ഭാരതത്തിലെ  ഉന്നത വിദ്യാഭ്യാസരംഗം അതിന്റെ വലിപ്പത്തിലും സങ്കീര്‍ണതയിലും ആഗോളതലത്തില്‍ മൂന്നാമതായാണ് കരുതപ്പെടുന്നത്. ഏകദേശം 39000 കോളേജുകളും 900-ത്തിലധികം സര്‍വകലാശാലകളും ഉള്‍കൊള്ളുന്ന ഈ മേഖലയില്‍ 34 ദശലക്ഷം വിദ്യാര്‍ഥികളും 13 ലക്ഷം അധ്യാപകരും പങ്കാളികളാണ്. ഇന്ത്യയിലെ കോളേജുകള്‍ക്കായി ഇന്ന്   പ്രധാനമായും രണ്ടുതരം വിലയിരുത്തലുകളാണ് നിലവിലുള്ളത്. യു.ജി.സി.യുടെ കീഴില്‍ സ്വയംഭരണ സ്ഥാപനമായി 1994-ല്‍ നിലവില്‍ വന്ന നാക് (NAAC - National Assessment And Accreditation Council) നടത്തുന്നതാണ് ഒരു വിലയിരുത്തല്‍. 2015-ല്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നേരിട്ട് ആരംഭിച്ച NIRF (National Institutional Ranking Framework) ആണ് അടുത്തത്. ഇതില്‍ ആദ്യത്തേത് റാങ്ക് ഇല്ലാതെയുള്ള ഗ്രേഡിങ്ങും രണ്ടാമത്തേത് ഗ്രേഡ് ഇല്ലാതെയുള്ള റാങ്കിങ്ങും ആണ്. നാക് ഗ്രേഡിംഗ് അഞ്ചു വര്‍ഷം കൂടുമ്പോള്‍ ആണ് നടക്കുന്നതെങ്കില്‍ NIRF ആകട്ടെ പ്രതിവര്‍ഷം ആണ് വിഭാവനം ചെയ്തിരിക്കുന്നത്. വിലയിരുത്തപ്പെടുന്ന സ്ഥാപനം നല്‍കുന്ന വിവരങ്ങള്‍ ആണ് ഇവ  രണ്ടിനും അടിസ്ഥാന സ്രോതസ്. എന്നാല്‍ നാക്, 2017 മുതല്‍, 70 ശതമാനം സ്ഥാപനം നല്‍കുന്ന വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലും 30 ശതമാനം  ഒരു വിദഗ്ധ പിയര്‍ ടീം നടത്തുന്ന സ്ഥാപന സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുമാണ് ഗ്രേഡ് നിശചയിക്കുക. NIRF ആകട്ടെ സ്ഥാപന സന്ദര്‍ശനം ഇല്ലാതെ ഓണ്‍ലൈന്‍ സമര്‍പ്പിക്കുന്ന വിവരങ്ങളെ അധികരിച്ചാണ് വിലയിരുത്തല്‍ നടത്തുക. പക്ഷെ കോളേജ് സമര്‍പ്പിക്കുന്ന വിവരങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ അവര്‍  അവലംബിക്കാറുണ്ട്.  (മേല്‍പ്പറഞ്ഞവ കൂടാതെ കേരള  ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കീഴില്‍ ഒരു സംസ്ഥാന തല അക്ക്രഡിറ്റേഷന്‍ സെന്റര്‍ സാക് (SAAC) ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങും ഗ്രേഡിങ്ങും ഉദ്ദേശിച്ചുള്ള ഇതിന്റെ വിശദശാംശങ്ങള്‍ ചര്‍ച്ചയിലൂടെ  തയ്യാറായി വരുന്നതേയുള്ളു).
 
2017 ല്‍ ആണ് NIRF റാങ്കിങ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്കുവേണ്ടിക്കൂടി വിപുലീകരിച്ചത്. ആദ്യ വര്‍ഷം 535 കോളേജുകള്‍ ആണ് പങ്കെടുത്തതെങ്കില്‍ പിറ്റേവര്‍ഷം അത് 1087 ആയും 2019 ല്‍ 1304 ആയും ഉയര്‍ന്നു. യു.ജി.സി.യുടെ 2f സ്‌കീമിന് കീഴില്‍ തന്നെ 12155 കോളേജുകള്‍ ഉണ്ടെന്നിരിക്കെ അതിന്റെ ഏകദേശം 11 ശഥമാനത്തില്‍ താഴെ  കോളേജുകള്‍ മാത്രമേ ഇപ്പോഴും NIRF ല്‍ പങ്കെടുക്കുന്നുള്ളു എന്നത് കൂടുതല്‍ കോളേജുകളെ ഇതിലേക്ക് ആകര്‍ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുക. ആന്‍ഡമാന്‍, ബീഹാര്‍, ദാമന്‍, ത്രിപുര  എന്നിവിടങ്ങളില്‍നിന്ന് ഒരു കോളേജ് പോലും റാങ്കിങ്ങില്‍ പങ്കെടുത്തില്ല.  ബിഹാറില്‍ 428 ഉം ത്രിപുരയില്‍ 31 ഉം കോളേജുകള്‍ യു.ജി.സിയുടെ കീഴില്‍ ഉണ്ട് എന്നതുകൂടി ഇവിടെ ഓര്‍ക്കണം. തമിഴ്‌നാട് (270 ) , ആന്ധ്ര (257) ,  മഹാരാഷ്ട്ര (248 ) എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കോളേജുകള്‍ പങ്കെടുത്തത്. കേരളത്തില്‍നിന്ന് 2017 ല്‍ 16 ഉം 2018 ല്‍ 53 ഉം  കോളേജുകള്‍ പങ്കെടുത്തപ്പോള്‍ ഈ വര്‍ഷം അത് 105  ആയി ഉയര്‍ന്നു. എങ്കിലും കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ തന്നെയുള്ള ഏകദേശം 150-ല്‍ അധികം  കോളേജുകള്‍ ഇനിയും കേരളത്തില്‍നിന്ന് പങ്കെടുക്കാനുണ്ട്.  
 
പ്രാദേശികമായി നോക്കിയാല്‍ പങ്കെടുത്ത കോളേജുകളില്‍ പകുതിയിലധികവും തെക്കേ ഇന്ത്യയില്‍ നിന്നാണ്.  30 സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്ന് കോളേജുകള്‍ NIRF ല്‍ ഇക്കുറി പങ്കെടുത്തെങ്കിലും 11 ഇടങ്ങളില്‍ നിന്നുള്ള കോളേജുകള്‍ മാത്രമേ ആദ്യത്തെ നൂറു റാങ്കില്‍ സ്ഥാനം പിടിച്ചുള്ളു. തമിഴ് നാട്ടില്‍ നിന്ന് 35 കോളേജുകളും ഡല്‍ഹിയില്‍ നിന്ന് 29 കോളേജുകളും ആ ലിസ്റ്റില്‍ ഉണ്ട്. ഡല്‍ഹിയില്‍നിന്ന് പങ്കെടുത്ത 40 കോളേജുകളില്‍ ഇത്രയും എണ്ണം ആദ്യ നൂറില്‍ ഇക്കുറിയും ഇടം പിടിച്ചത് തലസ്ഥാന നഗരിയിലെ കോളേജുകളുടെ ഗുണ മേന്മയെയാണ് കാണിക്കുക. അതേസമയം മഹാരാഷ്ട്രയില്‍ നിന്ന് പങ്കെടുത്ത 248 കോളേജുകളില്‍ 3 എണ്ണത്തിനും ആന്ധ്ര പ്രദേശില്‍ നിന്ന് പങ്കെടുത്ത 257  കോളേജുകളില്‍ രണ്ട് എണ്ണത്തിനും മാത്രമാണ് ആദ്യ 100 ല്‍ അവസരം ലഭിച്ചത്. കേരളത്തില്‍നിന്ന് കഴിഞ്ഞ വര്‍ഷം 17 കോളേജുകള്‍ ആദ്യ 100 ല്‍ ഇടം കണ്ടെങ്കില്‍ ഇക്കുറി അത് 18 ആയി. ഇതില്‍ 10 എണ്ണവും ഓട്ടോണോമസ്  കോളേജുകള്‍ ആണ്. കേരളത്തിലെ കോളേജുകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ആദ്യ നൂറില്‍ ഉണ്ടായിരുന്ന അഞ്ച് കോളേജുകള്‍ ഇത്തവണ ആ ലിസ്റ്റില്‍ ഇല്ലാതായപ്പോള്‍  പകരം ആറ് പുതിയ കോളേജുകള്‍ ലിസ്റ്റില്‍ എത്തി. ഡല്‍ഹി മിറാന്‍ഡ ഹൗസ് കോളേജ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ദേശിയ തലത്തില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി. MH എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന  ഈ കോളേജ് ഡല്‍ഹി യൂണിവേഴ്‌സിറ്റി യുടെ ഒരു constituent  വനിതാ കോളേജ് ആയി 1948 മുതല്‍ പ്രവര്‍ത്തിക്കുന്നതാണ്. കേരളത്തില്‍നിന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് 23 ഉം മാര്‍ ഇവാനിയോസ് കോളേജ് 29 ഉം റാങ്കുകള്‍ ഇക്കുറി നേടി. 
 

graph 1

 
I. Teaching, Learning & Resources
 
കഴിഞ്ഞ വര്ഷത്തേതു പോലെ തന്നെ ഇക്കുറിയും അഞ്ച് പ്രധാന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് NIRF റാങ്കിങ് നടന്നത്. വ്യത്യസ്ത ആപേക്ഷിക മൂല്യ (weightage )മുള്ളവയാണ് ഈ മാനദണ്ഡങ്ങള്‍ എങ്കിലും ഓരോന്നിനും 100 ആണ് പരമാവധി മാര്‍ക്ക്. ഏറ്റവും ആദ്യത്തേതും ഏറ്റവും മൂല്യ അംശവുമുള്ള മാനദണ്ഡം അധ്യാപനം,  അധ്യയനം, വിഭവശേഷി (TLR - Teaching Learning & Reosurces)  എന്നിവ ഉള്‍പ്പെടുന്ന മാനദണ്ഡമാണ്. നാല് ഉപസൂചികകള്‍ ആണ് ഇതിന്റെ കീഴില്‍ ഉള്ളത്. ഡോക്ടറല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം ആണ് ആദ്യ ഉപ സൂചിക (SS -Student Strength). അംഗീകൃത സീറ്റുകള്‍ക്ക് ആനുപാതികമായി എത്ര വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട് എന്നതിനെ ആശ്രയിച്ചാണ് ഇതിരിക്കുക.  യുജി, പിജി ക്ലാസ്സുകളിലായി ഏകദേശം 11200 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചെന്നൈ ലയോള കോളേജിനാണ് ഇക്കാര്യത്തില്‍ ഇക്കുറി ഏറ്റവും സ്‌കോര്‍ ലഭിച്ചത്. (20 ല്‍ 19.94). കേരളത്തിലെ  കോളേജുകള്‍ക്കാകട്ടെ ഇതിനു ലഭിച്ചിരിക്കുന്ന പരമാവധി സ്‌കോര്‍ 14 ആണ്. ആദ്യ നൂറില്‍ തന്നെ ഏകദേശം 44 കോളേജുകള്‍ കേരളത്തിലെ കോളേജുകളെക്കാള്‍ ഇവിടെ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ സൂചന അംഗീകൃത സീറ്റുകള്‍ക്ക് ആനുപാതികമായി വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ നമ്മുടെ കോളേജുകള്‍ മറ്റു പല കോളേജുകളെക്കാള്‍ പിറകിലാണ് എന്നതാണ്. കോഴ്‌സുകള്‍ക്ക്   വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍  സാധിക്കാത്തതുമൂലം  വിദ്യാര്‍ഥികളുടെ എണ്ണം കുറവായത്,  അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ഥികള്‍ തന്നെ ടിസി എടുത്തു പോകുന്നത് മൂലം സീറ്റ് ശൂന്യമായി കിടക്കുന്നതുമെല്ലാം ഇതിന്റെ കാരണങ്ങളാകാം. 
 
ആദ്യ മാനദണ്ഡത്തിലെ അടുത്ത ഉപ സൂചിക അധ്യാപക - വിദ്യാര്‍ഥി അനുപാതം സംബന്ധിച്ചാണ്. പേര് സൂചിപ്പിക്കുന്നതുപോലെ  വിദ്യാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ചു എത്ര റെഗുലര്‍ അധ്യാപകര്‍ ഉണ്ട് എന്നതിനെ ആശ്രയിച്ചാണ് ഇവിടെ സ്‌കോര്‍. ഒരു വര്‍ഷം എങ്കിലും മുഴുവന്‍ പഠിപ്പിച്ച ഗസ്റ്റ് അധ്യാപകരെ റെഗുലര്‍ അധ്യാപകര്‍ ആയിട്ടാണ് പരിഗണിക്കുക. എങ്കിലും സ്ഥിര അധ്യാപകര്‍ കൂടുതല്‍ ഉള്ളതാണ് അഭികാമ്യം. 20 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്നതാണ് മാതൃക അനുപാതം. കഴിഞ്ഞ വര്‍ഷം ദേശീയ തലത്തില്‍ ഇതില്‍ മുഴുവന്‍ സ്‌കോറും വാങ്ങിയ (30 ല്‍ 30) 14 കോളേജുകള്‍ ആണ് ഉണ്ടായിരുന്നതെങ്കില്‍ ഇക്കുറി അത് 22 ആയി. ഇതില്‍ 8 കോളേജുകള്‍ കേരളത്തില്‍ ആണ്. കേരളത്തിലെ മിക്കവാറും ബാക്കി കോളേജുകളും ഇതില്‍ സാമാന്യം നല്ല സ്‌കോര്‍ നേടിയിട്ടുണ്ട് എന്നത് ഗസ്റ്റ് അധ്യാപകരെ എങ്കിലും നിയമിച്ചു അധ്യയനം നന്നായി കൊണ്ടുപോകാന്‍ കോളേജുകള്‍ ശ്രദ്ധിക്കുന്നു എന്നതാണ് കാണിക്കുക.
 
ഇനിയത്തെത് അധ്യാപകരുടെ യോഗ്യതയും പ്രവൃത്തി പരിചയവുമാണ്.  75 ശതമാനത്തിലധികം അധ്യാപകര്‍ PhD യോഗ്യത ഉള്ളവര്‍ ആയിരിക്കണമെന്നതും എട്ട് വര്‍ഷത്തിന് താഴെയും എട്ടിനും 15-നും ഇടയിലും 15 നു മുകളിലും വര്‍ഷങ്ങള്‍ അധ്യാപക പരിചയമുള്ളവര്‍ തുല്യ അനുപാതത്തില്‍ ഉണ്ടാവണമെന്നതുമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ഇവിടെ ഒരു കോളേജും മുഴുവന്‍ സ്‌കോറും നേടിയിട്ടില്ല. ദേശീയ തലത്തില്‍ കോയമ്പത്തൂര്‍ ഗവണ്മെന്റ് വനിതാ കോളേജ് കൂടുതല്‍ സ്‌കോര്‍ നേടി. കേരളത്തിലെ കോളേജുകള്‍ 9.54 മുതല്‍ 17.35 (20 ല്‍ )വരെയുള്ള വ്യത്യസ്ത സ്‌കോറുകള്‍ നേടി. കേരളത്തിലെ കോളേജുകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ടു പോകാനുണ്ട് എന്നത് തന്നെയാണ് ഇക്കുറിയും വിശകലനം കാണിക്കുന്നത്.
 
സാമ്പത്തിക വിഭവശേഷിയും അതിന്റെ വിനിയോഗവും ആണ് ആദ്യ മാനദണ്ഡത്തില്‍ അവസാന സൂചിക. മൂന്നു മുന്‍വര്‍ഷങ്ങളിലെ ചെലവ് (Capital  and  Operational ) ഒരു വിദ്യാര്‍ത്ഥിക്ക് ആനുപാതികമായി എത്രയാണെന്നുള്ളതാണ് ഇവിടെ പരിഗണന വിഷയം. ലൈബ്രറി ചെലവുകള്‍ , സെമിനാറുകളുടെയും കോണ്‍ഫറന്‍സുകളുടെയും നടത്തിപ്പ്, പുതിയ ലബോറട്ടറി ഉപകരണങ്ങളുടെ വാങ്ങല്‍, സ്റ്റാഫ് ശമ്പളം, അക്കാഡമിക അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനം  തുടങ്ങിയവയൊക്കെ  ചെലവ് ഇനങ്ങളില്‍ പെടും.  പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം , ഹോസ്റ്റല്‍ തുടങ്ങിയ സേവനങ്ങളുടെ നടത്തിപ്പ് എന്നിവ ചെലവില്‍ ഉള്‍പ്പെടുത്തില്ല. ഇക്കാര്യത്തിലും  ഒരു കോളേജിനും മുഴുവന്‍ സ്‌കോര്‍ ലഭിച്ചിട്ടില്ല. ഡല്‍ഹി Shaheed Rajguru College of Applied Sciences for Women ആണ് ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയത്. കേരളത്തിലെ ഭൂരിഭാഗം കോളേജുകളും ഇതില്‍ പകുതിയില്‍ താഴെ മാത്രമാണ് സ്‌കോര്‍ വാങ്ങിയത്. സാമ്പത്തിക കാര്യങ്ങളില്‍ കേരളത്തിലെ കോളേജുകള്‍ക്കുള്ള പരിമിതിയാണ് ഇത് സൂചിപ്പിക്കുക.ഡല്‍ഹി ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാന കോളേജുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആദ്യ മാനദണ്ഡമായ അധ്യാപനം, അധ്യയനം, വിഭവശേഷി വിനിയോഗം എന്നിവയില്‍ മൊത്തത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയത് ഹൗറ രാമകൃഷ്ണ മിഷന്‍ വിദ്യാമന്ദിര്‍ ആണ് (100 ല്‍ 81.04 ).
 

graph2

 
II. Research and Professional Practice 
 
NIRF റാങ്കിങ്‌ലെ രണ്ടാമത്തെ മാനദണ്ഡം അധ്യാപകരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങളും അവയുടെ ഗുണമേന്മയുമാണ്. ഇതിനാവശ്യമായ വിവരങ്ങള്‍ Scopus, Web of Science എന്നിവിടങ്ങളില്‍ നിന്ന് NIRF നേരിട്ട് ശേഖരിച്ചതാണ് . കൂടാതെ Derwent Innovation-ല്‍ നിന്ന് പേറ്റന്റ് സംബന്ധിച്ച വിവരങ്ങളും എടുത്തു. ആഗോളതലത്തില്‍ ഒരു വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെട്ട പേപ്പറുകളില്‍  ആദ്യ  25 ശതമാനത്തില്‍ ഒരു സ്ഥാപനത്തിലെ എത്ര പേപ്പറുകള്‍ വന്നു എന്നത് ആ സ്ഥാപനത്തിന്റെ ഗവേഷണ മികവിനെ വിലയിരുത്താനും ഉപയോഗിച്ചു. NIRF ശേഖരിച്ച ഗവേഷണ വിവരങ്ങള്‍ കോളേജുമായി മുന്‍കൂര്‍ പങ്കുവെച്ച് അഭിപ്രായവും തേടാറുണ്ട്. റാങ്കിങ്ങി്ല്‍ പങ്കെടുത്ത കോളേജുകളില്‍ നിന്നുള്ള അദ്ധ്യാപകരുടെ 11964  പേപ്പര്‍ പ്രസിദ്ധീകരണങ്ങളുടെ വിവരങ്ങള്‍ ആണ്  NIRF ശേഖരിച്ചത്. ഇതില്‍ 46 % മാത്രമാണ് ആദ്യ 100 റാങ്കില്‍ വന്ന കോളേജുകളില്‍ നിന്നുള്ളത്. ബാക്കി 100 നു താഴെ റാങ്ക് കിട്ടിയ കോളേജുകളില്‍ നിന്നാണ്. പക്ഷെ ഒരു പേപ്പര്‍ പ്രസിദ്ധീകരണം പോലും ഇല്ലാത്ത 270-ഓളം കോളേജുകളും  അപേക്ഷകരുടെ കൂട്ടത്തില്‍ ദേശിയ തലത്തില്‍ ഉണ്ട്. മുന്‍ വര്‍ഷത്തേതു പോലെ തന്നെ ചെന്നൈ പ്രസിഡെന്‍സി കോളേജ് പ്രസിദ്ധീകരണങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുഴുവന്‍ സ്‌കോറും (70 ല്‍ 70 ) നേടിയപ്പോള്‍,  സൈറ്റേഷന്‍ എണ്ണത്തിന്റെ കാര്യത്തിലുള്ള ഫുള്‍ സ്‌കോര്‍ (30 ല്‍ 30 ) മറ്റൊരു ചെന്നൈ കോളേജ് ആയ ലയോള നേടി. ഈ രണ്ടു കാര്യത്തിലും കേരളത്തിലെ കോളേജുകളില്‍ മാര്‍ ഇവാനിയോസ് കോളേജ് ആണ് മുന്നില്‍ ഇക്കുറിയും എത്തിയത്. ആദ്യ 100 ല്‍ വന്ന കേരളത്തിലെ 18 കോളേജുകളില്‍ ഭൂരിഭാഗവും ഈ മാനദണ്ഡത്തില്‍ 25 ശതമാനത്തില്‍ താഴെ സ്‌കോര്‍ ആണ് നേടിയത്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ അധ്യാപക ഗവേഷണവും പ്രസിദ്ധീകരണങ്ങളും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട മേഖലയാണെന്ന് എല്ലാവരും മനസിലാക്കേണ്ടതുണ്ട്.
 

graph3

 
III. Graduation Outcomse
 
ഒരു കോളേജിന്റെ മികവ് അവിടെ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ തേടുന്ന ഉന്നത പഠനം അല്ലെങ്കില്‍ അവര്‍ നേടിയെടുക്കുന്ന  ജോലിയുടെ ഔന്നത്യം എന്നിവയെയൊക്കെ ആശ്രയിച്ചാണിരിക്കുക. കോളേജ് പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളുടെ ബിരുദാനന്തര ഫലപ്രാപ്തിയാണ് അടുത്ത മാനദണ്ഡം. ഇതില്‍ ആദ്യത്തെ ഉപമാനദണ്ഡം കോളേജ് പഠനത്തിന് ശേഷം കൂടുതല്‍ ഉന്നതപഠനമോ ജോലിയോ തേടുന്നവരുടെ എണ്ണമാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയ ഡിഗ്രി, പിജി വിദ്യാര്‍ത്ഥികളില്‍ എത്ര പേര്‍ ഉന്നത പഠനത്തിനും എത്ര പേര്‍ ജോലിയിലേക്കും പോയി എന്നതാണ്  ഇവിടുത്തെ സ്‌കോര്‍ നിര്‍ണയിക്കുക. ദേശിയ തലത്തില്‍ കഴിഞ്ഞ വര്ഷത്തേതുപോലെ ഇക്കുറിയും ഇവിടെ ഏറ്റവും കൂടുതല്‍ സ്‌കോര്‍ കിട്ടിയിരിക്കുക രാമകൃഷ്ണ മിഷന്‍ വിദ്യാമന്ദിറിനാണ്. ഒരു വര്‍ഷം പഠിച്ചിറങ്ങുന്ന ഡിഗ്രി, പിജി വിദ്യാര്‍ഥികളില്‍   ഭൂരിഭാഗവും ഉന്നതപഠനം തന്നെ തിരഞ്ഞെടുക്കുന്നതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ സ്‌കോര്‍ ഇവര്‍ക്കു ലഭിച്ചത്. കേരളത്തിലെ ഏതാനും കോളേജുകള്‍ക്ക് 50 ശതമാനത്തില്‍ താഴെയാണ് സ്‌കോര്‍; ബാക്കിയുള്ളവ 50 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലും.  നമ്മുടെ കോളേജുകള്‍  പൊതുവെ മികവ് കാണിക്കുന്നുണ്ടെങ്കിലും പാസായി ഇറങ്ങുന്ന കൂടുതല്‍ വിദ്യാര്‍ഥികളുടെ തുടര്‍ പഠനമോ ജോലിയോ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം കോളേജുകള്‍ക്കുണ്ട് എന്നത് മറക്കരുത്.
 
ഡിഗ്രി, പിജി പഠനങ്ങള്‍ നിശ്ചിത സമയത്തു പാസാകുന്നവരുടെ ശതമാനമാണ് അടുത്ത ഉപസൂചികയില്‍ പരിശോധിക്കുക. മൂന്നു മുന്‍വര്‍ഷങ്ങളിലെ ഡാറ്റയുടെ ശരാശരിയാണ് നോക്കുക. 80 ശതമാനമെങ്കിലും വിജയ ശതമാനമാണ് അഭികാമ്യം. ആദ്യ 100 കോളേജുകളില്‍ 30 കോളേജുകള്‍ ആണ് ഇതില്‍ കഴിഞ്ഞ വര്‍ഷം മുഴുവന്‍ സ്‌കോറും നേടിയതെങ്കില്‍ ഇക്കുറി അത് 51 (40 ല്‍ 40 ) ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ള ആറ് കോളേജുകളും   ഉള്‍പ്പെടും. ബാക്കി കോളേജുകളും സാമാന്യം നല്ല സ്‌കോര്‍ നേടിയിട്ടുണ്ട്. ഡല്‍ഹിയിലെ 29 കോളേജുകളില്‍ മിക്കവാറും എല്ലാറ്റിനും തന്നെ ഈ സൂചികയില്‍ മുഴുവന്‍ സ്‌കോറും ലഭിച്ചിട്ടുണ്ട്. അതേസമയം വിജയ ശതമാനത്തിന്റെ സൂചികയില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചിട്ടും ഉന്നത പഠനമോ ജോലിയോ വളരെ കുറച്ചു വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ലഭിച്ച ഏതാനും കോളേജുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇപ്രാവശ്യവും ഉണ്ട് എന്നതും യാഥാര്‍ഥ്യമാണ്. ഈ രണ്ടു മാനദണ്ഡങ്ങളിലെ സ്‌കോറില്‍  കാണുന്ന പൊരുത്തമില്ലയ്മ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു വെല്ലുവിളിയാണ്. 
 
അടുത്ത പരിഗണനാവിഷയം കോളജില്‍ നിന്ന് ബിരുദം എടുത്തതിനു ശേഷം  ജോലിയില്‍ കയറുന്ന ഡിഗ്രി, പിജി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ശരാശരി (Median ) വാര്‍ഷിക ശമ്പളമാണ്. മൂന്നു മുന്‍വര്‍ഷങ്ങളിലെ വിവരങ്ങള്‍ ആണ് പരിശോധിക്കുന്നത്. ഇതില്‍ മുഴുവന്‍ സ്‌കോറും (20 ല്‍ 20 ) നേടി ഇപ്രാവശ്യവും ഡല്‍ഹി സെയിന്റ് സ്റ്റീഫന്‍സ് കോളേജ് മികവ് പുലര്‍ത്തി.  അവിടെ നിന്ന് ഡിഗ്രി കരസ്ഥമാക്കിയ ശേഷം ജോലിയില്‍ കയറുന്ന വിദ്യാര്‍ത്ഥികളുടെ മീഡിയന്‍ ശമ്പളം ഏകദേശം 6.5 ലക്ഷം രൂപയാണ്. കേരളത്തിലെ കോളേജുകള്‍ ഇക്കാര്യത്തില്‍ ശരാശരി പ്രകടനം മാത്രമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. കേരളത്തിലെ കോളേജുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ സ്‌കോര്‍ ലഭിച്ച കോളേജിലെ വിദ്യാര്‍ത്ഥികളുടെ ശരാശരി മീഡിയന്‍ ശമ്പളം 3 ലക്ഷം രൂപയാണ്. ഈ സൂചികയില്‍ 75% ല്‍ അധികം സ്‌കോര്‍ ചെയ്ത  കോളേജുകളില്‍ ഭൂരിഭാഗവും ഡല്‍ഹിയിലാണ്. ബിരുദാനന്തര ഫലപ്രാപ്തിയുടെ ഈ മൂന്നാം മാനദണ്ഡം മൊത്തത്തില്‍ എടുത്താല്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ലഭിച്ചിരിയ്ക്കുക കല്‍ക്കട്ടയിലെ രാമകൃഷ്ണ മിഷന്‍ വിവേകാനന്ദ സെന്റനറി കോളേജിനാണ്. കേരളത്തില്‍നിന്നുള്ള കോളേജുകളില്‍ തിരുവല്ല മാര്‍ത്തോമാ കോളജ് ആണ് കൂടുതല്‍ സ്‌കോര്‍ നേടിയിരിക്കുക.
 

graph4

 
IV. Outreach & Inclusivtiy
 
നാലാമത്തെ മാനദണ്ഡം സമൂഹത്തിലെ വൈവിദ്ധ്യാത്മകതയുടെ ഉള്‍ക്കൊള്ളല്‍ ഒരു കോളേജില്‍ എത്രമാത്രം ഉണ്ട് എന്നതാണ്. പ്രാദേശിക, ലിംഗ, സാമൂഹ്യ-സാമ്പത്തിക, ഭിന്നശേഷി വൈവിധ്യങ്ങള്‍ ആണ് പ്രധാനമായും പരിഗണിക്കുക. ഒന്നാമത്തെ ഉപസൂചിക പ്രാദേശിക വൈവിധ്യത്തെ അളക്കുന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തെ  ആശ്രയിച്ചാണ് ഇതിരിക്കുക.  
 
മൊത്തം വിദ്യാര്‍ത്ഥികളില്‍ 87 ശതമാനവും അന്യരാജ്യ/  അന്യസംസ്ഥാന വിദ്യാര്‍ഥികള്‍ ആയ ഡല്‍ഹി ഹിന്ദു കോളേജ് ആണ് ഇതില്‍ ഏറ്റവും മാര്‍ക്ക് നേടിയത്. കേരളത്തിലെ കോളേജുകള്‍ക്ക് ഈ സൂചികയില്‍ ലഭിച്ച സ്‌കോര്‍ പരിതാപകരമാണ്. ഏറ്റവും കൂടുതല്‍ സ്‌കോര്‍ ലഭിച്ച കോളേജിന് പോലും ലഭിച്ചത് മൊത്തം സ്‌കോറിന്റെ അഞ്ച് ശതമാനമാണ്. അന്യനാട്ടിലെ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ നമ്മുടെ കോളേജുകള്‍ക്ക് സാധിക്കുന്നില്ല എന്ന സ്ഥിതി മുമ്പത്തേതില്‍നിന്ന് ഒട്ടും മാറിയിട്ടില്ല. ഏതാനും കോളേജുകള്‍ ഒഴിച്ചാല്‍ ബാക്കി തമിഴ്‌നാട് കോളേജുകളുടെ സ്ഥിതിയും ഭിന്നമല്ല. പക്ഷെ തലസ്ഥാന നഗരിയുടെ സൗകര്യം ഉള്ളതുകൊണ്ടാവാം ഡല്‍ഹി കോളേജുകള്‍ ഇക്കാര്യത്തില്‍ വളരെ മുന്നിലാണ്.
 
അടുത്ത ഉപമാനദണ്ഡം ലിംഗ വൈവിധ്യം  ആണ്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഇടയിലുള്ള വനിതാ ശതമാനം ആണ് ഇവിടെ പരിഗണിക്കപ്പെടുക. 50 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും 20 ശതമാനനത്തിലധികം അദ്ധ്യാപകരും വനിതകള്‍ ആയിരിക്കണം എന്നതാണ് മാതൃകാ മാനദണ്ഡം. ആദ്യ 100 ല്‍ വന്ന കോളേജുകളില്‍ 56 എണ്ണവും ഇക്കാര്യത്തില്‍ മുഴുവന്‍ സ്‌കോറും വാങ്ങിയിട്ടുണ്ട്. കേരളത്തിലാകട്ടെ ഒരു പുരുഷ കോളേജ് ഒഴിച്ച് ബാക്കി 17 കോളേജുകളും മാതൃക മാനദണ്ഡം പാലിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും കേരളത്തിലെ കോളേജുകള്‍ ഇക്കാര്യത്തില്‍ മുന്നില്‍ ആയിരുന്നു. വനിതകളുടെ ഉന്നത  വിദ്യാഭ്യാസ കാര്യത്തില്‍ കേരളം ബഹുദൂരം മുന്നിലാണ് എന്നതിന്റെ വ്യക്തമായ സൂചന ആണിത്. ഒരു പക്ഷെ കേരളം നേടിയെടുത്ത വികസനത്തിന്‍േറയും നവോത്ഥാനത്തിന്റെയും പ്രധാന കാരണങ്ങളില്‍ ഒന്നും ഇത്തന്നെ. തമിഴ്‌നാട്ടിലെയും ഡല്‍ഹിയിലെയും പോലും പകുതിയിലധികം കോളേജുകളിലും ഈ മാതൃകാ മാനദണ്ഡം പാലിക്കാന്‍ കഴിഞ്ഞിട്ടില്ല.
 
സാമ്പത്തിക-സാമൂഹിക വൈവിധ്യം എങ്ങനെ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നു എന്നതും പരിഗണന വിഷയമാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനവും സര്‍ക്കാരും സ്വകാര്യ ഏജന്‍സികളും എത്രമാത്രം സ്‌കോളര്‍ഷിപ്പികളും സാമ്പത്തിക സഹായങ്ങളും ചെയ്യുന്നു എന്നാണ് ഇവിടെ നോക്കുക. ഇക്കാര്യത്തില്‍ 100 കോളേജുകളും പകുതിയില്‍ താഴെ മാത്രമാണ് സ്‌കോര്‍ ചെയ്തിരിക്കുക എന്നത് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സഹായം എത്തിക്കുന്നതില്‍ നാം വളരെ ഭാഗികമായി മാത്രമേ വിജയിച്ചിട്ടുള്ളു എന്നതിനെയാണ് ദ്യോതിപ്പിക്കുക. ഒരുപക്ഷെ എല്ലാ കോളേജുകള്‍ക്കും പകുതിയില്‍ താഴെ മാത്രം സ്‌കോര്‍ ലഭിച്ച ഏക മാനദണ്ഡം ഇതാണ്.  കേരളത്തിലെ കോളേജുകളില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സ്‌കോളര്‍ഷിപ്പുകളും ഫ്രീഷിപ്പുകളും കൂടുതല്‍  ഏര്‍പ്പെടുത്താന്‍ കോളേജ് അധികൃതരും പി ടി എ, അലുംനി തുടങ്ങിയ ഏജന്‍സി കളും ഉത്സാഹിക്കേണ്ടതാണ്.
 
ശാരീരിക വൈഷമ്യമുള്ള വിദ്യാര്‍ഥികള്‍ക്കു (ദിവ്യന്‍ഗ് ) ഏര്‍പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങള്‍ ആണ് നാലാം മാനദണ്ഡത്തില്‍ നാലാം ഉപസൂചിക. ലിഫ്റ്റ്/ റാംപ് തുടങ്ങിയവ എല്ലാ കെട്ടിടങ്ങളിലുമുണ്ടോ, നടപ്പു സഹായ ഉപകരണങ്ങള്‍, വീല്‍ ചെയര്‍ സൗകര്യം, ഒരു കെട്ടിടത്തില്‍ നിന്ന് മറ്റു കെട്ടിടത്തിലേക്ക് പോകാന്‍ യാത്ര സഹായം  എന്നിവ ഉണ്ടോ, ഭിന്നശേഷി സൗഹൃദമായ ശുചിമുറികള്‍ ഉണ്ടോ എന്നിവയൊക്കെ ആണ് ഇവിടെ പ്രത്യേകമായി  നിരീക്ഷിച്ചത്. ദേശിയ തലത്തില്‍ ആദ്യ 100 ല്‍ 59 കോളേജുകളും ഇതില്‍ മുഴുവന്‍ മാര്‍ക്കിനും  അര്ഹരായിട്ടുണ്ട്, ഇതില്‍ കേരളത്തിലെ 9 കോളേജുകളും ഉള്‍പ്പെടുന്നു. സാമാന്യം നല്ല സൗകര്യം ബാക്കി കോളേജുകളും പറയുമ്പോള്‍ ദേശീയതലത്തില്‍ നാല് കോളേജുകള്‍ക്കാകട്ടെ പൂജ്യം  മാര്‍ക്ക് ആണ് ലഭിച്ചിരിക്കുന്നത്. കോളേജുകളില്‍ കൂടുതല്‍ ഭിന്നശേഷി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കണം എന്നാണ് ഈ മാനദണ്ഡം നിഷ്‌കര്‍ഷിക്കുക.
 

graph5

 
V. Perception
 
അഞ്ചാമത്തേതും അവസാനത്തേതുമായ മാനദണ്ഡം കോളേജിനെക്കുറിച്ചുള്ള പൊതു അഭിപ്രായമാണ്. അക്കാഡമിക് സഹപ്രവര്‍ത്തകര്‍, തൊഴില്‍ ദാതാക്കള്‍, പ്രമുഖ പ്രൊഫഷണല്‍ സംഘടന പ്രതിനിധികള്‍  എന്നിവര്‍ക്കു വിവിധ കോളേജുകളില്‍നിന്നുള്ള ബിരുദധാരികളോടുള്ള മുന്‍ഗണന ഒരു സര്‍വേയിലൂടെ NIRF ശേഖരിക്കുന്നതാണ് ഇവിടുത്തെ സ്‌കോറിന് അടിസ്ഥാനം. 100-ല്‍ 100 മാര്‍ക്കും നേടി ചെന്നൈ ലയോള കോളേജ് ആണ് ദേശിയ തലത്തില്‍ ഇക്കുറിയും ഏറ്റവും മുന്‍പില്‍. ഈ മാനദണ്ഡത്തില്‍ 75 ശതമാനത്തിലധികം സ്‌കോര്‍ വാങ്ങിയ മറ്റ് അഞ്ച് കോളേജുകള്‍ കൂടിയേ ഉള്ളു (ഡല്‍ഹി സെയിന്റ് സ്റ്റീഫന്‍സ്, ശ്രീ റാം, കൊല്‍ക്കത്ത സെയിന്റ് സേവിയേഴ്‌സ്,  മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, കോയമ്പത്തൂര്‍ പി.എസ്.ജി ). 100-ല്‍ 62 കോളേജുകള്‍ക്കും 25 ശതമാനത്തില്‍ താഴെയാണ് സ്‌കോര്‍. കേരളത്തിലെ എല്ലാ കോളേജുകള്‍ക്കും ഇക്കൂടെയാണ് സ്ഥാനം. കേരളത്തിലെ നാല് കോളേജുകള്‍ക്ക് മാത്രമേ 10 ശതമാനം സ്‌കോറില്‍ കൂടുതലെങ്കിലും നേടാന്‍ സാധിച്ചിട്ടുള്ളു. പൊതു അഭിപ്രായത്തിന്റെ കാര്യത്തില്‍ നമ്മുടെ കോളേജുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല. അക്കാദമിക വിദഗ്ധര്‍, തൊഴില്‍ദാതാക്കള്‍ തുടങ്ങിയവര്‍ കേരളത്തിലെ കോളേജുകളില്‍ നിന്നുള്ള ബിരുദധാരികള്‍ക്കു താഴ്ന്ന പരിഗണന മാത്രമേ നല്‍കുന്നുള്ളൂ എന്നാണ് ഇതിന്റെ അര്‍ഥം. ഇതിനെ മറികടക്കാന്‍ നമ്മുടെ വിദ്യാര്‍ഥികളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസത്തില്‍ കഠിനമായ പ്രയത്‌നം നടത്തിയേ തീരു. ,കൂടുതല്‍ അക്കാഡമിക് ഇന്‍ഡസ്ട്രി ഇടപെടലുകള്‍ കോളേജുകള്‍ നടത്തേണ്ടതും അത്യാവശ്യമാണ്.
 
ഇന്ത്യയിലെ കോളേജുകളുടെ നിലവാരം ആഗോളതലത്തിലേക്ക് ഉയര്‍ത്തുക എന്ന മഹത്തായ ലക്ഷ്യമാണ് NIRF പോലെയുള്ള റാങ്കിങ്ങുകള്‍  പുലര്‍ത്തുക. ആ ലക്ഷ്യത്തിലേക്കു ഇത് എത്തിച്ചേരും എന്ന കാര്യത്തിന് സംശയം ഇല്ല. പക്ഷെ എല്ലാ കോളേജുകളും ഇത്തരം പ്രക്രിയകളില്‍ പങ്കെടുക്കണം. കൂടാതെ പങ്കെടുക്കുന്ന കോളേജുകള്‍ ഈ മാനദണ്ഡങ്ങള്‍ ആവശ്യപ്പെടുന്നത് പ്രകാരം അധ്യയനത്തിലും ഗവേഷണത്തിലും സാമൂഹിക പ്രതിബദ്ധതയിലും വിദ്യാര്‍ത്ഥികളുടെ തൊഴില്‍ അഭിരുചികള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തിലും എല്ലാം കൂടുതല്‍ ഉയരങ്ങളില്‍ ചിന്തിച്ചു പ്രവര്‍ത്തിക്കണം. ഉന്നത വിദ്യാഭ്യാസത്തില്‍ കേന്ദ്ര ബിന്ദു വിദ്യാര്‍ത്ഥിയാണ്. വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനിക, വൈകാരിക, ധാര്‍മിക, സാമൂഹിക, സാംസ്‌കാരിക  പരിശീലനം ലക്ഷ്യമിടുന്നത് ആയിരിക്കണം ഓരോ ചുവടുവെപ്പും. ഐക്യ രാഷ്ട്രസഭ വിഭാവനം ചെയ്യുന്നതുപോലെ അറിവും വൈദഗ്ധ്യവും നേടി ഒരു വിദ്യാര്‍ഥി സ്വയം പൂര്‍ണതയിലേക്ക് വളര്‍ന്നു സമൂഹത്തിലെ മറ്റുള്ളവരുമായി പൊരുത്തപ്പെട്ടു ജീവിക്കുമ്പോഴാണ് വിദ്യാഭ്യാസം ലക്ഷ്യം പ്രാപിക്കുക. ഈ ദിശയിലേക്കു നമ്മുടെ സ്ഥാപനങ്ങള്‍ വളരട്ടെ. 

 

Content Highlights: A Review of NIRF Ranking, Higher Education Institutes Ranking