കേരള സര്‍ക്കാരിനു കീഴില്‍ തിരുവനന്തപുരം കഴക്കൂട്ടത്തെ ടെക്‌നോപാര്‍ക്ക് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് (ഐ.ഐ.ഐ.ടി.എം.കെ). ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ ഉന്നത പഠനത്തിന് താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കായി കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി വിഷയങ്ങളില്‍ ധാരാളം സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകള്‍ ഇവിടെ ലഭ്യമാണ്. ബിരുദാനന്തര ബിരുദം മുതല്‍ എം.ഫിലും പിഎച്ച്.ഡി.യുമുള്‍പ്പെടെയുള്ള കോഴ്‌സുകള്‍ പഠിക്കുന്നതോടൊപ്പം തൊഴില്‍ നൈപ്യണ്യം നേടാനുള്ള അവസരം കൂടിയാണ് ഐ.ഐ.ഐ.ടി.എം.കെയില്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്.
 
സൈബര്‍ സെക്യൂരിറ്റി, അഡ്വാന്‍സ്ഡ് ഇന്‍ഫൊമാറ്റിക്‌സ് ആന്‍ഡ് ഇ-ഗവേണന്‍സ്, കോഗ്നിറ്റിവ് കംപ്യൂട്ടിങ്, ഫ്യൂച്ചര്‍ ടെക്‌നോളജീസ്, സസ്‌റ്റെയ്‌നബിള്‍ കംപ്യൂട്ടിങ്, ഇമേജിങ് ടെക്‌നോളജീസ് ആന്‍ഡ് മള്‍ട്ടിമീഡിയ എന്നിങ്ങനെ ആറ് പഠനകേന്ദ്രങ്ങളാണ് ഐ.ഐ.ഐ.ടി.എം.കെയിലുള്ളത്.
 
പി.ജി. കോഴ്‌സുകള്‍
 
നൂതനവും തൊഴില്‍ സാധ്യതയേറിയതുമായ നാല് വ്യത്യസ്ത ബിരുദാനന്തര ബിരുദ കോഴ്‌സുകളാണ് ഐ.ഐ.ഐ.ടി.എം.കെ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. തൊഴില്‍ നേടുകയെന്നതിനപ്പുറം ഗവേഷണങ്ങളിലേര്‍പ്പെടാനും ഉചിതമായ സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകളാണിവ. ഇതര കോഴ്‌സുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായി സംവദിക്കാനും ഐ.ടി. രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളെ പഠിച്ചെടുക്കാനും ഈ കോഴ്‌സുകള്‍ അവസരം നല്‍കുന്നു. വെബ് അധിഷ്ഠിത കോഴ്സ് മാനേജ്‌മെന്റ് സിസ്റ്റവും ഓണ്‍ലൈന്‍ പഠന സംവിധാനവും ഉപയോഗപ്പെടുത്തുന്ന ഇ-ലേണിംഗ് രീതികള്‍ കോഴ്‌സുകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യാണ് ബിരുദം നല്‍കുന്നത്.
 
സൈബര്‍ സെക്യൂരിറ്റി: അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ശാസ്ത്ര സാങ്കേതിക രംഗത്ത് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് സൈബര്‍ സെക്യൂരിറ്റി.  വ്യക്തി വിവരങ്ങള്‍, ആരോഗ്യ വിവരങ്ങള്‍, കമ്പനികളുടെ സ്വകാര്യ വിവരങ്ങള്‍, ഫോട്ടോകള്‍, സര്‍ക്കാരിന്റെ സ്വകാര്യ വിവരങ്ങള്‍, ദേശീയ സുരക്ഷ വിവരങ്ങള്‍ തുടങ്ങി അത്യധികം വിലപ്പെട്ട പല വിവരങ്ങള്‍  ശേഖരിച്ചു വെക്കുന്നതും കൈമാറ്റം ചെയ്യുന്നതും  കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ ഈ വിവരങ്ങള്‍ ചോരുന്നതിനും, മാറ്റങ്ങള്‍ വരുത്തുന്നതും, അനധികൃതമായി ഉപയോഗിക്കുന്നതിനും, കൃത്രിമം നടത്തുന്നതിനും, മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടാനുമുള്ള സാധ്യത വളരെ അധികമാണ്. സൈബര്‍ ലോകത്ത് നടക്കുന്ന ഹാക്കിങ്, മാല്‍വേര്‍, ഫിഷിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സുകളില്‍ ആക്രമണങ്ങള്‍, ഡേറ്റ ബ്രീച്ച്, സ്പയിങ് എല്ലാം ഐ.ടി. രംഗം അഭിമുഖീകരിക്കുന്ന വെല്ലുവിളികളാണ്.
 
പഴുതടച്ച സുരക്ഷാ സംവിധാനം ഡേറ്റകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും, സ്മാര്‍ട്ട് ഫോണുകള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കും ഉറപ്പാക്കുന്നതോടൊപ്പം സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതാണ് സൈബര്‍ സെക്യൂരിറ്റി. ശാസ്ത്ര സാങ്കേതിക രംഗം വളരുന്നതോടൊപ്പം ഇതിന്റെ പ്രാധാന്യവും വര്‍ധിക്കുന്നു. അതിനനുസരിച്ചുള്ള തൊഴിലവസരങ്ങളും അതിവേഗത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു.
 
സൈബര്‍ സെക്യൂരിറ്റി രംഗത്ത് ഇന്ത്യയില്‍ മാത്രം 2020 വരെ ഒരുദശലക്ഷം ജീവനക്കാരെ അവശ്യമുണ്ട് എന്നാണ് നാസ്‌കോം  പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കെ.പി.എം.ജി. പോലെയുള്ള ലോകോത്തര കമ്പനികള്‍ കഴിഞ്ഞ കാലങ്ങളില്‍ ഇരട്ടി ആളുകളെയാണ് ഈ മേഖലയില്‍ നിയമിച്ചത്. കാര്യക്ഷമത ഉള്ള തൊഴിലാളികളെ ആവശ്യത്തിന് കിട്ടാത്ത അവസ്ഥയും നിലവിലുണ്ട്.
ഗണിതത്തിലും കമ്പ്യൂട്ടര്‍ പ്രോഗ്രാമിങിലും  താല്പര്യമുള്ളവര്‍ക്ക് ഈ മേഖലയില്‍ ശോഭിക്കാന്‍ സാധിക്കും. സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്‌ററ്, സെക്യൂരിറ്റി അനലിസ്റ്റ്,സൈബര്‍ സെക്യൂരിറ്റി ആര്‍ക്കിടെക്ട് , സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ചേര്‍, ഐ.ടി. സെക്യൂരിറ്റി അനലിസ്റ്റ് തുടങ്ങിയവയാണ് ഈ മേഖലയില്‍ തുടക്കാരെ കാത്തിരിക്കുന്ന തൊഴിലവസരങ്ങള്‍. ലോകത്തിലെ എല്ലാ പ്രമുഖ കമ്പനികള്‍ക്കും ഈ മേഖലയില്‍ നിന്ന് ആളുകളെ ആവശ്യമായി വരാറുണ്ട്.
 
മെഷീന്‍ ഇന്റലിജന്‍സ്: ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുക, അവയെ നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കിയ കമ്പ്യൂട്ടര്‍ ശാസ്ത്ര ശാഖയാണ് മെഷീന്‍ ഇന്റലിജന്‍സ്. മെഷീന്‍ ഇന്റലിജന്‍സ് എന്നാല്‍  ഒരു പ്രശ്‌നത്തെ പരിഹരിക്കുന്നതിന് പ്രത്യേകം അല്‍ഗോരിതം ഉണ്ടാക്കുന്നതിനുപകരം, മനുഷ്യര്‍ പ്രശ്‌നം പരിഹരിക്കുന്ന വിവരങ്ങളില്‍നിന്ന് കംപ്യൂട്ടര്‍ സംവിധാനം പഠിച്ചെടുക്കുന്ന രീതിയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ) ഉപവിഭാഗമായി ഇതിനെ പറയാം. അനുദിനം വളര്‍ന്നു വരുന്ന വലിയൊരു ശാസ്ത്ര ശൃംഖലയാണ് മെഷീന്‍ ഇന്റലിജന്‍സ്.
 
വിദ്യാഭ്യാസം, കൃഷി, ഐ.ടി ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ചെറുകിട വില്‍പന, ബാങ്കിങ് എന്നു വേണ്ട എല്ലാ മേഖലകളിലും  ഇന്നു നാം ചിന്തക്കുന്നതിലും വിപുലമായ തോതിലായിരിക്കും ഇതിന്റെ സ്വാധീനം. ഇവയടക്കമുള്ള പല മേഖലകളിലും മെഷീന്‍ ഇന്റലിജന്‍സ് എന്ന ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ് അതും നാം ചിന്തിക്കുന്നതിലും അപ്പുറം.
ഡേറ്റാ സയന്റിസ്റ്റ്, ഡിജിറ്റല്‍ നോളജ് മാനേജര്‍, എ.ഐ. ഇന്ററാക്ഷന്‍ ഡിസൈനര്‍ തുടങ്ങിയ നിരവധി തൊഴിലവസരങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന മേഖലയിലുള്ളത്.  മേല്‍പ്പറഞ്ഞ തൊഴിലുകള്‍ എല്ലാംതന്നെ ഉയര്‍ന്ന ശമ്പളം വാഗ്ദാനം നല്‍കുന്നവയാണ്. കൃത്രിമ ബുദ്ധിയോട് കിടപിടിക്കാന്‍ നമ്മുടെ തലച്ചോറിനെ പ്രാപ്തമാക്കി എടുക്കുകയും വേണം.  ഗണിതത്തിലും കമ്പ്യൂട്ടര്‍ പ്രോഗ്രാമിങിലും  താല്പര്യമുള്ളവര്‍ക്ക് ഈ മേഖലയില്‍ ശോഭിക്കാന്‍ സാധിക്കും.
 
ഡേറ്റ അനലിറ്റിക്‌സ്: വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് യുഗത്തില്‍ തൊഴില്‍ സാധ്യത ഏറെയുള്ള  മേഖലയാണ് ഡേറ്റ അനലിറ്റിക്‌സ്. വയസ്സ്, ജന്‍ഡര്‍, ലൊക്കേഷന്‍, സാമ്പത്തികം, ആരോഗ്യം, വിദ്യഭ്യാസം, അഭിരുചികള്‍, വിനോദങ്ങള്‍, തൊഴില്‍, കാഴ്ചപാടുകള്‍, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, വരുമാനം തുടങ്ങിയ സങ്കീര്‍ണമായ ഡേറ്റകള്‍ കൈകാര്യം ചെയ്യുക അതിലൂടെ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആവശ്യക്കാരെ കണ്ടെത്തുക, വിറ്റഴിക്കുക, വില നിര്‍ണയിക്കുക, ഉത്പന്നങ്ങളില്‍ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തുക അതിനനുസരിച്ചു ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവയെല്ലാം ഡേറ്റ അനലിറ്റിക്‌സിന്റെ ഭാഗമാണ്.
 
ബഹുരാഷ്ട്ര കമ്പനികള്‍ മുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ വരെ ഡേറ്റ അനാലിസിസ് ഉപയോഗിക്കുന്നു. വെബ്‌സൈറ്റുകളില്‍ തിരയുന്ന വിവരങ്ങള്‍, വിപണി മാറ്റങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍ തുടങ്ങിയവ പോലും ഡേറ്റ അനാലിസിസിന് ഉപയോഗിക്കുന്നു. പടുകൂറ്റന്‍ ഡേറ്റാ ബേസുകളില്‍ നിന്ന് ഓരോ വ്യക്തികളുടെയും ഉപയോഗ സവിശേഷതകള്‍ അയാള്‍ പോലും അറിയാതെ മനസ്സിലാക്കിയാണ് പ്രവര്‍ത്തനം.
 
യു.എസ്. ലേബര്‍ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ പഠനങ്ങള്‍ പ്രവചിക്കുന്നത് 2026 ആകുമ്പോഴേക്കും ഡേറ്റ അനലിറ്റിക്‌സ് മേഖലകളില്‍ 11.5 മില്യണ്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും എന്നാണ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഡേറ്റ അനാലിസിസ് തൊഴിലവസരങ്ങളുടെ വളര്‍ച്ച 50 ശതമാനത്തിലധികമാണ്. ഡേറ്റ അനലിറ്റിക്‌സ് സ്പെഷലൈസ് ചെയ്ത ഒരാള്‍ക്ക് എം.എല്‍. ഡേറ്റ അനലിസ്റ്റ്, ഡേറ്റ സയന്റിസ്റ്റ്, ഡേറ്റ ആര്‍കിടെക്ട്, ഡേറ്റ അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ തൊഴിലവസരങ്ങളാണുള്ളത്.
 
ജിയോ സ്‌പേഷ്യല്‍ അനലിറ്റിക്‌സ്: ജി.പി.എസ്, സാറ്റലൈറ്റ് ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെടെയുള്ള ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്.) ഡാറ്റയും മറ്റു വിവരങ്ങള്‍  ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും അപഗ്രഥനം ചെയ്യുകയും അത് മറ്റ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആവശ്യമായ രീതിയില്‍ മാറ്റിയെടുക്കുകയും ചെയ്യുന്നതാണ് ജിയോസ്‌പേഷ്യല്‍ അനലിറ്റിക്‌സ്. ജിയോസ്‌പേഷ്യല്‍ ഡാറ്റ അനലിറ്റിക്‌സ് ഭൂമിശാസ്ത്രപരമായ തിരിച്ചറിയാന്‍  വേണ്ടി ഉപയോഗിക്കുന്ന വിവരങ്ങള്‍ ആയ രാജ്യം, സംസ്ഥാനം, ജില്ല, സ്ട്രീറ്റ്, വിലാസം, പിന്‍ കോഡ് പോലുള്ള നിര്‍ദ്ദിഷ്ട ഐഡന്റിഫയറുകളെയും ആശ്രയിച്ചിരിക്കുന്നു.
 
ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഒരു പോസ്റ്റില്‍ ലൊക്കേഷന്‍ കൂടി ചേര്‍ത്താല്‍ അത് ജിയോസ്‌പേഷ്യല്‍ ഡേറ്റ ആയി. കമ്പനികള്‍ അവരുടെ ലക്ഷ്യങ്ങള്‍ വേഗത്തില്‍ നേടുന്നതിനും സമയബന്ധിതമായി ഉപയോക്താവിന് ഉത്പന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതിനും സഹായിക്കുന്ന വിപുലമായ സേവനങ്ങള്‍ക്കും സവിശേഷതകള്‍ക്കുമായി ഡാറ്റാ അനലിറ്റിക്സിനെ ആശ്രയിച്ചിരിക്കുന്നു. പരമ്പരാഗത ഡാറ്റാ അനലിറ്റിക്‌സ് ലൊക്കേഷനും ജിയോസ്‌പേഷ്യലും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുമ്പോള്‍, അത് ഉപഭോക്തൃ ആവശ്യകതകളെ സമഗ്രമായി പരിപാലിക്കുന്നു. ജിയോസ്‌പേഷ്യല്‍ സാങ്കേതികവിദ്യകള്‍ ഡാറ്റാ അനലിറ്റിക്സിന്റെ ഉപയോഗവും പ്രവര്‍ത്തനവും പ്രസക്തിയും വര്‍ദ്ധിപ്പിക്കുന്നു.
 
ജി.ഐ.എസ്. എക്‌സിക്യൂട്ടീവ്, അനലിസ്റ്റുകള്‍, പ്രോഗ്രാമര്‍മാര്‍, അസിസ്റ്റന്റ് മാനേജര്‍/ മാനേജര്‍- ജി.ഐ.എസ്, ജി.ഐ.എസ് ടെക്‌നീഷ്യന്‍, പ്രോജക്ട് ലീഡ് - ജി.ഐ.എസ്, ജി.ഐ.എസ് ഡെവലപ്പര്‍, ജി.ഐ.എസ് ഡാറ്റ അനലിസ്റ്റ് തുടങ്ങിയ ജോലികളാണ് ഈ മേഖലകളിലുള്ളവരെ കാത്തിരിക്കുന്നത്.
പ്രവേശനം: അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം. സാധുവായ GATE/ NET സ്‌കോറുള്ളവരെയും കുസാറ്റിന്റെ CAT പരീക്ഷയില്‍ ആദ്യ 10 ശതമാനത്തില്‍ ഉള്‍പ്പെടുന്നവരെയും പ്രവേശന പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 
പ്രവേശന യോഗ്യത: മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് എന്‍ജിനീയറിങ്/ ടെക്‌നോളജി/ സയന്‍സ് ബിരുദമാണ് അടിസ്ഥാന പ്രവേശന യോഗ്യത. കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ 10-ല്‍ 6.5 സി.ജി.പി.എ നേടിയിരിക്കണം. മെഷീന്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ 12-ാം ക്ലാസില്‍ മാത്തമാറ്റിക് ഒരു വിഷയമായി പഠിച്ചിരിക്കണം.
 
എം.ഫില്‍
 
കംപ്യൂട്ടര്‍ സയന്‍സ്, ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക് എന്നീ വിഷയങ്ങളിലാണ് ഐ.ഐ.ഐ.ടി.എം.കെയില്‍ എം.ഫില്‍ കോഴ്‌സുകളുള്ളത്. സ്‌പെഷ്യലൈസ് ചെയ്യുന്ന വിഷയത്തില്‍ ആഴത്തിലുള്ള അറിവുണ്ടാക്കാന്‍ എം.ഫില്‍ കോഴ്‌സുകള്‍ സഹായിക്കുന്നു. 15 സീറ്റുവീതമാണ് രണ്ട് കോഴ്‌സിനുമുള്ളത്. കുസാറ്റാണ് ബിരുദം നല്‍കുന്നത്.
 
പിഎച്ച്.ഡി.
 
ഐ.ടി മേഖലയിലെ പുതിയ മാറ്റങ്ങള്‍ക്ക് അനുസൃതമായി വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരം ഐ.ഐ.ഐ.ടി.എം.കെയില്‍ ലഭ്യമാണ്. പ്രഗത്ഭരായ അധ്യാപകര്‍ക്കുകീഴില്‍ വേറിട്ട മേഖലകളില്‍ പിഎച്ച്.ഡി. കോഴ്‌സ് ചെയ്യാം.
 
മെഷീന്‍ ലേണിങ്, ഡിജിറ്റല്‍ ഇമേജ് പ്രോസസിങ്, നാച്വറല്‍ ലാംഗ്വേജ് പ്രോസസ്, ക്ലൗഡ് കംപ്യൂട്ടിങ്, എം.ആര്‍.ഐ. സിമുലേഷന്‍, മെഡിക്കല്‍ സിഗ്നല്‍ പ്രോസസ്, സെന്‍സര്‍ നെറ്റ്‌വര്‍ക്ക്‌സ്, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, വിഡിയോ സര്‍വെയ്‌ലന്‍സ്, ഡാറ്റാ അനലിറ്റിക്‌സ്, കംപ്യൂട്ടര്‍ എയ്ഡഡ് ഡ്രഗ് ഡിസൈന്‍, ഫ്‌ളോറല്‍ റേഡിയോമെട്രി, ക്വാണ്ടിറ്റേറ്റിവ് ഇക്കോളജി, ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ്, ക്രിപ്‌റ്റോഗ്രഫി, മാല്‍വെയര്‍ അനാലിസിസ്, മെഷീന്‍ ലേണിങ് ആപ്ലിക്കേഷന്‍സ് ഇന്‍ സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ മൈനിങ്, ബ്ലോക്ക് ചെയിന്‍ ഉള്‍പ്പെടെയുള്ള സ്‌പെഷ്യലൈസേഷനുകളില്‍ ഗവേഷണം നടത്താനുള്ള അവസരമുണ്ട്.
കോഴ്‌സ് പ്രവേശനം, യോഗ്യത തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് https://www.iiitmk.ac.in/doctoral-programmes/ സന്ദര്‍ശിക്കുക.
 
പി.ജി. ഡിപ്ലോമ ഇന്‍ ഇ-ഗവേണന്‍സ്
 
സര്‍ക്കാരിന്റെ സേവനങ്ങള്‍ പ്രാദേശികമായി സാധാരണക്കാരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഇ-ഗവേണന്‍സ് പദ്ധതി ആരംഭിച്ചത്. പിന്നീടുവന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയും ഇതിന്റെ തുടര്‍ച്ചയാണ്. ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കാനായി വിവിധ ഐ.ടി തസ്തികകളില്‍ നിരവധിപ്പേര്‍ക്ക് ഇതിനോടകം തൊഴില്‍ ളഭിച്ചിട്ടുണ്ട്. ഐ.ടി. രംഗം വളരുന്ന സാഹചര്യത്തില്‍ സാധ്യതകള്‍ ഇനിയും വര്‍ധിക്കുകയാണ്.
 
ആകെ 45 സീറ്റുകളാണുള്ളത്. 20 സീറ്റ് ഓപ്പണ്‍ കാറ്റഗറിയിലുണ്ട്. 15 എണ്ണം കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 10 സീറ്റ് സ്‌പോണ്‍സേഡുമാണ്. ഓപ്പണ്‍ കാറ്റഗറിയില്‍ പ്രവേശന പരീക്ഷയും അഭിമുഖവും നടത്തിയാണ് പ്രവേശനം നടത്തുന്നത്. ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.iiitmk.ac.in
 
കോവിഡാനന്തര ലോകത്ത് കൂടുതല്‍ പ്രാധാന്യം
 
സാമൂഹിക അകലം പാലിക്കാന്‍ ഡിജിറ്റല്‍ മാധ്യമങ്ങളുടെയും വെര്‍ച്വല്‍ സംവിധാനങ്ങളുടെയും ആവശ്യം കൂടിവരുന്ന കോവിഡാനന്തര ലോകത്ത് പുതിയ ഐ.ടി. കോഴ്‌സുകളുടെ സാധ്യതകള്‍ വര്‍ധിക്കുകയാണ്. സൈബര്‍ സെക്യൂരിറ്റിയും മെഷീന്‍ ലേണിങും ഡേറ്റാ അനലിറ്റിക്‌സും ഇതിനോടകംതന്നെ ഐ.ടി. രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുകളിഞ്ഞു. ജിയോ സ്‌പേഷ്യല്‍ അനലിറ്റിക്‌സും അനുബന്ധ മേഖലകളും വരുംകാലത്തെ സാധ്യതകള്‍കൂടി കണക്കിലെടുത്തുകൊണ്ടുള്ള കോഴ്‌സുകളാണ്. പുതിയ കാലത്തിന് അനുയോജ്യമായ രീതിയില്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയാകാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ് ഐ.ഐ.ഐ.ടി.എം.കെ.
-ഡോ. സജി ഗോപിനാഥ്, ഐ.ഐ.ഐ.ടി.എം.കെ. ഡയറക്ടര്‍
 
thozhil
 
Content Highlights: IIITMK The Digital University of Kerala that strengthen yor dreams of career in IT sector