പെരുമ്പാവൂര്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് യു.എന്‍. പരിസ്ഥിതി വിഭാഗം ഓപ്പറേഷന്‍സ് മാനേജറും കരിയര്‍ ഉപദേശകനുമായ മുരളി തുമ്മാരുകുടി. മാതൃഭൂമി ഉപരിപഠനം ഡയറക്ടറി 2020 സംഘടിപ്പിച്ച 'ഉപരിപഠനത്തിന്റെ ഭാവി' എന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെവിടെനിന്നുള്ളവര്‍ക്കും എവിടെയുള്ള കോഴ്‌സും ചെയ്യാനാകുമെന്നതും മികച്ച അധ്യാപകരുടെ സേവനം പരിമിതമായ വിദ്യാര്‍ഥികളില്‍ ഒതുങ്ങിപ്പോകില്ല എന്നതും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രത്യേകതയാണ്. വളരെ കുറഞ്ഞ സമയംകൊണ്ടാണ് കേരളത്തിലെ അധ്യാപകരും വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് ചേക്കേറി വിപ്ലവം സൃഷ്ടിച്ചത്. അതേസമയം നേരിട്ട് അധ്യാപകരില്‍നിന്ന് പഠിക്കുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ ഓണ്‍ലൈന്‍- ഓഫ്‌ലൈന്‍ കോഴ്‌സുകളെ കുറിച്ചും സ്ഥാപനങ്ങളെ കുറിച്ചും സമഗ്രമായ വിവരങ്ങള്‍ നല്‍കാന്‍ മാതൃഭൂമി ഉപരിപഠനം ഡയറക്ടറിയ്ക്കായിട്ടുണ്ടെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. വെബിനാറില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

Content Highlights: online education Opening up huge possibilities - Murali Tummarukudi