കോവിഡ്-19-ന്റെ വ്യാപനം ആഗോളസാമ്പത്തികരംഗത്തിനും വിനോദസഞ്ചാരംപോലുള്ള സേവനമേഖലകള്‍ക്കും വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും മാനവരാശി അതിന്റെ വളര്‍ച്ചയിലും വികാസത്തിലും നേരിട്ട അനേകം പ്രതിസന്ധികളിലൊന്ന് മാത്രമായി കൊറോണ വൈറസ് മാറും എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. കൊറോണയ്ക്ക് ശേഷം ലോകസമ്പദ്ഘടനയുടെ തിരിച്ചുവരവിന് വിനോദസഞ്ചാര മേഖലയ്ക്ക് ശക്തമായ പങ്കുവഹിക്കാനാകും. ആഗോളീകരണവും വിവരസാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടവും ഏതൊരു മേഖലയിലുമെന്നപോലെ വിനോദസഞ്ചാരമേഖലയിലും വലിയ കുതിച്ചുചാട്ടമുണ്ടാക്കിയതായി നമുക്ക് കാണാം.

കേരള ടൂറിസം

പരമ്പരാഗത ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം നവീനാശയങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നതിലും ശ്രദ്ധകാട്ടി കേരള ടൂറിസം കാലഘട്ടത്തിനൊപ്പമാണ് സഞ്ചരിച്ചിരിക്കുന്നത്. കേരളത്തിലെ കായലോര/വഞ്ചിവീട് ടൂറിസം, ബീച്ച് ടൂറിസം, ഹില്‍ സ്റ്റേഷനുകള്‍, വന്യജീവിസങ്കേതം, ഇക്കോ ടൂറിസം എന്നിവ ലോക വിനോദസഞ്ചാരഭൂപടത്തിലെ മികച്ച ഇടങ്ങളാണ്. കൂടാതെ കേരള ടൂറിസം മികച്ച രീതിയില്‍ നടപ്പാക്കിയവയാണ് ഉത്തരവാദ ടൂറിസം പദ്ധതി, മുസിരിസ് പൈതൃകപദ്ധതി, മെഗാ ടൂറിസം പ്രോജക്ട് എന്നിവയെല്ലാം. ഇവയെല്ലാം ലോക വിനോദസഞ്ചാര വിപണിയില്‍ കേരളത്തിന് തനതായ ഒരു സ്ഥാനം കൈവരിക്കുന്നതിലും സഹായകമായി എന്നത് നിസ്തര്‍ക്കമാണ്.

സംസ്ഥാനത്തെ തനത് കലകളും ഉത്സവങ്ങളും പൈതൃകവും ഗ്രാമീണടൂറിസം പദ്ധതികളും വിനോദസഞ്ചാരികള്‍ക്ക് കേരള നാടിന്റെ നേര്‍ക്കാഴ്ച പകര്‍ന്നുനല്‍കുകയും ചെയ്യുന്നു. ഇവയ്ക്കെല്ലാം പുറമേയാണ് വള്ളംകളിയും ഹോം സ്റ്റേകളും ആയുര്‍വേദ/ആരോഗ്യരക്ഷാ ടൂറിസം പാക്കേജുകളും ഈ രംഗത്തെ വൈവിധ്യമാക്കുന്നത്.

വിനോദസഞ്ചാരമേഖലയിലെ തൊഴില്‍മേഖലകള്‍ പല തലങ്ങളിലായി വ്യാപിച്ചുകിടക്കുന്നവയാണ്. വിദേശ-ആഭ്യന്തര ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റ്‌സ്, ടൂര്‍ ഗൈഡിങ്, ഹെല്‍ത്ത് ടൂറിസം സ്പാകള്‍, സഞ്ചാരസാഹിത്യവും ഫോട്ടോഗ്രാഫിയും, ബിസിനസ് കണ്‍വെന്‍ഷനുകള്‍, സര്‍ഫസ് ട്രാവല്‍ കമ്പനികള്‍, ട്രാവല്‍ ഫെയറുകള്‍, ഓണ്‍ലൈന്‍ ട്രാവല്‍ വെബ്‌സൈറ്റുകളും വിവിധ സേവനങ്ങളും, ട്രാവല്‍ കണ്‍സള്‍ട്ടന്‍സി, ടൂറിസം കാര്‍ഗോ/ലോജിസ്റ്റിക്‌സ്, ഏവിയേഷന്‍, എയര്‍ കാബിന്‍ ക്രൂ എന്നിങ്ങനെ ഈ രംഗത്തെ തൊഴില്‍രംഗങ്ങള്‍ അനവധിയാണ്. ഇതുകൂടാതെയാണ് അംഗീകൃത ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും മുന്‍നിര സേവന പ്രയോക്തക്കളായിമാറാനുള്ള അവസരങ്ങള്‍.

വിനോദസഞ്ചാരമേഖലയിലെ മുകളില്‍ പറഞ്ഞ തൊഴിലിടങ്ങളില്‍ മികച്ച രീതിയില്‍ ഭാഗഭാക്കാവാന്‍ അതത് രംഗങ്ങളിലെ വിജ്ഞാനത്തോടൊപ്പം തൊഴില്‍പരിചയവും നൈപുണ്യവും അത്യാവശ്യമാണ്. ഈ പ്രത്യേകതകളെല്ലാം തിരിച്ചറിഞ്ഞുകൊണ്ടാണ് വിനോദസഞ്ചാരരംഗത്തെ കോഴ്‌സുകളെല്ലാം വിഭാവനചെയ്തിരിക്കുന്നത്.

ബിരുദ കോഴ്‌സുകള്‍

തൊഴില്‍ പ്രാവീണ്യം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് വിനോദസഞ്ചാര മേഖലയിലെ ബിരുദ കോഴ്‌സുകള്‍ വാര്‍ത്തെടുത്തിരിക്കുന്നത്. വൊക്കേഷണല്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ടൂറിസം രംഗത്തെ ബിരുദ കോഴ്‌സുകള്‍ നടത്തപ്പെടുന്നത്.

പരമ്പരാഗത ബിരുദ കോഴ്‌സുകളോടൊപ്പം തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തുക എന്ന ദേശീയ വിദ്യാഭ്യാസ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി യു.ജി.സി. നടപ്പാക്കുന്ന B.Voc. കോഴ്‌സുകളില്‍ ടൂറിസവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ അര്‍ഥവത്തായ പങ്കാളിത്തവും രാജ്യത്തെ തൊഴില്‍- സംരംഭക സാധ്യതകളില്‍ മാനവ വിഭവശേഷിയുടെ ലഭ്യതയും ഉറപ്പുവരുത്തുംവിധമാണ് B.Voc. കോഴ്‌സുകള്‍ വിഭാവന ചെയ്തിട്ടുള്ളത്.

അറിവും കഴിവും പ്രാഗല്ഭ്യവും ലക്ഷ്യംവയ്ക്കുന്ന National skills Qualification framework (NSQF) ഭാഗമായി വിദ്യാര്‍ഥികളുടെ അഭിരുചിക്ക് അനുസരിച്ച് Diploma/ Advance Certificate എന്നീ സര്‍ട്ടിഫിക്കേഷനോടുകൂടിയുള്ള Multiple Exit കള്‍ B.Voc. (Tourism) കോഴ്‌സിന്റെ മറ്റൊരു ആകര്‍ഷണീയതയാണ്.

ബിരുദാനന്തര ബിരുദ കോഴ്സുകള്‍

ടൂറിസംരംഗത്തെ ബിരുദാനന്തരബിരുദ കോഴ്സുകള്‍ ബഹുമുഖ ലക്ഷ്യങ്ങളോടെ പ്രൊഫഷണല്‍ കോഴ്സായി യു.ജി.സി.യുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി, ഇന്ത്യയിലെ ടെക്നിക്കല്‍ വിദ്യാഭ്യാസ കൗണ്‍സിലായ എ.ഐ.സി.ടി.യുടെ അംഗീകാരത്തോടെ നടത്തപ്പെടുന്നവയാണ്. പ്രൊഫഷണല്‍ കോഴ്സിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടും തൊഴില്‍പരമായ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുമാണ് ഈ കോഴ്സുകള്‍ നടത്തുന്നത്. സമ്മര്‍ ട്രെയിനിങ് (45 ദിവസം), അഡ്വഞ്ചര്‍ ട്രെയിനിങ് (15 ദിവസം), ഓണ്‍ ജോബ് ട്രെയിനിങ് (4 മാസം) എന്നിങ്ങനെയുള്ള വ്യവസായപരിശീലനവും പ്രാവീണ്യ-നൈപുണ്യ വികസനവും അതോടൊപ്പം പ്ലേസ്മെന്റ് സഹായങ്ങളുമൊക്കെ രണ്ടുവര്‍ഷ പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്സുകളുടെ പ്രത്യേകതയാണ്.

നിത്യേനയെന്നോണം വിനോദസഞ്ചാരികളുടെ താത്പര്യങ്ങളും സേവനപരിഗണനകളുമൊക്കെ മാറുമെന്നതിനാല്‍ ഏറ്റവും കാലാനുസൃതമായ വിജ്ഞാനശാഖകളെ സംയോജിപ്പിച്ചാണ് ടൂറിസത്തിലെ പി.ജി. സിലബസ് തയ്യാറാക്കിയിരിക്കുന്നത്. ഈ പ്രത്യേകതകള്‍കൊണ്ടുതന്നെ പല വിജ്ഞാനമേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ അറിവും ധാരണയും വ്യാപിപ്പിക്കാന്‍ ഈ പഠനം സഹായകരമാകും എന്നത് തീര്‍ച്ചയാണ്. ഹ്യൂമന്‍ റിസോഴ്സ്, മാനേജ്മെന്റ്, മാര്‍ക്കറ്റിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പബ്ലിക് റിലേഷന്‍സ്, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയെല്ലാം ടൂറിസം മെയിന്‍ പേപ്പറുകള്‍ക്ക് ഉപരിയായി പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. ഇതൊക്കെ സിവില്‍ സര്‍വീസിലേക്കും മറ്റ് സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള മത്സരപ്പരീക്ഷകള്‍ക്കും ഒക്കെ ഭാവിയില്‍ വലിയ മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങളാണ്.

ഹോട്ടല്‍വ്യവസായവും അനുബന്ധ കോഴ്സുകളും

ഇന്ത്യന്‍ വിനോദസഞ്ചാരരംഗത്ത് സവിശേഷമായ സ്ഥാനമാണ് ഹോട്ടല്‍വ്യവസായം അഥവാ ഹോസ്പിറ്റാലിറ്റിമേഖലയ്ക്കുള്ളത്. കേന്ദ്രഗവണ്‍മെന്റിന്റെ കീഴില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ശൃംഖലയായ ITDC (Indian Tourism Development Corporation), അതത് സംസ്ഥാനങ്ങളിലെ ഹോട്ടല്‍ശൃംഖലകള്‍, കേരളത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള KTDC (Kerala Tourism Development Corporation & Resorts Ltd.) തുടങ്ങിയ സര്‍ക്കാര്‍മേഖലയിലും മികച്ച അവസരങ്ങളാണ് ഈ മേഖലയിലെ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. ഇതോടൊപ്പം സ്വകാര്യമേഖലയിലെ കോര്‍പ്പറേറ്റ് ഹോട്ടല്‍ശൃംഖലകളിലും എണ്ണമറ്റ അവസരങ്ങള്‍ ലഭ്യമാണ്.

ഇന്ത്യയിലെ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിലേക്കുള്ള അഡ്മിഷന്‍ ഈ മേഖലയിലെ പരമോന്നത നിയന്ത്രണ സമിതിയായ NCHMCT-യുടെ (National Council for Hotel Management and Catering Technology) നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടത്തുന്നത്. വര്‍ഷാവര്‍ഷം അപേക്ഷ ക്ഷണിച്ച് JEE (Joint Entrance Examination) വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പിനായി നടത്തപ്പെടുന്നു. ഇതുവഴി കേന്ദ്രഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന Central IHM-ലേക്കും സംസ്ഥാന ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന State - IHM-ലേക്കും പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന IHM-ലേക്കും ഒപ്പം സ്വകാര്യമേഖലയിലെ ഹോട്ടല്‍ മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്കും അഡ്മിഷന്‍ പൂര്‍ത്തീകരിക്കുന്നു. JEE-ല്‍ നേടിയ സ്‌കോര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയാണ് അഡ്മിഷന്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

കേരളത്തിലെ ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് & കാറ്ററിങ് ടെക്നോളജി സ്ഥിതിചെയ്യുന്നത് തിരുവനന്തപുരത്താണ്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന SIHM (State Institute of Hotel Management) കോഴിക്കോട്ടും സ്തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തനം നടത്തിവരുന്നു. ഇതോടൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ സംയുക്ത സംരംഭമായ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കൂടി ചേരുന്നതാണ് കേരളത്തിലെ ഹോട്ടല്‍ അനുബന്ധ മേഖലയിലെ വിദ്യാഭ്യാസ അവസരങ്ങള്‍. NCHMCT വെബ്സെറ്റില്‍ വിശദവിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. വെബ്സൈറ്റ്: www.nchmjee.nta.nic.in.

ഹെല്‍ത്ത് ടൂറിസവും കോഴ്സുകളും

നവീനകാലത്തെ ജീവിതരീതികള്‍മൂലമുണ്ടാകുന്ന ജീവിതശൈലീരോഗങ്ങളും അതിനെത്തുടര്‍ന്ന് കാലങ്ങളായി നടന്ന ആരോഗ്യരംഗത്തെ ബോധവത്കരണവും ജനവിഭാഗങ്ങളെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ പ്രബുദ്ധരാക്കിയതിന്റെ ഫലമായി വലിയ വളര്‍ച്ചയാണ് ഹെല്‍ത്ത് ടൂറിസം രംഗത്ത് ഉണ്ടായിട്ടുള്ളത്. നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സിന്റെ (NABH) ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച ഏതാണ്ട് എല്ലാ ആശുപത്രികളും ടൂര്‍ ഓപ്പറേറ്റേഴ്സ് വഴി ആരോഗ്യ-ചികിത്സാ പാക്കേജുകള്‍ നല്‍കാറുണ്ട്.
ഈ മേഖലയിലെ വളര്‍ച്ച നിമിത്തം സ്പാ തെറാപ്പിസ്റ്റ്, സ്പാ മാനേജര്‍, പബ്ലിക് റിലേഷന്‍സ് മാനേജര്‍, പരമ്പരാഗത ആരോഗ്യ ചികിത്സാ കേന്ദ്രങ്ങള്‍ എന്നീ മേഖലകളിലെല്ലാംതന്നെ വരുമാനവും പ്രാധാന്യവും ഏറിയിട്ടുണ്ട്.

ചികിത്സച്ചെലവ്, ചികിത്സയില്‍ പാലിക്കേണ്ട നടപടിക്രമം, ചികിത്സ ലഭ്യമാക്കാന്‍ എടുക്കുന്ന സമയം എന്നിവയൊക്കെ വികസിതരാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരെപ്പോലും ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്. ഏതാണ്ട് അറുപതോളം രാജ്യങ്ങളില്‍നിന്നായി 1,50,000-ഓളം സഞ്ചാരികള്‍ മികച്ച ചികിത്സയ്ക്കായും ആരോഗ്യപരിപാലനത്തിനായും ഇന്ത്യയിലേക്ക് എത്തി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ആരോഗ്യ ടൂറിസം മേഖലയില്‍നിന്ന് മാത്രമായി 11,098 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞവര്‍ഷം ഇന്ത്യയ്ക്ക് ലഭിച്ചത്.

ടൂറിസം പഠനം കേന്ദ്ര വാഴ്‌സിറ്റികളില്‍

'ബ്രാന്‍ഡ് ഇന്ത്യ' ക്യാമ്പയിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന 5T- യില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ടാലന്റ്, ട്രെഡിഷന്‍, ടെക്‌നോളജി ട്രേഡ്, ടൂറിസം എന്നിവയാണ്. ഈ പൊതുനയത്തിന്റെ തുടര്‍ച്ചയായും വരുംവര്‍ഷങ്ങളിലെ വിനോദസഞ്ചാരമേഖലയിലെ മാനവവിഭവശേഷി തിരിച്ചറിഞ്ഞും ബഹുഭൂരിപക്ഷം കേന്ദ്രസര്‍വകലാശാലകളിലും ടൂറിസം കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്.

പഠന സൗകര്യങ്ങള്‍ക്ക് പുറമേ ഗവേഷണം, കണ്‍സള്‍ട്ടന്‍സി, പരിശീലന/ ഹ്രസ്വകാല കോഴ്‌സുകളുടെ നടത്തിപ്പ്, തൊഴില്‍ നൈപുണ്യ വര്‍ധനയുമൊക്കെയായുള്ള ബഹുമുഖ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് പഠനവകുപ്പുകള്‍ വിനോദസഞ്ചാരവിഷയത്തില്‍ രൂപംകൊടുത്തിട്ടുള്ളത്. ഇതിനെല്ലാം പുറമേയായി അതത് പ്രദേശത്തെ/ സംസ്ഥാനത്തെ വളര്‍ച്ചയ്ക്കും വികസനത്തിനുമൊക്കെ സഹായകരമാകുന്ന 'മികവിന്റെ കേന്ദ്രങ്ങളായി' കേന്ദ്ര വാഴ്‌സിറ്റി പഠന വകുപ്പുകള്‍ രൂപപ്പെടുത്തുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ദീര്‍ഘകാല ലക്ഷ്യംകൂടിയാണ് വിനോദസഞ്ചാര പഠനത്തിനും/ ഗവേഷണത്തിനും പ്രത്യേക പരിഗണന നല്‍കുകവഴി ലക്ഷ്യംവെച്ചിരിക്കുന്നത്.

വാട്ടര്‍ സ്‌പോര്‍ട്‌സ് കോഴ്‌സുകള്‍

ഇന്ത്യന്‍ വിനോദസഞ്ചാരരംഗത്ത് പ്രതീക്ഷ നല്‍കുന്ന വളര്‍ച്ചയാണ് വാട്ടര്‍ സ്‌പോര്‍ട്സ് ടൂറിസത്തിനും അഡ്വഞ്ചര്‍ ടൂറിസം രംഗത്തും ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. ഈ രംഗത്തിന്റെ ഘടകമായ സാഹസികതകൂടി കണക്കിലെടുക്കുമ്പോള്‍ പരിചയസമ്പന്നരായ ട്രെയിനേഴ്‌സിന്റെയും മറ്റ് സുരക്ഷാ ക്രമീകരണങ്ങളുടെയും ആവശ്യകത തിരിച്ചറിയുകയും അതിന്‍പ്രകാരം ഗവണ്‍മെന്റ് തലത്തില്‍തന്നെ കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് വാട്ടര്‍ സ്‌പോര്‍ട്സ് ക്രമീകരിക്കാന്‍ വിവിധ ഡെസ്റ്റിനേഷനുകളില്‍ അനുവദിച്ചിട്ടുള്ളത്.

ദൈര്‍ഘ്യം ഏറിയ പടിഞ്ഞാറന്‍ കൊങ്കണ്‍ തീരവും കിഴക്കന്‍ കോറമണ്ടല്‍ തീരവും ഉള്ള സമുദ്രമേഖലയും, എണ്ണമറ്റ നദികളും ഉള്‍നാടന്‍ ജലാശയങ്ങളും ഉള്ള ഭാരതത്തില്‍ അനന്തസാധ്യതകളാണ് വാട്ടര്‍ സ്‌പോര്‍ട് ടൂറിസത്തിന് ഉള്ളത്. water skiing, White water Rafting, canoing and kayaking തുടങ്ങിയവ ഇന്ത്യയില്‍ പ്രചാരം ലഭിച്ചുവരുന്ന വാട്ടര്‍ സ്‌പോര്‍ട്സ് മേഖലകളാണ്.

thozhil

Content Highlights: Tourism Courses and Career Prospects