തൊരു രാജ്യത്തിന്റെയും കെട്ടുറപ്പും പുരോഗതിയും സ്ഥിരതയും അന്താരാഷ്ട്രബന്ധങ്ങളുമെല്ലാം രാജ്യത്തിന്റെ സൈനികശക്തിയെക്കൂടി ആശ്രയിച്ചിരിക്കും. നമ്മുടെ സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റുകളില്‍ നിര്‍ദിഷ്ട യോഗ്യതകളുള്ള ആര്‍ക്കും പങ്കെടുക്കാം. ആര്‍മിയിലേക്കുള്ള തിരഞ്ഞെടുപ്പായ 'ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് റാലി' വളരെ സുതാര്യമായ പ്രക്രിയയാണ്. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ ഈ മേഖലയിലേക്ക് ആവേശത്തോടെ കടന്നുവരുന്നു.

സേനാവിഭാഗങ്ങളുടെ ദൗത്യം

നമ്മുടെ രാജ്യത്തെ ബാഹ്യശക്തികളുടെ ആക്രമണത്തില്‍നിന്ന് സംരക്ഷിക്കുക എന്നതാണ് സേനയുടെ പ്രഥമ ദൗത്യം. കരമാര്‍ഗമുള്ള ആക്രമണങ്ങളെ ആര്‍മി അഥവാ കരസേനയും ജലമാര്‍ഗമുള്ള ആക്രമണങ്ങളെ നേവി അഥവാ നാവികസേനയും ആകാശമാര്‍ഗമുള്ള ആക്രമണങ്ങളെ എയര്‍ഫോഴ്‌സ് അഥവാ വ്യോമസേനയും ചെറുത്തുതോല്പിക്കും. ഇതുകൂടാതെ, അടിയന്തര സാഹചര്യത്തില്‍ രാജ്യം സൈന്യത്തോടാവശ്യപ്പെടുന്ന ഏത് സേവനവും ചെയ്യാനും സേന സദാ സജ്ജമാണ്. പോലീസും അര്‍ധസൈനികവിഭാഗങ്ങളും ഒരുമിച്ച് ചേര്‍ന്നിട്ടും ക്രമസമാധാനം പുനഃസ്ഥാപിക്കാനാവാത്ത സാഹചര്യം വരുമ്പോഴും സേനയുടെ സഹായം തേടാറുണ്ട്. രാജ്യത്തിനകത്തുതന്നെയുള്ള വിവിധതരം കലാപങ്ങളെ അടിച്ചമര്‍ത്താനും സൈന്യത്തെ വിന്യസിക്കുന്നു.

വെള്ളപ്പൊക്കം, സുനാമി, ഭൂകമ്പം, പകര്‍ച്ചവ്യാധികള്‍ തുടങ്ങി ദുരന്തമുഖങ്ങളിലും സേനയുടെ സേവനം രാജ്യത്തിന് ലഭ്യമാക്കാറുണ്ട്. ചുരുക്കത്തില്‍ സേനയുടെ കരസ്പര്‍ശമേല്‍ക്കാത്ത ഒരു മേഖലയുമില്ല. എല്ലാ മേഖലയിലും പ്രാവീണ്യവും വൈദഗ്ധ്യവുമുള്ള പതിനായിരക്കണക്കിന് വിദഗ്ധര്‍ സൈന്യത്തിലുണ്ട്. ചെരുപ്പുകുത്തിമുതല്‍ ശാസ്ത്രജ്ഞര്‍വരെ, ഡ്രൈവര്‍മാര്‍മുതല്‍ പൈലറ്റുകള്‍വരെയും, നഴ്‌സ്, ടീച്ചര്‍, ഡോക്ടര്‍, എന്‍ജിനീയര്‍, വക്കീല്‍, ഗവേഷകര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും, തയ്യല്‍ക്കാരന്‍, പാചകക്കാരന്‍, ശുചീകരണ ജോലിക്കാരന്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ബാര്‍ബര്‍, അലക്കുകാര്‍, വെയ്റ്റര്‍ തുടങ്ങിയ ജോലിക്കാരും, ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, പ്രിന്റിങ് പ്രസ് ജോലിക്കാര്‍ എല്ലാം സേനയിലുമുണ്ട്. സേനയ്ക്ക് പ്രത്യേക പോലീസ്വിഭാഗങ്ങളുമുണ്ട്.

എങ്ങനെ ചേരാം?

വിരല്‍ത്തുമ്പ് ചലിപ്പിച്ചാല്‍ പ്രപഞ്ചത്തിലെ ഏത് വിവരവും വിശദമായി ലഭ്യമാക്കുന്ന വിവരസാങ്കേതികവിദ്യയുടെ കാലത്താണ് നാമിപ്പോള്‍. സാങ്കേതികവിദ്യ വളര്‍ന്ന ഈ കാലഘട്ടത്തില്‍ റിക്രൂട്ട്‌മെന്റുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ധാരാളം തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് എല്ലാ വിഭാഗക്കാരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കയാണ്. ഏതാണ് സത്യം, ഏതാണ് അസത്യം എന്നതറിയാനാണ് ഇപ്പോള്‍ ബുദ്ധിമുട്ട്. ഇവിടെയാണ് ഇത്തരം ലേഖനങ്ങളുടെ പ്രസക്തി.

ഓരോ റിക്രൂട്ട്മെന്റുകള്‍ക്ക് മുമ്പും രാജ്യത്തെ പ്രമുഖ തൊഴില്‍ പ്രസിദ്ധീകരണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും. ആധികാരികമായ വെബ്സൈറ്റായ www.joinindianarmy.nic.in ല്‍ വിജ്ഞാപനം ലഭിക്കുന്നതാണ്. മറ്റുള്ള ജോലികള്‍ പോലെ വിദ്യാഭ്യാസയോഗ്യത മാത്രമല്ല സൈന്യത്തിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. സൈന്യത്തിലേക്ക് താഴെ പറയുന്ന മൂന്നുതരം കഴിവുകള്‍ വേണം:

1. മനസാ- നല്ല മാനസികാരോഗ്യം, ഇച്ഛാശക്തി, കാര്യങ്ങള്‍ തീരുമാനിക്കാനുള്ള കഴിവ്, ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നതുവരെ അനുസ്യൂതം പ്രയത്നിക്കാനുള്ള മനഃശക്തി.
2. വാചാ- നല്ല ആശയവിനിമയ പാടവം.
3. കര്‍മ്മണാ- നല്ല കായികക്ഷമത.

തിരഞ്ഞെടുപ്പ് ഘട്ടങ്ങള്‍

ഒന്നാംഘട്ടം: ഉയരം, തൂക്കം, നെഞ്ചളവ് എന്നിവ പരിശോധിക്കുന്നു. നിര്‍ദിഷ്ട നിലവാരം ഇല്ലാത്ത ഉദ്യോഗാര്‍ഥികളെ പരിഗണിക്കില്ല.

രണ്ടാംഘട്ടം: PET (ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്) അഥവാ കായികക്ഷമതാ പരീക്ഷ.
5 മിനിറ്റ് 30 സെക്കന്‍ഡിനുള്ളില്‍ ഒരു മൈല്‍ ദൂരം (1600 മീറ്റര്‍) ഓടണം. 60 മാര്‍ക്കാണ് ഈ സമയപരിധിക്കുള്ളില്‍ എത്തിയാല്‍ ലഭിക്കുക. സമയ ദൈര്‍ഘ്യം കൂടുന്നതനുസരിച്ച് മാര്‍ക്ക് കുറയും. അതുകൊണ്ടുതന്നെ 5 മിനിറ്റ് 30 സെക്കന്‍ഡിനുള്ളില്‍ത്തന്നെ ഓടി എത്താനാണ് ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 100 മുതല്‍ 200 വരെയുള്ള കൂട്ടങ്ങളായിട്ടാണ് ഓടേണ്ടത്. അതുകൊണ്ടുതന്നെ വേഗത്തോടൊപ്പം കൗശലവും നിര്‍ബന്ധം. മിടുക്കന്മാരില്‍ മിടുക്കന്മാരെയാണ് സേനയ്ക്കാവശ്യം. ലഭ്യമായവരില്‍ നിന്നുള്ള മിടുക്കന്മാരെയല്ല തിരഞ്ഞെടുക്കുന്നത്. 20,000 ഉദ്യോഗാര്‍ഥികള്‍ തുടക്കത്തില്‍ പങ്കെടുക്കുന്ന ഒരു റിക്രൂട്ട്മെന്റ് റാലിയില്‍ അന്തിമമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ കേവലം 2000 ആയിരിക്കും. ശരാശരി 10% മുതല്‍ 20% വരെ.

മൂന്നാംഘട്ടം: ഓട്ടത്തില്‍ നിശ്ചിത നിലവാരം പുലര്‍ത്തിയവരെ മാത്രം പുള്‍ അപ് (ചിന്‍ അപ്) ചെയ്യാന്‍ അനുവദിക്കുന്നു. ശരീരഭാരം തന്റെ സ്വന്തം കരങ്ങള്‍ക്ക് വഴങ്ങണം. വിലങ്ങനെ വെച്ചിരിക്കുന്ന മരക്കഷണത്തില്‍ രണ്ടുകൈകളും ഉപയോഗിച്ച് തൂങ്ങി ശരീരം ആടാതെ ഉയര്‍ത്തണം. ഓരോ തവണയും താടിയെല്ല് മരക്കഷണത്തിന്റെ മുകളില്‍ എത്തണം. ഇപ്രകാരം 10 എണ്ണം ചെയ്യുക. ഏഴെണ്ണമെങ്കിലും നിര്‍ബന്ധം. അമിത ശരീരഭാരം ഉള്ളവര്‍ ആദ്യം ചെയ്യേണ്ടത് ഭാരം കുറയ്ക്കുക എന്നതാണ്.

നാലാംഘട്ടം: ഒമ്പത് അടി നീളമുള്ള കിടങ്ങ് ചാടി മറികടക്കണം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഓടിവന്ന് കിടങ്ങിലേക്ക് ദൃഷ്ടി പതിപ്പിക്കാതിരിക്കുക എന്നതാണ്. കിടങ്ങ് വലിയ ആഴമുള്ളതല്ലെങ്കിലും മാനസികദൃഢതകൂടി പ്രധാനമാണ് ഈ ടെസ്റ്റില്‍. വളരെ കൂളായിത്തന്നെ ഒമ്പത് അടി ലോങ്ങ് ജമ്പ് ചാടുന്ന ആള്‍ക്കുപോലും ചിലപ്പോള്‍ കാലിടറും. അതുകൊണ്ട് കിടങ്ങ് ഉണ്ടെന്നുള്ള കാര്യം മറന്നേക്കുക. ദൃഷ്ടി മുമ്പോട്ടുതന്നെ പതിപ്പിച്ച് ചാടിയാല്‍ അനായാസം ചെയ്യാവുന്ന കായിക ഇനമാണിത്.

അഞ്ചാംഘട്ടം: മരക്കുറ്റിയിന്മേല്‍ നിര്‍ത്തിയിരിക്കുന്ന വീതികുറഞ്ഞ പലകക്കഷണത്തിലൂടെ വീഴാതെ ബാലന്‍സ് ചെയ്ത് നടക്കുക എന്നതാണ്. ഇവിടെയും മനോധൈര്യത്തിനും ഏകാഗ്രതയ്ക്കുമാണ് കായികക്ഷമതയെക്കാള്‍ പ്രാധാന്യം. ഒമ്പത് അടി കിടങ്ങ് ചാടുന്നതും, ബാലന്‍സ് നടത്തവും യോഗ്യതാ നിര്‍ണയ ടെസ്റ്റുകളാണ് എങ്കിലും പ്രത്യേകിച്ച് മാര്‍ക്കില്ല.
ഇതോടുകൂടി കായികക്ഷമതാ കടമ്പ കഴിഞ്ഞു. ഓരോ ഘട്ടത്തിലും വിജയികളായവരെ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കൂ.

മെഡിക്കല്‍ ചെക്കപ്പ്

ആരോഗ്യത്തിന് അസുഖമില്ലായ്മ എന്ന അര്‍ഥമല്ല സേനാതിരഞ്ഞെടുപ്പില്‍. മൂന്ന് മിലിട്ടറി ഡോക്ടര്‍മാര്‍ വിശദമായി പരിശോധിക്കും. ആദ്യം പ്രഥമദൃഷ്ട്യാ വൈകല്യങ്ങള്‍ ഉണ്ടോയെന്ന് നോക്കും. 30 ഡിഗ്രിയില്‍ പാദങ്ങള്‍ അകറ്റിവയ്ക്കുമ്പോള്‍ കാല്‍മുട്ടുകള്‍ കൂട്ടിമുട്ടരുത്. അതിനെ Knock Knee എന്നാണ് പറയുക. അത് അയോഗ്യതയാണ്. പരന്ന പാദം, കോങ്കണ്ണ്, പൊട്ടിയൊലിക്കുന്ന ചെവി, എല്ലുകള്‍ക്കും പല്ലുകള്‍ക്കും വൈകല്യം എന്നിവയെല്ലാം അയോഗ്യതയാണ്.

ഒരു ഡോക്ടര്‍ കഴുത്തുമുതല്‍ തലവരെയുള്ള ഭാഗം, മറ്റൊരു ഡോക്ടര്‍ കഴുത്തുമുതല്‍ അരക്കെട്ടുവരെയുള്ള ഭാഗം, മൂന്നാമത്തെ ഡോക്ടര്‍ അരക്കെട്ടുമുതല്‍ കാല്‍വിരലുകള്‍വരെയുള്ള ഭാഗം വിശദമായി പരിശോധിക്കും. നല്ല കാഴ്ചശക്തി, ശ്രവണശക്തി എന്നിവ നിര്‍ബന്ധം. കണ്ണട വയ്ക്കാതെതന്നെ 6/6 കാഴ്ചശക്തി ഉണ്ടായിരിക്കണം. ചെവിയില്‍ അടിഞ്ഞുകൂടിയ 'ചെവിക്കായം' (Ear Wax) പോലുള്ളവയ്ക്ക് താത്കാലിക അയോഗ്യത കല്പിച്ചേക്കാം. അവര്‍ ഉടന്‍തന്നെ അത് നീക്കംചെയ്യിച്ചശേഷം വീണ്ടും RMOയുടെ (Recruiting Medical Officer) അടുത്ത് റിപ്പോര്‍ട്ട്ചെയ്യണം.

അന്തിമ കടമ്പ

ഇതുവരെ പ്രതിപാദിച്ച ഘട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ അന്തിമ കടമ്പയായ എഴുത്തുപരീക്ഷയാണ്. ഇവിടെയാണ് ഉദ്യോഗാര്‍ഥികള്‍ ചില മിഥ്യാധാരണകള്‍ വെച്ചുപുലര്‍ത്തുകയും അമിത ആത്മവിശ്വാസത്തിലേക്ക് വഴുതിവീഴുകയും അതുവഴി വേണ്ടത്ര തയ്യാറെടുപ്പില്ലാതെ എഴുത്തുപരീക്ഷയെ സമീപിക്കുകയും ചെയ്യുന്നത്. ''ഇതുവരെയുള്ള ടെസ്റ്റുകളെല്ലാം പാസായി. അതുപോലെ ഇതും പാസാവും.'' എന്ന ഒരു ചിന്ത വരുന്നു. ഇതുവരെയുള്ള ടെസ്റ്റുകളില്‍ നിങ്ങളോടൊപ്പം ഓടിയവരും ചാടിയവരും മാത്രമായിട്ടായിരുന്നു മത്സരം. എഴുത്തുപരീക്ഷ നിങ്ങള്‍ കാണാത്ത നിരവധി ഉദ്യോഗാര്‍ഥികളുമായി അഖിലേന്ത്യാതലത്തിലാണ് മാറ്റുരയ്ക്കേണ്ടത്. ഈ തിരിച്ചറിവ് നിര്‍ബന്ധമായും ഉണ്ടാവണം.
എഴുത്തുപരീക്ഷയും കഴിഞ്ഞാല്‍ 15 ദിവസംമുതല്‍ ഒരുമാസംവരെ ഏതുസമയത്ത് വേണമെങ്കിലും റിസള്‍ട്ട് വരും. പി.എസ്.സി. പരീക്ഷകളെപ്പോലെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട ആവശ്യമില്ല.

ട്രേഡുകള്‍ ഏതൊക്കെ?

1. GD SOLDIER
ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ജനറല്‍ ഡ്യൂട്ടി സോള്‍ജ്യര്‍ (GD Soldier) തസ്തികയിലാണ്. പതിനേഴരമുതല്‍ 21 വരെ വയസ്സ് പ്രായം. എസ്.എസ്.എല്‍.സി. 45% മാര്‍ക്കോടെ വിജയം. ഏതെങ്കിലും വിഷയത്തില്‍ D+ ഗ്രേഡാണെങ്കില്‍ ആ വിഷയത്തിന് കുറഞ്ഞത് 33% മാര്‍ക്കുണ്ടായിരിക്കണം.

2. നഴ്‌സിങ് അസിസ്റ്റന്റ്
സ്ത്രീകള്‍ക്കാണ് ഈ തസ്തിക എന്നുള്ള ധാരണ തെറ്റാണ്. ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് 50% മാര്‍ക്കോടെ ജയിച്ചിരിക്കണം. ഇംഗ്ലീഷ് കൂടാതെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളും പഠിച്ചിരിക്കണം. ഓരോ വിഷയത്തിനും 40% മാര്‍ക്ക് വേണം. കുറഞ്ഞ ഉയരം 165 സെന്റീമീറ്റര്‍, പതിനേഴരയ്ക്കും 23-നുമിടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് മാത്രമേ നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. പെണ്‍കുട്ടികള്‍ക്ക് മിലിറ്ററി നഴ്‌സിങ് ഓഫീസര്‍ തസ്തികയിലാണ് അവസരം.
സേനയിലെ ആശുപത്രികള്‍, സൈന്യത്തിന്റെ വിവിധ പരിശീലനകേന്ദ്രങ്ങള്‍, ട്രാന്‍സിറ്റ് ക്യാമ്പുകള്‍ (സൈനികര്‍ ദൂരയാത്രചെയ്യുമ്പോള്‍ തങ്ങുന്ന ഇടത്താവളം), ഫീല്‍ഡ് ആംബുലന്‍സ്, ഐക്യരാഷ്ട്രസംഘടനയുമായി സഹകരിച്ച് വിദേശരാജ്യങ്ങളില്‍ ദൗത്യസേനയായി നിയോഗിക്കപ്പെടുമ്പോഴും പ്രകൃതിദുരന്തങ്ങളോ പകര്‍ച്ചവ്യാധികളോ പൊട്ടിപ്പുറപ്പെടുന്ന അടിയന്തരഘട്ടങ്ങളില്‍ പ്രാദേശികസര്‍ക്കാരുകളെ സഹായിക്കാന്‍ നിയോഗിക്കപ്പെടുമ്പോഴും എന്നുവേണ്ട സൈന്യം എവിടെയുണ്ടോ അവിടെയെല്ലാം നഴ്‌സിങ് അസിസ്റ്റന്റിനും നിയമനം ലഭിക്കാം.

3. സോള്‍ജ്യര്‍ ടെക്‌നിക്കല്‍
സൈന്യത്തില്‍ ട്രേഡ് ഏതായാലും അടിസ്ഥാനപരമായി എല്ലാവരും സോള്‍ജ്യര്‍തന്നെ. ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങള്‍ പഠിച്ച് 50% മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്കാണ് ടെക്‌നിക്കല്‍ ട്രേഡുകളിലേക്ക് അപേക്ഷിക്കാനുള്ള അര്‍ഹത. കുറഞ്ഞ ഉയരം 165 സെ.മീ., പ്രായപരിധി പതിനേഴര-23 വയസ്സ്. 
ഒരേസമയം വെല്ലുവിളികള്‍ നിറഞ്ഞതും എന്നാല്‍ അനന്തസാധ്യതകള്‍  നിറഞ്ഞതുമായ ട്രേഡാണ് സോള്‍ജ്യര്‍ ടെക്‌നിക്കല്‍. സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള മേഖലകളിലേക്കാണ് ഇവരെ ആവശ്യം. ഇലക്ട്രിക്കല്‍ & മെക്കാനിക്കല്‍ എന്‍ജിനീയറിങ് കോര്‍ (EME) ആര്‍മി ഓര്‍ഡിനന്‍സ് കോര്‍ (AOC), കോര്‍ ഓഫ് സിഗ്‌നല്‍സ് അഥവാ SIGNALS, മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പ് അഥവാ MEG, ബംഗാള്‍ എന്‍ജിനീയറിങ് ഗ്രൂപ്പ്  (BEG) തുടങ്ങിയ കരസേനയുടെ വിഭാഗങ്ങളിലായിരിക്കും ഇവര്‍ നിയമിക്കപ്പെടുക. ചുരുക്കത്തില്‍ മൊട്ടുസൂചി മുതല്‍ മിസൈലുകള്‍ വരെ നിര്‍മിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം ഇവര്‍ക്ക് നേടാനാവും.

4. സോള്‍ജ്യര്‍ ക്ളാര്‍ക്ക്
സേനയിലെ രേഖകള്‍ കൈകാര്യം ചെയ്യുന്നതും ഓഫീസ് നടപടിക്രമങ്ങള്‍ കൃത്യമായി ചെയ്ത് മേലുദ്യോഗസ്ഥരെ സഹായിക്കുക എന്നതാണ് ക്ളാര്‍ക്കിന്റെ ജോലിയുടെ സ്വഭാവം. 32 ആഴ്ചക്കാലത്തെ പരിശീലനം ഇവര്‍ക്കുണ്ടാവും. സേനാ നിയമങ്ങളും ചട്ടങ്ങളും കൂടാതെ, കംപ്യൂട്ടര്‍ പരിജ്ഞാനവും, ഇംഗ്ലീഷ്-ഹിന്ദി തുടങ്ങിയ ഭാഷകളിലെ പ്രാവീണ്യവും പരിശീലന വിഷയങ്ങളാണ്. യുദ്ധകാലത്തും സമാധാനകാലത്തും വ്യത്യസ്ത സ്വഭാവമുള്ള ജോലികളാണ് ഇവര്‍ക്ക് നിര്‍വഹിക്കാനുള്ളത്.
പ്ളസ്ടു 50ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് മാത്രമേ ഈ തസ്തികയിലേക്കപേക്ഷിക്കാന്‍ സാധിക്കൂ.

5. സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍
തുടക്കത്തില്‍ പ്രതിപാദിച്ചതുപോലെ ചെരുപ്പുകുത്തി മുതല്‍ എല്ലാ ട്രേഡുകളും സേനയിലുണ്ട്. അവരെ മൊത്തത്തില്‍ പറയുന്ന പേരാണ് സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍. SSLC വിജയിച്ച 17 1/2 - 23 വയസ്സ് വരെയുള്ളവര്‍ക്ക് ട്രേഡ്‌സ്മാന്‍ എന്ന തസ്തികയിലേക്ക്  അപേക്ഷിക്കാം. ഒഴിവുകള്‍ അനുസരിച്ച് കുക്ക്, മെസ് വെയിറ്റര്‍, ബാര്‍ബര്‍, കാര്‍പെന്റര്‍, വാഷര്‍മാന്‍, മേസന്‍, ടെയ്‌ലര്‍, ബൂട്ട് റിപ്പയറര്‍ തുടങ്ങി നിരവധി ട്രേഡുകളിലേക്ക് പരിഗണിക്കപ്പെടും.
ഇക്കൂട്ടര്‍ക്ക് കായികക്ഷമതാ പരീക്ഷയ്ക്കും, എഴുത്തുപരീക്ഷയ്ക്കും പുറമേ അതത് ട്രേഡുകളിലേക്കുള്ള ഒരു അഭിരുചി പരീക്ഷയും നടത്താറുണ്ട്.

തയ്യാറെടുപ്പ് എങ്ങനെ

കായികക്ഷമതാ പരീക്ഷയ്ക്കായാലും എഴുത്തുപരീക്ഷയ്ക്കായാലും ചിട്ടയായ മുന്നൊരുക്കവും  പരിശീലനവും അത്യാവശ്യമാണ്. സ്വന്തം നിലയ്ക്കും പരിശീലിക്കാവുന്നതാണ്. പരിശീലനകേന്ദ്രം തിരഞ്ഞെടുക്കുമ്പോള്‍ പരസ്യവാചകങ്ങളല്ല പ്രധാനം. മറിച്ച് സ്ഥാപനത്തിന്റെ പ്രവൃത്തിപരിചയവും, റിസള്‍ട്ട്, വിശ്വസനീയത, തുടങ്ങിയവയെല്ലാമാണ് പരിഗണിക്കേണ്ടത്.

ഓഫീസര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍

സേനയിലെ ഏറ്റവും ഉയര്‍ന്ന ശ്രേണിയാണ് കമ്മിഷന്‍ഡ് ഓഫീസര്‍, ലെഫ്റ്റനന്റ് മുതല്‍ ലെഫ്റ്റനന്റ് ജനറല്‍ വരെയുള്ള ഓഫീസര്‍ തസ്തികകള്‍ അസാമാന്യ കഴിവും ബുദ്ധിവൈഭവവും, വ്യക്തിത്വവും തെളിയിക്കുന്ന പ്രത്യേക തിരഞ്ഞെടുപ്പ് പ്രക്രിയയായ സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (SSB) മുഖേനയാണ് നടത്തുന്നത്. 5 മുതല്‍ 10 വര്‍ഷം വരെ നല്‍കുന്ന ഷോര്‍ട്ട് സര്‍വീസ് കമ്മിഷനും ദീര്‍ഘകാലത്തേക്കുള്ള പെര്‍മനന്റ് കമ്മിഷനുമുണ്ട്. നാഷണല്‍ ഡിഫന്‍സ് അക്കാദമി (NDA) കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്സാമിനേഷന്‍ (CDSE) യൂണിവേഴ്‌സിറ്റി എന്‍ട്രി സ്‌കീം, ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സ് എന്‍ട്രി (TGC) തുടങ്ങിയ മാര്‍ഗങ്ങളിലൂടെ നേരിട്ട് ഓഫീസറായി നിയമനം ലഭിക്കാവുന്നതാണ്. 

thozhil

Content Highlights: Indian Army Recruitment Processes