുക്കിയ വീടിന്റെ സ്വീകരണമുറിയിൽ നിന്നെടുക്കുന്ന ക്ലാസുകൾ മൊബൈൽ ഫോണിൽ പകർത്തി കുട്ടികൾക്കായി രക്ഷിതാക്കളുടെ വാട്സാപ്പിൽ അയച്ച് കൊടുക്കുകയാണ് അർജുന ടീച്ചറിവിടെ.

എൽ.കെ.ജി. കുട്ടികൾക്ക് ഓൺലൈൻ പഠനം മടുപ്പുണ്ടാക്കാതെ എങ്ങനെ രസകരമാക്കാം എന്ന ചിന്തയാണ് വീട്ടിൽ ക്ലാസ് മുറിയൊരുക്കാൻ ടീച്ചറെ പ്രേരിപ്പിച്ചത്. ''ക്ലാസ് മുറി എന്താണെന്ന് പോലും അറിയാതെയാണ് ഈ കോവിഡ് കാലത്ത് എൽ.കെ.ജി. കുട്ടികൾ പഠനം തുടങ്ങുന്നത്. അതുകൊണ്ട് തന്നെ ഓൺലൈൻ ക്ലാസിലേക്ക് ഇവരെ കൊണ്ടുവരാൻ തുടക്കത്തിൽ ഏറെ പ്രയാസമായിരുന്നു. എന്നാൽ ക്ലാസിനൊപ്പം ചിത്രങ്ങളും വർണങ്ങളുമെല്ലാം വീഡിയോയിലൂടെ കാണിക്കാൻ തുടങ്ങിയതോടെ കുട്ടികൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി''-അർജുന ടീച്ചർ പറയുന്നു.

നേരത്തേ മറ്റൊരു സ്കൂളിൽ ജോലിചെയ്തിരുന്ന ടീച്ചർ പ്രസവശേഷം കുഞ്ഞിനെ പരിചരിച്ച് വീട്ടിലിരിക്കുമ്പോഴാണ് അറത്തിൽപറമ്പ് എ.എം.എൽ.പി. സ്കൂളിൽനിന്ന് ഓൺലൈൻ ക്ലാസെടുക്കാൻ ക്ഷണിക്കുന്നത്. ഡ്രൈവറായ പി. വിപിനാണ് ഭർത്താവ്, പത്തുമാസം പ്രായമായ ധൻവിൻ കൃഷ്ണ മകനാണ്.

Content Highlights: A teacher sets her living room into a classroom, Online class