ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗത്തില്‍ പലര്‍ക്കും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന മേഖലകളിലൊന്നാണ് prepositions. അതേക്കുറിച്ച് ഏതാനും കാര്യങ്ങളാണ് ഇന്നത്തെ ഈസി ഇംഗ്ലീഷില്‍.

ഇംഗ്ലീഷ് തെറ്റു കൂടാതെ ഉപയോഗിക്കുന്നതിന് പദങ്ങളുടെ അര്‍ഥങ്ങളോടൊപ്പം അവ ഉപയോഗിക്കുന്ന സാഹചര്യങ്ങളെയും അവയോടു ചേര്‍ന്നു പോകുന്ന മറ്റുള്ള പദങ്ങളെയും സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ഉദാഹരണത്തിന് discuss, discussion എന്നീ വാക്കുകള്‍ അറിയുന്ന ഒരാള്‍ക്ക് അവയുടെ അര്‍ഥങ്ങള്‍ മാത്രമല്ല, അവയോടു ചേര്‍ന്നുവരുന്നതും വരാത്തതുമായ prepositions -നെക്കുറിച്ച് ധാരണ ഉണ്ടായിരിക്കും. Discuss എന്നതിനു ശേഷം preposition-ന്റെ ആവശ്യമില്ല. Discussion -നുശേഷം ഉപയോഗിക്കുന്ന preposition - on ആണ്, about അല്ല.

E.g.: They will discuss the matter in the morning. (no preposition after discuss)

We had a discussion on the proposal you have submitted.

Prepositions പല സന്ദര്‍ഭങ്ങളിലും തെറ്റായി ഉപയോഗിച്ച് കാണാറുണ്ട്. ഉദാഹരണങ്ങള്‍ നോക്കാം.

•The man who is dressed with black suit is the one you are looking for.

•I don't like your comment about the woman.

•What is the reason of her success?

•I am not able to concentrate in my work.

മുകളില്‍ കൊടുത്ത വാക്യങ്ങളില്‍ എല്ലാം prepositions തെറ്റായി ഉപയോഗിച്ചിരിക്കുന്നു. ആദ്യത്തെ വാക്യത്തില്‍ dressed എന്നതിനുശേഷം ഉപയോഗിക്കേണ്ട preposition in ആണ്. Comment on എന്നു പറഞ്ഞാല്‍ രണ്ടാമത്തെ വാക്യത്തിലെ പിശക് മാറും. reason എന്നതിനു ശേഷം സാധാരണ ഉപയോഗിച്ചുവരുന്ന preposition ആണ് for. (അപൂര്‍വ സന്ദര്‍ഭങ്ങളില്‍ behind). Concentrate എന്നതിന് ശേഷം അനുയോജ്യമായത് on ആണ്.

ചില പദങ്ങള്‍ക്കൊപ്പം സാധാരണ ചേര്‍ന്നുപോകുന്ന prepositions താഴെ കൊടുക്കുന്നു.

Ashamed of, associated with, attached to, aware of, based on, capable of, different from, famous for, fed up with, fond of, guilty of, pleased with, proud of, related to, responsible for, satisfied with, similar to, suitable for, worried about etc.

Rinu listens music whenever she gets time. എന്ന വാക്യം ശരിയാകണമെങ്കില്‍ listens എന്നതിനുശേഷം to എന്ന preposition ഉപയോഗിക്കണം.

ഇംഗ്ലീഷില്‍ ഒട്ടേറെ ക്രിയാപദങ്ങള്‍ക്ക് (verbs) ശേഷം prepositions ആവശ്യമില്ല. ഉദാഹരണങ്ങള്‍ നോക്കാം.

•When I entered into his room, he was playing video game.

•Steve resembles after his father.

•I don't think they lack in experience.

മുകളില്‍ കൊടുത്ത വാക്യങ്ങളില്‍നിന്നും യഥാക്രമം into, after, in എന്നീ prepositions ഒഴിവാക്കിയാല്‍ ആ വാക്യങ്ങള്‍ ശരിയായി.

Prepositions അനവസരത്തില്‍ ഉപയോഗിച്ചാല്‍ ഇംഗ്ലീഷ് ഭാഷയില്‍ വിനിമയം ചെയ്യുന്ന ആശയങ്ങള്‍ വികലമായിപ്പോകും. ഭാഷ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സവിശേഷശ്രദ്ധ പുലര്‍ത്തേണ്ട മേഖലകളിലൊന്നാണ് prepositions.

Content Highlights: How to use Prepositions