ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റായ നെല്‍സണ്‍ മണ്ടേല ഒരിക്കല്‍ ഒരു പ്രസംഗത്തിനിടെ ഇങ്ങനെ പറയുകയുണ്ടായി 'കായികരംഗത്തിന് ഈ ലോകത്തെതന്നെ മാറ്റിമറിക്കാനുള്ള കെല്‍പ്പുണ്ട്' എന്ന്. അത് ശരിയാണെന്ന് പലപ്പോഴും തോന്നിയേക്കാം. ആളുകളെ ഒന്നിപ്പിക്കാനും സൗഹൃദം പങ്കിടുന്നത് പഠിപ്പിക്കാനുമെല്ലാം കായികം ഒരുപാട് സഹായിച്ചിട്ടുണ്ട്. യുവാക്കളെ ഇത്രമേല്‍ ആകര്‍ഷിക്കുന്ന മറ്റൊരു മേഖലയുമില്ല. കളിക്കാന്‍ അറിയുന്നതിനേക്കാള്‍ എങ്ങനെ കളിക്കണമെന്ന് പഠിപ്പിക്കുന്നവരെയാണ് അടുത്ത യുവതയ്ക്ക് ആവശ്യം. അതുകൊണ്ടുതന്നെ സ്പോര്‍ട്സ് കോച്ചിങ്ങിന്റെ ആവശ്യവും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇത് മുന്നില്‍ക്കണ്ട് പലരും കച്ചമുറുക്കി പുതിയ കോഴ്സുകള്‍ തേടി നടപ്പാണ്.
സ്പോര്‍ട്സുമായി ഏറെ ബന്ധമുള്ളവര്‍ക്കും കായികരംഗം ഇഷ്ടപ്പെടുന്നവര്‍ക്കും പറ്റിയ മേഖലയാണ് സ്പോര്‍ട്സ് കോഴ്സുകള്‍. സ്പോര്‍ട്സ് പഠിച്ച് അതിലൂടെ ഒരു ജോലിയും വരുമാനവും കണ്ടെത്തുക എന്നത് ചില്ലറക്കാര്യമല്ല. അതിനായി നിരവധി കോഴ്സുകള്‍ നമ്മുടെ രാജ്യത്തും പുറത്തുമുണ്ട്. അതില്‍ എടുത്തുപറയേണ്ടത് ഇന്ത്യയിലെ ആദ്യത്തെ ദേശീയ കായിക സര്‍വകലാശാലയെക്കുറിച്ചാണ്. ഇന്ത്യയില്‍ സ്ഥിതിചെയ്യുന്ന ഏക കായിക സര്‍വകലാശാലയും ഇതുതന്നെ. മണിപ്പൂരിലാണ് സര്‍വകലാശാല സ്ഥിതിചെയ്യുന്നത്. 2018-ല്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍വകലാശാല ഇംഫാലിലെ ഖുമാന്‍ ലംപക് സ്പോര്‍ട്സ് കോംപ്ലക്സിലാണ് പ്രവര്‍ത്തിക്കുന്നത്. 325 ഏക്കറുകളിലായി സ്ഥിതിചെയ്യുന്ന കായിക സര്‍വകലാശാല സ്പോര്‍ട്സിനോട് താത്പര്യമുള്ളവര്‍ക്ക് വിശാലമായൊരു ലോകമാണ് തുറന്നുകൊടുക്കുന്നത്.
അറിയാം കായികവിദ്യാഭ്യാസത്തെക്കുറിച്ച്
കായികരംഗത്ത് താത്പര്യമുള്ളവര്‍ക്കായി ഇന്ത്യയില്‍ നിരവധി യൂണിവേഴ്സിറ്റികളും കോളേജുകളും വ്യത്യസ്തമായ കോഴ്സുകള്‍ നല്‍കുന്നുണ്ട്. ബിരുദവും ബിരുദാനന്തരബിരുദവും ഡിപ്ലോമയുമെല്ലാം ഇതില്‍ ഉള്‍പ്പെടും. അത്തരത്തില്‍ കായികരംഗത്ത് പഠിക്കാനാകുന്ന ചില കോഴ്സുകളെ പരിചയപ്പെടാം.
ഡിപ്ലോമാ കോഴ്സുകള്‍
ഒരുവര്‍ഷം അല്ലെങ്കില്‍ രണ്ടുവര്‍ഷംകൊണ്ട് പഠിച്ചെടുക്കാവുന്ന കോഴ്സുകളാണ് ഡിപ്ലോമ. സ്പോര്‍ട്സ് രംഗവുമായി ബന്ധമുള്ള വിഷയങ്ങള്‍ പഠിച്ചവര്‍ക്കായാണ് ഈ കോഴ്സുകള്‍ പ്രധാനമായുമുള്ളത്. സ്പോര്‍ട്സ് മെഡിസിന്, സ്പോര്‍ട്സ് കോച്ചിങ്, സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷ്യന്‍ എന്നീ വിഷയങ്ങളിലാണ് ഇന്ത്യയില്‍ ഡിപ്ലോമാ കോഴ്സുകളുള്ളത്.
ബിരുദ കോഴ്സുകള്‍
മൂന്ന് അല്ലെങ്കില്‍ നാലുവര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്സുകളാണിവ. പ്ലസ്ടു പാസായ ആര്‍ക്കും ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബി.എസ്സി., ബി.എ. എന്നീ രണ്ട് സ്ട്രീമുകളിലായാണ് ബിരുദ കോഴ്സുകളുള്ളത്. ബി.എസ്സി. സ്ട്രീമില്‍ പഠിക്കണമെങ്കില്‍ പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്തിരിക്കണം. ബി.എസ്സി. സ്ട്രീമില്‍ ഫിസിക്കല്‍ എജുക്കേഷന്‍, ഹെല്‍ത്ത് എജുക്കേഷന്‍, സ്പോര്‍ട്സ് സയന്‍സ്, സ്പോര്‍ട്സ് ആന്‍ഡ് റിക്രിയേഷന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകളാണുള്ളത്.
ബി.എ. സ്ട്രീമില്‍ ഫിസിക്കല്‍ എജുക്കേഷന്‍, സ്പോര്‍ട്സ് മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷന് ഇന്‍ സ്പോര്‍ട്സ് മാനേജ്മെന്റ് എന്നീ കോഴ്സുകളുണ്ട്. ബിരുദാനന്തര ബിരുദ കോഴ്സുകളിലും നിരവധി അവസരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. ജോലിസാധ്യത ഊട്ടിയുറപ്പിക്കാന്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ സഹായിക്കുന്നു.
മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍, എം.എസ്സി. ഇന്‍ സ്പോര്‍ട്സ് കോച്ചിങ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സ്പോര്‍ട്സ് മെഡിസിന്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സ്പോര്‍ട്സ് മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സ്പോര്‍ട്സ് ബിസിനസ്, എം.ബി.എ. ഇന്‍ സ്പോര്‍ട്സ് മാനേജ്മെന്റ്, എം.എസ്സി. ഇന്‍ സ്പോര്‍ട്സ് സയന്‍സ് എന്നീ കോഴ്സുകളാണ് ഇന്ത്യയില്‍ പ്രധാനമായുമുള്ളത്.
ഇവയ്ക്ക് പുറമേ ഡോക്ടറേറ്റ് നേടാനുള്ള അവസരങ്ങളുമുണ്ട്. ഫിസിക്കല്‍ എജുക്കേഷനിലും സ്പോര്‍ട്സ് മാനേജ്മെന്റിലും പിഎച്ച്.ഡി. എടുക്കാനും ഫിസിക്കല്‍ എജുക്കേഷനില്‍ എം.ഫില്‍ എടുക്കാനും ഇന്ത്യയില്‍ സൗകര്യമുണ്ട്.
ദേശീയ കായിക സര്‍വകലാശാലയിലെ പ്രധാന കോഴ്സുകള്‍
ബിരുദകോഴ്സുകള്‍
ദേശീയ കായിക സര്‍വകലാശാലയില്‍ പ്രധാനമായും രണ്ട് ബിരുദ കോഴ്സുകളാണുള്ളത്.
1. ബി.എസ്സി. സ്പോര്‍ട്സ് കോച്ചിങ്ങ്
ഈ കോഴ്സ് പഠിക്കുന്നതിലൂടെ സ്പോര്‍ട്സ് കോച്ചാകാന്‍ സാധിക്കും. ആര്‍ച്ചറി, അത്ലറ്റിക്സ്, ബോക്സിങ്, ഫുട്ബോള്‍, ബാഡ്മിന്റണ്‍, ഭാരോദ്വഹനം, ഷൂട്ടിങ് എന്നീ വിഷയങ്ങളിലാണ് ബിരുദമെടുക്കാനാകുക. കായിക സര്‍വകലാശാലയിലൂടെ ഈ ബിരുദം കരസ്ഥമാക്കുന്നവര്‍ക്ക് ദേശീയ സംസ്ഥാന ടീമുകളുടെ കോച്ചാകാന്‍ സാധിക്കും. അതോടൊപ്പം നിരവധി സ്വകാര്യ സ്ഥാപനങ്ങളിലും അവസരം ലഭിക്കും.
യോഗ്യത: സ്പോര്‍ട്സ് കോച്ചിങ്ങില്‍ ഡിപ്ലോമയുള്ളവര്ക്കോ അല്ലെങ്കില്‍ നാലുവര്ഷത്തെയോ രണ്ടുവര്‍ഷത്തെയോ ബി.പി.എഡ്. കോഴ്സ് പാസായവര്‍ക്കോ തത്തുല്യ യോഗ്യതയുള്ളവര്‍ക്കോ ഈ കോഴ്സിനായി അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയിരിക്കണം. കോളേജ് അല്ലെങ്കില്‍ സംസ്ഥാന- ജില്ലാതലങ്ങളില്‍ ബോക്സിങ്, ഫുട്ബോള്‍, ബാഡ്മിന്റണ്‍, ഭാരോദ്വഹനം, ഷൂട്ടിങ് എന്നീ ഇനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണനയുണ്ട്.
എങ്ങനെ അഡ്മിഷന് നേടാം: നാലുവര്‍ഷത്തെ കോഴ്സാണിത്. ബോക്സിങ്, ഫുട്ബോള്‍, ബാഡ്മിന്റണ്‍, ഭാരോദ്വഹനം, ഷൂട്ടിങ് എന്നീ ഇനങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ മാത്രമേ അപേക്ഷിക്കാനാകൂ. അഡ്മിഷന്റെ സമയത്ത് പ്രൊഫിഷ്യന്‍സി ടെസ്റ്റ് പാസാകണം. പ്രവേശനം നേടിയതിനുശേഷം ഇനം മാറ്റാനാകില്ല. ഓരോ സ്ട്രീമിലും 10 സീറ്റുകള്‍ മാത്രമാണുള്ളത്.
2. ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് (BPES)
ഫിസിക്കല്‍ എജുക്കേഷനും സ്പോര്‍ട്സിനും ഒരുപോലെ പ്രാധാന്യം കല്‍പ്പിക്കുന്ന കോഴ്സാണിത്. ഈ കോഴ്സ് വഴി നല്ലൊരു കോച്ചായോ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചറായോ മാറാന്‍ സാധിക്കും. സ്പോര്‍ട്സ് അഡ്മിനിസ്ട്രേഷന്, ഫിറ്റ്നസ് ഹെല്‍ത്ത് ക്ലബ്, ലോ എന്‍ഫോഴ്സ്മെന്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരം ഈ കോഴ്സ് നല്‍കും.
യോഗ്യത: പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. മൂന്നുവര്‍ഷത്തെയും നാലുവര്‍ഷത്തെയും കോഴ്സുകളാണ് ഉണ്ടാകുക. 17 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. മെറിറ്റ് അടിസ്ഥാനത്തിലാണ് അഡ്മിഷന് നേടാനാകുക. എഴുത്തുപരീക്ഷ, സ്പോര്‍ട്സ് അഭിരുചിയറിയാനുള്ള പരീക്ഷ, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ് എന്നിവ പാസ്സാകണം.
എങ്ങനെ അഡ്മിഷന് നേടാം:
ഒരു ഗെയിം അല്ലെങ്കില്‍ സ്പോര്‍ട് മാത്രമേ എടുക്കാനാകുകയുള്ളൂ. ആര്‍ച്ചറി, അത്ലറ്റിക്സ്, ജിംനാസ്റ്റിക്സ്, ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോള്‍, കാനോയിങ്, ക്രിക്കറ്റ്, സൈക്ലിങ്, ഡൈവിങ്, ഫുട്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, ജൂഡോ, കബഡി, കയാക്കിങ്, ഖൊ-ഖൊ, ലോണ്‍ ടെന്നീസ്, പവര്‍ലിഫ്റ്റിങ് ആന്‍ഡ് ബെസ്റ്റ് ഫിസിക്ക്, സോഫ്റ്റ്ബോള്‍, സ്വിമ്മിങ്, ടേബിള്‍ ടെന്നീസ്, വോളിബോള്‍, വാട്ടര്‍ പോളോ, വെയ്റ്റ് ലിഫ്റ്റിങ്, റസ്ലിങ്, യോഗ എന്നിവയിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. അഭിരുചിപരീക്ഷയ്ക്ക് ഇവയിലേതെങ്കിലുമൊന്നില്‍ കഴിവ് തെളിയിക്കണം.
ബിരുദാനന്തര ബിരുദ കോഴ്സുകള്‍
എം.എസ്സി. സ്പോര്‍ട്സ് കോച്ചിങ്, എം.എ. സ്പോര്‍ട്സ് സൈക്കോളജി എന്നീ വിഷയങ്ങളിലാണ് ബിരുദാനന്തര ബിരുദ കോഴ്സുകളുള്ളത്.
എം.എസ്സി. സ്പോര്‍ട്സ് കോച്ചിങ്
ഈ കോഴ്സില്‍ അത്ല്റ്റിക്സ്, ബാഡ്മിന്റണ്‍, ബോക്സിങ്, ഫുട്ബോള്‍, ഭാരോദ്വഹനം എന്നിവയിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം.
യോഗ്യത: ബിരുദമാണ് അടിസ്ഥാന യോഗ്യത. 17 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മെറിറ്റ് അടിസ്ഥാനത്തിലാണ് അഡ്മിഷന് നേടാനാകുക. എഴുത്തുപരീക്ഷ, സ്പോര്‍ട്സ് അഭിരുചിയറിയാനുള്ള പരീക്ഷ, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ് എന്നിവ പാസാകണം.
എങ്ങനെ അഡ്മിഷന് നേടാം: മെറിറ്റ് അടിസ്ഥാനത്തിലാണ് അഡ്മിഷന് നടക്കുക. എഴുത്തുപരീക്ഷയ്ക്ക് പരമാവധി 50 മാര്‍ക്കും സ്കില്‍ ടെസ്റ്റിന് 40-ഉം അഭിമുഖത്തിന് 10 മാര്‍ക്കും ഉണ്ടാകും. ഇതില്‍ ഏറ്റവുമധികം മാര്‍ക്ക് നേടുന്നവര്‍ക്ക് അഡ്മിഷന് നേടാം.
എം.എ. സ്പോര്‍ട്സ് സൈക്കോളജി
യോഗ്യത: രണ്ടുവര്‍ഷത്തെ കോഴ്സാണിത്. സൈക്കോളജി, ഫിസിക്കല്‍ എജുക്കേഷന്‍ എന്നീ വിഷയങ്ങളിലേതെങ്കിലുമൊന്നില്‍ ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കോടെ ബിരുദം പാസായിരിക്കണം. കോളേജ്, ജില്ലാ, സംസ്ഥാനതലത്തില്‍ ഏതെങ്കിലുമൊരു സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്തിരിക്കണം.
എങ്ങനെ അഡ്മിഷന് നേടാം: മെറിറ്റ് അടിസ്ഥാനത്തിലാണ് അഡ്മിഷന് നടക്കുക. എഴുത്തുപരീക്ഷയ്ക്ക് പരമാവധി 50 ഉം സ്കില്‍ ടെസ്റ്റിന് 40-ഉം അഭിമുഖത്തിന് 10-ഉം മാര്‍ക്ക് ഉണ്ടാകും. ഇതില്‍ ഏറ്റവുമധികം മാര്‍ക്ക് നേടുന്നവര്‍ക്ക് അഡ്മിഷന് നേടാം. ആകെ പത്തുപേര്‍ക്കാണ് അഡ്മിഷന് ലഭിക്കുക.
വെബ്സൈറ്റ്:www.nsu.ac.in
ഇന്ത്യയിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് കോളേജുകള്‍
സംസ്ഥാനതലത്തിലുള്ളവ:
1. സ്വര്‍ണിം ഗുജറാത്ത് സ്പോര്‍ട്സ്, യൂത്ത് ആന്‍ഡ് കള്‍ച്ചര്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ്, ഗുജറാത്ത് വെബ്സൈറ്റ്: www.sgsu.gujarat.gov.in
2. തമിഴ്നാട് ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റി, ചെന്നൈ വെബ്സൈറ്റ്: www.tnpesu.org
3. ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍, ന്യൂഡല്‍ഹി വെബ്സൈറ്റ്: www.igipess.du.ac.in
മറ്റ് സ്ഥാപനങ്ങള്‍
1. നാഷണല്‍ അക്കാദമി ഓഫ് സ്പോര്‍ട്സ് മാനേജ്മെന്റ്, മുംബൈ വെബ്സൈറ്റ്: www.nasm.edu.in
2. സിംബിയോസിസ് സ്കൂള്‍ ഓഫ് സ്പോര്‍ട്സ് സയന്‍സസ്, പുണെ വെബ്സൈറ്റ്: www.ssss.edu.in
3. സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് സയന്‍സ്, ചെന്നൈ വെബ്സൈറ്റ്: www.csstrucoach.in
4. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് സയന്‍സ് ആന്‍ഡ് ടെക്നോളജി, പുണെ വെബ്സൈറ്റ്: www.isst.co.in
5. ഡല്‍ഹി യൂണിവേഴ്സിറ്റി വെബ്സൈറ്റ്: www.du.ac.in
6. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വെബ്സൈറ്റ്: www.pondiuni.edu.in
7. അളഗപ്പ യൂണിവേഴ്സിറ്റി, തമിഴ്നാട് വെബ്സൈറ്റ്: www.alagappauniversity.ac.in
8. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് മാനേജ്മെന്റ്, മുംബൈ വെബ്സൈറ്റ്: www.iismworld.com
മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആന്‍ഡ് സ്പോര്‍ട്സിന് കീഴിലുള്ളവ
1. ലക്ഷ്മിബായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍, ഗ്വാളിയോര്‍ വെബ്സൈറ്റ്: www.lnipe.edu.in
2. ലക്ഷ്മിബായ് നാഷണല്‍ കോളേജ് ഫോര്‍ ഫിസിക്കല്‍ എജുക്കേഷന്‍, തിരുവനന്തപുരം വെബ്സൈറ്റ്:www.lncpe.gov.in
Content Highlights: Sports related and physical education courses and career prospects