റിവുകളുടെ കാവലാളാണ് അധ്യാപകർ. നാളത്തെ തലമുറയെ വാർത്തെടുക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് അധ്യാപകർക്കുള്ളത്. അതുകൊണ്ടുതന്നെ എല്ലാകാലത്തും നിത്യഹരിതമായി നിലകൊള്ളുന്ന തൊഴിൽമേഖലയാണ് അധ്യാപനം. നിലവിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസരംഗത്ത് ഓൺലൈൻ പഠനത്തിന് പ്രാധാന്യം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് അധ്യാപകരുടെ തൊഴിൽസാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. അതിനനുസരിച്ച് അധ്യാപകർക്കും മുന്നൊരുക്കങ്ങൾ ആവശ്യമാണ്. ഇതിന് സഹായമേകുന്ന പരിശീലനങ്ങൾ നൽകാൻ വിപുലമായ പദ്ധതിയാണ് വിദഗ്ധർ ആസൂത്രണം ചെയ്യുന്നത്. കാലഘട്ടത്തിന് അനുസരിച്ചുള്ള അധ്യയനമാർഗം നമ്മൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും അതിനായി തയ്യാറെടുക്കണം.

ആയിരക്കണക്കിന് അവസരങ്ങൾ

സംസ്ഥാനത്ത് സർക്കാർ, എയ്‌ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പ്രതിവർഷം ആയിരക്കണക്കിന് അധ്യാപകർക്കാണ് നിയമനം ലഭിക്കുന്നത്. കേന്ദ്രസർക്കാരിന് കീഴിലുള്ള വിദ്യാലയങ്ങളിലും അവസരങ്ങളുണ്ട്. ഇംഗ്ലീഷ് ഭാഷാപരിജ്ഞാനമുള്ളവർക്ക് സംസ്ഥാനത്തിന് പുറത്തും വിദേശത്തും നിരവധി കരിയർ സാധ്യതകളുണ്ട്. കൂടാതെ ഇക്കഴിഞ്ഞ മാർച്ചിൽ സംസ്ഥാന സർവീസിൽനിന്ന് 5000-ത്തിലേറെ അധ്യാപകർ വിരമിച്ചതായാണ് കണക്ക്. അത്രയും പേർക്ക് പുതുതായി സർക്കാർ ജോലിക്കുള്ള വഴിയും തെളിഞ്ഞിരിക്കുകയാണ്.

പരിശീലന കോഴ്സുകൾ

പ്ലസ്ടു കഴിഞ്ഞവർക്കാണ് പ്രൈമറി അധ്യാപക പരിശീലന കോഴ്സുകളിൽ ചേരാനാവുക. ബിരുദവും ബി.എഡും കെ-ടെറ്റുമാണ് ഹൈസ്കൂൾ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യത. ബിരുദാനന്തരബിരുദവും ബി.എഡും സെറ്റുമുള്ളവർക്ക് ഹയർ സെക്കൻഡറി അധ്യാപകരാകാം. കോളേജ് അധ്യാപകരാകാൻ യു.ജി.സി. നെറ്റ്/പിഎച്ച്.ഡി. നിർബന്ധ യോഗ്യതയാണ്.

കേന്ദ്രസർക്കാരിന് കീഴിലുള്ള സ്കൂളുകളിലും കേന്ദ്രീയവിദ്യാലയങ്ങളിലും അധ്യാപകരാകാൻ എൻ.സി.ഇ.ആർ.ടി. നടത്തുന്ന സി-ടെറ്റ് (സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) വിജയിക്കണം. എൻ.ടി.ഇ.സി., ഡി.എഡ്./ഡി.എൽ.ഇ.ഡി., ബി.എഡ് തുടങ്ങിയ അധ്യാപക പരിശീലന കോഴ്സുകളുടെ നിയന്ത്രണം നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷ (എൻ.സി.ടി.ഇ.)നാണ്. വെബ്സൈറ്റ്: www.ncteindia.org സ്വാശ്രയസ്ഥാപനങ്ങളുടെ കോഴ്സുകളിൽ ചേരുന്നതിനു മുൻപ് അംഗീകാരം ഉണ്ടോ എന്ന് ഉറപ്പാക്കണം. ഔദ്യോഗിക വെബ്സൈറ്റുകൾ അതിന് സഹായിക്കും.

പ്രീപ്രൈമറി

പ്രീപ്രൈമറി അധ്യാപക പരിശീലന കോഴ്സ് കഴിഞ്ഞവരെയാണ് പ്രീപ്രൈമറി സ്കൂളുകളിൽ നിയമിക്കുക. സംസ്ഥാനത്ത് ഈ കോഴ്സ് നടത്തുന്ന മൂന്ന് പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (പി.പി.ടി.ടി.ഐ.) സർക്കാർ മേഖലയിലും ഇരുപതോളം സ്വകാര്യമേഖലയിലും പ്രവർത്തിക്കുന്നുണ്ട്. എല്ലാ വർഷവും മേയ്/ജൂൺ മാസത്തിലാണ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. രണ്ടുവർഷമാണ് കോഴ്സ് കാലാവധി.

യോഗ്യത: 45 ശതമാനം മാർക്കോടെ പ്ലസ്ടു/തത്തുല്യം. ബിരുദധാരികൾക്കും എസ്.സി./എസ്.ടി. വിഭാഗക്കാർക്കും മാർക്ക് നിബന്ധനയില്ല. ഒ.ബി.സി.ക്ക് രണ്ടുശതമാനം മാർക്കിളവ് അനുവദിക്കും. യുവജനോത്സവങ്ങളിൽ സംഗീതം, നാടകം, നൃത്തം എന്നിവയിൽ മികച്ച പ്രകടനമുള്ളവർക്ക് 5 ശതമാനം മാർക്കിളവ് ലഭിക്കും. സ്പോർട്സ്, ഗെയിംസ്, എൻ.സി.സി., സ്കൗട്ട് എന്നിവയ്ക്കും വെയിറ്റേജ് മാർക്കുണ്ട്. സാമൂഹികക്ഷേമവകുപ്പിന് കീഴിലുള്ള ബാലസേവികാ കോഴ്സും യൂണിവേഴ്സിറ്റി തലത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹുഡ് കെയർ ആൻഡ് എജുക്കേഷൻ കോഴ്സും പ്രീപ്രൈമറി അധ്യാപകരാകാനുള്ള യോഗ്യതയായി പരിഗണിക്കുന്നുണ്ട്.

പ്രൈമറി സ്കൂൾ

എൽ.പി., യു.പി അധ്യാപകരാകാനുള്ള യോഗ്യത, ഡി.എൽ.ഇഡി./ഡി.എഡ്./ടി.ടി.സി.യാണ്. എൽ.പി. സ്കൂൾ അധ്യാപകരാകുന്നതിനൊഴികെ ഡി.എൽ.ഇ.ഡി.ക്ക് പകരമുള്ള യോഗ്യതയായി ബി.എഡിനെ പരിഗണിക്കും. എൽ.പി. സ്കൂൾ അധ്യാപകരാകാൻ ഡി.എൽ.ഇഡി./ഡി.എഡ്./ടി.ടി.സി. നിർബന്ധമാണ്. യു.പി. സ്കൂൾ അധ്യാപകരാകാൻ ഏത് വിഷയത്തിലുള്ള ബി.എഡും പരിഗണിക്കും. പ്രൈമറി സ്കൂൾ നിയമനത്തിന് ഒന്നാം കാറ്റഗറി കെ-ടെറ്റ് നേടണം. പി.എസ്.സി. വിജ്ഞാപനങ്ങളിൽ കെ-ടെറ്റും നിർബന്ധ യോഗ്യതയാക്കി ഉൾപ്പെടുത്തുന്നുണ്ട്.

ഡി.എൽ.എഡ്.

ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് എന്നറിയപ്പെട്ടിരുന്ന ടി.ടി.സി.യാണ് ആദ്യം ഡി.എഡ് എന്നും പിന്നീട് ഡി.എൽ.എഡ്. എന്നും പേര് മാറ്റിയത്. സംസ്ഥാനത്ത് 200-ലേറെ സ്ഥാപനങ്ങളിൽ ഈ കോഴ്സ് നടത്തുന്നു. സർക്കാർ, എയ്‌ഡഡ് മേഖലകളിൽ 102 ടി.ടി.ഐ.കളാണ് പ്രവർത്തിക്കുന്നത്. സ്വാശ്രയമേഖലയിൽ നൂറിലേറെയുമുണ്ട്. രണ്ടുവർഷമാണ് കോഴ്സ് ദൈർഘ്യം. പ്ലസ്ടു/തത്തുല്യ കോഴ്സ് 50 ശതമാനം മാർക്കോടെ ജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ആകെ സീറ്റുകളിൽ 40 ശതമാനം വീതം സയൻസ്, ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്കും 20 ശതമാനം കൊമേഴ്സിനും പ്രവേശനം നൽകും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 33 വയസാണ്.

ഹൈസ്കൂൾ അധ്യാപകർ

ബിരുദവും ബി.എഡും കെ-ടെറ്റുമുള്ളവർക്ക് ഹൈസ്കൂളിൽ അധ്യാപകരാകാം. പരീക്ഷാഭവനാണ് കെ-ടെറ്റ് നടത്തുന്നത്. ബി.എഡിന് എല്ലാ വിഷയങ്ങളിലുമായി 17,000-ത്തോളം സീറ്റുകൾ കേരളത്തിലുണ്ട്. നാല് സർക്കാർ കോളേജുകൾ, 17 എയ്‌ഡഡ് കോളേജുകൾ, 137 സ്വകാര്യ സ്വാശ്രയ കോളേജുകൾ എന്നിവയ്ക്ക് പുറമേ കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കീഴിൽ 36 ട്രെയിനിങ് കോളേജുകളിലും ബി.എഡ്. കോഴ്സുണ്ട്. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷന്റെ അംഗീകാരത്തോടെയാണ് ബി.എഡ്. നടത്തേണ്ടത്.

50 ശതമാനം മാർക്കോടെ ബി.എ./ബി.എസ്സി. യോഗ്യതയുള്ളവർക്ക് ബി.എഡിന് അപേക്ഷിക്കാം. 10+2+3 പാറ്റേണിൽ ബിരുദം നേടിയവരാകണം. അപേക്ഷ അതത് കോളേജുകളിലേക്കാണ് സമർപ്പിക്കേണ്ടത്. ജൂൺ/ജൂലായ് മാസങ്ങളിലാണ് അപേക്ഷ ക്ഷണിക്കുന്നത്. യോഗ്യതാ പരീക്ഷയുടെ പാർട്ട് മൂന്നിലെ മാർക്കിന്റെ മെറിറ്റ് അടിസ്ഥാനത്തിലാണ് റാങ്ക്പട്ടിക തയ്യാറാക്കി പ്രവേശനം നൽകുന്നത്. രണ്ടുവർഷമാണ് കോഴ്സ് കാലാവധി.

എം.എഡ്.

അധ്യാപക പരിശീലന സ്ഥാപനങ്ങളിൽ അധ്യാപകരാകാനുള്ള യോഗ്യതയാണ് എം.എഡ്. ഒരുവർഷമായിരുന്ന കോഴ്സിന്റെ ദൈർഘ്യം രണ്ടുവർഷമാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ സർവകലാശാലകൾക്ക് കീഴിൽ 44 എം.എഡ്. ട്രെയിനിങ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.

Content Highlights: Teacher Training Courses and Career Prospects