മാനേജ്മെന്റ് രംഗം വിപുലമാണ്. അതില്‍ സ്പെഷ്യലൈസേഷനുകളും ഏറെയാണ്. വിജ്ഞാനത്തിന്റെയും വികസനത്തിന്റെയും പുതിയ മേഖലകള്‍ ദ്രുതഗതിയില്‍ ഉരുത്തിരിയുന്നതോടൊപ്പം മാനേജ്മെന്റില്‍ കൈവഴികളും ദിനംപ്രതി വികസിക്കുന്നു. അതിനോടൊപ്പം  തൊഴില്‍സാധ്യതകളും ഏറുന്നു. മത്സരാധിഷ്ഠിതമായ ആധുനിക ബിസിനസ് ലോകത്ത് സാഹചര്യങ്ങള്‍ പഠിക്കാനും വ്യക്തമായ തീരുമാനങ്ങളെടുക്കാനും വിദഗ്ധരായ മാനേജ്മെന്റ് പ്രൊഫഷണലുകളുടെ ആവശ്യവും വര്‍ധിക്കുകയാണ്. ബിസിനസ് ലോകത്തിന്റെ ആവശ്യങ്ങളും വസ്തുതകളും മനസ്സിലാക്കിക്കൊണ്ടാണ് ഇന്നത്തെ ബിസിനസ് സ്‌കൂളുകളില്‍ മാനേജ്മെന്റ് പഠനം രൂപപ്പെടുത്തിയിരിക്കുന്നത്. മാനേജ്മെന്റ് വിദ്യാഭ്യാസം അഞ്ച് തലങ്ങളില്‍ ലഭ്യമാണ്.

1. അണ്ടര്‍ ഗ്രാജുവേറ്റ്
2. ഡിപ്ലോമ (അണ്ടര്‍ ഗ്രാജുവേറ്റ്/പി.ജി.)
3. ഇന്റഗ്രേറ്റഡ് എം.ബി.എ.
4. പോസ്റ്റ് ഗ്രാജുവേറ്റ്
5. ഡോക്ടറല്‍ (റിസര്‍ച്ച് സ്റ്റഡീസ്)

അണ്ടര്‍ ഗ്രാജുവേറ്റ് ലെവല്‍

പരമ്പരാഗത ബിരുദപഠനത്തിന്റെ മാതൃകയില്‍ ത്രിവത്സര കോഴ്സുകള്‍ മാനേജ്‌മെന്റ് പഠനത്തിലും ലഭ്യമാണ്. ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (BBA), ബാച്ചിലര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (BMS), ബാച്ചിലര്‍ ഓഫ് ബിസിനസ് സ്റ്റഡീസ് (BBS), ബാച്ചിലര്‍ ഓഫ് ബിസിനസ് മാനേജ്മെന്റ് (BBM) തുടങ്ങിയ കോഴ്സുകള്‍ വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ നടത്തുന്നുണ്ട്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ബിസിനസ് സ്റ്റഡീസില്‍ ബാച്ചിലര്‍ ഓഫ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് അനാലിസിസ് (BFIA) എന്ന സ്പെഷ്യലൈസ്ഡ് കോഴ്സ് ലഭ്യമാണ്. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ബാച്ചിലര്‍ ഓഫ് മാര്‍ക്കറ്റിങ് മാനേജ്മെന്റ് (BMM), ബാച്ചിലര്‍ ഓഫ് ബാങ്ക് മാനേജ്മെന്റ് (BBM), ബാച്ചിലര്‍ ഓഫ് ഫോറിന്‍ ട്രേഡ് (BFT) തുടങ്ങിയ കോഴ്സുകളും നടത്തുന്നു. ഇവയുടെ യോഗ്യത പ്ലസ്ടുവാണ്.

ഡിപ്ലോമ

ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്സുകള്‍ മിക്ക സര്‍വകലാശാലകളും നടത്തുന്നുണ്ട്. ബിസിനസ് അഡ്മിനിസ്ട്രേഷന്‍, മാനേജ്മെന്റ് സ്റ്റഡീസ് തുടങ്ങിയ പൊതുവായ വിഷയങ്ങള്‍ക്ക് പുറമേ സ്പെഷ്യലൈസ്ഡ് വിഭാഗങ്ങളിലും കോഴ്സുകളുണ്ട്. അഡ്വര്‍ടൈസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജ്മെന്റ്, അഡ്മിനിസ്ട്രേറ്റീവ് മാനേജ്മെന്റ്, ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് മാനേജ്മെന്റ്, എക്സ്പോര്‍ട്ട് മാനേജ്മെന്റ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ് തുടങ്ങിയവ ഉദാഹരണം.

ഇന്റഗ്രേറ്റഡ്

എം.ബി.എ. അഥവ ബി.ബി.എ.+എം.ബി.എ. ലഭ്യമാകുന്ന തരത്തിലൂള്ള കോഴ്‌സാണിത്. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ചേരാം. കാലാവധി അഞ്ചുവര്‍ഷം. റഗുലര്‍ കോഴ്സാണിത്. പ്രധാന പഠനകേന്ദ്രങ്ങള്‍
1. IIM, Indore (www.iimidr.ac.in)
2. IIM, Rohtak (www.iimrohtak.ac.in)
3. Nirma University, Gujarat, (www.nirmauni.ac.in)

ബിരുദാനന്തരബിരുദം

ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കാണ് പി.ജി. തലത്തില്‍ പ്രവേശനം. സര്‍വകലാശാലാതലത്തില്‍ എം.ബി.എ. ബിരുദവും ഇതരസ്ഥാപനങ്ങളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടാന്‍ പര്യാപ്തമായ ദ്വിവത്സര കോഴ്സുകളാണ് ഈ വിഭാഗത്തിലുള്ളത്. അംഗീകൃത സര്‍വകലാശാലകളിലോ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള ബിസിനസ് സ്‌കൂളുകളിലോ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളില്‍ ചേരുന്നതാണ് അഭിലഷണീയം. പല സര്‍വകലാശാലകളിലും ഉദ്യോഗസ്ഥര്‍ക്കായി പാര്‍ട്ട്ടൈം എം.ബി.എ. കോഴ്സുകള്‍ നടത്തുന്നുണ്ട്.

അക്കൗണ്ടിങ്, മാനവവിഭവ മാനേജ്മെന്റ്, മാര്‍ക്കറ്റിങ് മാനേജ്മെന്റ്, സാമ്പത്തികശാസ്ത്രം, രാജ്യാന്തര ബിസിനസ്, കംപ്യൂട്ടര്‍ സിസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ എന്നീ വിഷയങ്ങള്‍ എം.ബി.എ. പാഠ്യപദ്ധതിയില്‍ പൊതുവേ ഉള്‍പ്പെടുന്നു. രണ്ടുവര്‍ഷമാണ് പഠനകാലം. നാല് സെമസ്റ്ററുകളായാണ് എം.ബി.എ. പഠനം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ഡോക്ടറല്‍ ലെവല്‍

മാനേജ്മെന്റ് രംഗത്ത് വിദഗ്ധരായ അധ്യാപകരെ പരിശീലിപ്പിച്ചെടുക്കുന്നതിന് പിഎച്ച്.ഡി./എം.ഫില്‍. തലത്തിലുള്ള കോഴ്സുകള്‍ വിവിധ സര്‍വകലാശാലകളില്‍ നടത്തുന്നു. നാല് ഐ.ഐ.എമ്മുകളില്‍ പിഎച്ച്.ഡി.ക്ക് തത്തുല്യമായ ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് (FPM) കോഴ്സുകളുണ്ട്. ജംഷദ്പുരിലെ സേവ്യേഴ്‌സ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലും (XLRI) ഫെലോ പ്രോഗ്രാം നടത്തുന്നു. ഐ.ഐ.ടി. മുംബൈ, പിഎച്ച്.ഡി. പ്രോഗ്രാം നടത്തുന്നുണ്ട്.

ലോകോത്തര മികവിന്റെ ഐ.ഐ.എമ്മുകള്‍

മാനേജ്മെന്റ് പഠനമേഖലയില്‍ രാജ്യത്തെ അഭിമാനാര്‍ഹമായ സ്ഥാപനങ്ങളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ 20 കേന്ദ്രങ്ങള്‍.

രാജ്യത്തെ ഐ.ഐ.എമ്മുകള്‍: അഹമ്മദാബാദ് (iima.ac.in), ബംഗളൂരു (iimb.ac.in), കൊല്‍ക്കത്ത (iimcal.ac.in), ലഖ്‌നൗ (iiml.ac.in), കോഴിക്കോട് (iimk.ac.in), ഇന്ദോര്‍ (iimidr.ac.in), ഉദയ്പുര്‍ (iimu.ac.in), ട്രിച്ചി (iimtrchy.ac.in) , റാഞ്ചി (iimranchi.ac.in), ഷില്ലോങ് (iimshillong.ac.in), റോത്തക് (iimrohtak.ac.in)്, ബോധ്ഗയ (iimbg.ac.in), കാശിപുര്‍ (iimkashipur.ac.in), അമൃത്സര്‍ (iimamritsar.ac.in), വിശാഖപട്ടണം (iimv.ac.in), റായ്പുര്‍ (iimraipur.ac.in), നാഗ്പുര്‍ (iimnagpur.ac.in), ജമ്മു (iimj.ac.in), സംബല്‍പുര്‍ (iimsambalpur.ac.in), സിര്‍മോര്‍ (iimsirmaur.ac.in).

കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനുകീഴിലുള്ള സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ എജുക്കേഷന്റെ നിയന്ത്രണത്തിലാണ് ഈ സ്ഥാപനങ്ങള്‍.

എം.ബി.എ.യ്ക്ക് തത്തുല്യമായ ദ്വിവത്സര പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളും (പി.ജി.പി.) പിഎച്ച്.ഡി.യ്ക്ക് തത്തുല്യമായ ഫെലോ പ്രോഗ്രാമുകളും (എഫ്.പി.എം.) ഇവിടെ നടത്തുന്നു. നൂതനമായ മറ്റ് ചില കോഴ്സുകളും ഉദ്യോഗസ്ഥര്‍ക്കുള്ള ഹ്രസ്വകാല പരിശീലനകോഴ്സുകളും ചില കേന്ദ്രങ്ങളിലുണ്ട്. കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT) മുഖേനയാണ് പ്രവേശനം. ഉയര്‍ന്ന സ്‌കോര്‍ നേടുന്നവരെ ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവയിലൂടെ തിരഞ്ഞെടുക്കും.

കോഴ്സുകള്‍: 

*പി.ജി.പി.: യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
*എഫ്.പി.എം. : യോഗ്യത: 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്കോടെ ഏതെങ്കിലും മാസ്റ്റര്‍ ബിരുദം. എന്‍ജിനീയറിങ് ടെക്നോളജിയില്‍ ഫസ്റ്റ് ക്ലാസ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം.
*അഗ്രി ബിസിനസ് മാനേജ്മെന്റ്  (PGPABM) : യോഗ്യത: അഗ്രികള്‍ച്ചറിലോ അതുമായി ബന്ധപ്പെട്ട വിഷയത്തിലോ ബിരുദം/മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ ബിരുദവും അഗ്രികള്‍ച്ചര്‍, അഗ്രോ/ഫുഡ് പ്രോസസിങ്, റൂറല്‍, ബന്ധപ്പെട്ട മേഖലയില്‍ അഭിരുചിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കാലാവധി 15 മാസം.
*ബിസിനസ് മാനേജ്മെന്റ് (പി.ജി.ഡി.ബി.എം.):  യോഗ്യത: ബിരുദവും എക്സിക്യുട്ടീവ്/സൂപ്പര്‍വൈസര്‍ തസ്തികയില്‍ 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും. കാലാവധി : 3 വര്‍ഷം.
*കംപ്യൂട്ടര്‍ എയ്ഡഡ് മാനേജ്മെന്റ് (PGDCM) : യോഗ്യത: മാത്തമാറ്റിക്സും ഫിസിക്സും വിഷയങ്ങളായി ബിരുദം കാലാവധി 2 വര്‍ഷം.
*സോഫ്‌റ്റ്വേര്‍ എന്റര്‍പ്രൈസ് മാനേജ്മെന്റ് (PGPSEM) : യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സോഫ്‌റ്റ്വേര്‍ വ്യവസായത്തില്‍ 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും.
*പബ്ലിക് മാനേജ്മെന്റ് ആന്‍ഡ് പോളിസി (PGP-PMP) : പ്രൊഫഷണലുകളെ ഉദ്ദേശിച്ചാണ് കോഴ്സ്.
*പബ്ലിക് പോളിസി ആന്‍ഡ് മാനേജ്മെന്റ് (PGP-PPM) : പ്രൊഫഷണലുകള്‍ക്കാണ് പ്രവേശനം.
*പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് : എക്സിക്യുട്ടീവുകള്‍ക്ക് വേണ്ടിയുള്ള കോഴ്സ്

CAT പരീക്ഷ

ബിസിനസ് മാനേജ്മെന്റ് കോഴ്സുകള്‍ക്ക് ഐ.ഐ.എമ്മുകളിലും മറ്റു പ്രമുഖ സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കുവാന്‍ ആദ്യ പടിയായി പൊതുപ്രവേശന പരീക്ഷ (CAT). ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നടത്തുന്ന ഈ പരീക്ഷ ഡിസംബറിലാണ് നടക്കുക.  ഇതു സംബന്ധിച്ച അറിയിപ്പുകള്‍ ഓഗസ്റ്റ് /സെപ്റ്റംബര്‍ മാസങ്ങളിലെ പ്രമുഖ ദേശീയപത്രങ്ങളില്‍ പ്രസിദ്ധീകരിക്കും.
CAT പരീക്ഷയുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലാണ് എല്ലാ ഐ.ഐ.എം. സ്ഥാപനങ്ങളും ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കും  ഫെലോ-ഡോക്ടറല്‍ പ്രോഗ്രാമുകളിലേക്കും വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക. ഫെലോഷിപ്പ് പ്രോഗ്രാമിന് ഐ.ഐ.എമ്മുകളിലേക്ക് പ്രത്യേകമായി അപേക്ഷിക്കണം.  

രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയാണിത്.  വാക്‌സാമര്‍ഥ്യവും (verbal) ധാരണാശേഷിയും (comprehension)  പ്രശ്നപരിഹാര സാമര്‍ഥ്യവും (problem solving) വസ്തുതാ അപഗ്രഥന സാമര്‍ഥ്യവും (Data analysis skill) ഈ അവസരത്തില്‍  പരീക്ഷിക്കപ്പെടും.
ഓരോ ഇനത്തിലുമുള്ള ചോദ്യങ്ങളുടെ എണ്ണവും സ്വഭാവവും ഓരോ വര്‍ഷവും വ്യത്യസ്തമായിരിക്കും. പരീക്ഷാ റാങ്ക് ലിസ്റ്റിന് അതത് വര്‍ഷത്തെ പ്രാബല്യമേ ഉണ്ടായിരിക്കുകയുളളൂ. അതേ സമയം ജി.എം.എ.ടി. (ഗ്രാജുവേറ്റ് മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) റാങ്ക് ലിസ്റ്റുകള്‍ക്ക് അഞ്ചുവര്‍ഷത്തെ സാധുതയുണ്ടായിരിക്കും. വിദേശ സര്‍വകലാശാലകളിലെ എം.ബി.എ./പിഎച്ച്ഡി. കോഴ്സുകളിലെ പ്രവേശനത്തിന് GMAT പാസാവണം.

മാറ്റ് (MAT)

IIM, IIT-കള്‍ ഒഴികെയുളള രാജ്യത്തെ പ്രമുഖ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളില്‍ എം.ബി.എ., പി.ജി. ഡിപ്ലോമ എന്നിവയുടെ പ്രവേശനം മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ (മാറ്റ്) അടിസ്ഥാനത്തിലാണ്. രാജ്യത്തെ 100-ലേറെ മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്കുള്ള പൊതു പ്രവേശനപരീക്ഷയാണിത്.  
യോഗ്യതയും പരീക്ഷാരീതിയും ഏതെങ്കിലും വിഷയത്തിലുളള അംഗീകൃത സര്‍വകലാശാല ബിരുദമാണ് മാറ്റിന് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത.  അവസാനവര്‍ഷ ബിരുദക്കാര്‍ക്കും  അപേക്ഷിക്കാം. www.aima.in

XAT

മുന്‍നിര ബിസിനസ് സ്‌കൂളായ ജംേഷദ്പുര്‍ സേവ്യഴ്‌സ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്  അടക്കം നൂറിലേറെ ബിസിനസ് സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണ് XAT. കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, മംഗളൂരു, ബെംഗളൂരു, ചെന്നൈ, മുബൈ, ഡല്‍ഹി, ദുബായ് അടക്കമുള്ള കേന്ദ്രങ്ങളില്‍ ടെസ്റ്റ് നടത്തും (XAT Office, XLRI, CH AreaEtsa Jamshedpur 831001 email; admissions@xatonline.net.in www.xatonline.net.in). ഏതെങ്കിലും വിഷയത്തില്‍ സര്‍വകലാശാലാ ബിരുദം നേടുന്നവര്‍ക്ക് പ്രവേശനത്തിന് അര്‍ഹതയുണ്ട്. വിശദനിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട് - www.xlri.edu, www.xlri.ac.in ടെസ്റ്റില്‍ സ്‌കോര്‍ നേടിയതുകൊണ്ടുമാത്രം പ്രവേശനം കിട്ടിയില്ല. നിങ്ങള്‍ക്ക് താത്പര്യമുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിന് അതത് സമയം പ്രസക്ത നിര്‍ദേശങ്ങളനുസരിച്ച് വെവ്വേറെ അപേക്ഷ സമര്‍പ്പിച്ചുകൊള്ളണം. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ മുതലായവയും വിജയകരമായി നേരിടേണ്ടതുണ്ട്.

Must Read: വിവിധ മാനേജ്‌മെന്റ് സ്‌പെഷ്യലൈസേഷനുകളും സ്ഥാപനങ്ങളും പ്രവേശന രീതീയും

thozhil

Content Highlights: Management Courses, Admission and Career Prospects