നാധിപത്യ രാജ്യമായ ഇന്ത്യയിൽ നിയമവ്യവസ്ഥയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. കീഴ്ക്കോടതികൾ മുതൽ സുപ്രീംകോടതികൾ വരെ നീളുന്ന കോടതി പട്ടികയിൽ ന്യായാധിപന്മാരും അഭിഭാഷകരും വഹിക്കുന്ന പങ്ക് ചെറുതല്ല. ആളുകളോട് ഇടപഴകാനും നന്നായി എഴുതാനും വാക്ചാതുരിയോടെ സംസാരിക്കാനും കാര്യങ്ങൾ ഗ്രഹിച്ചെടുക്കാനും കഴിവുള്ളവർക്ക് നിയമമേഖലയിൽ വലിയ സാധ്യതയുണ്ട്. അപഗ്രഥനശേഷി, വായനശീലം, അധികസമയം ജോലിചെയ്യാനുള്ള ശേഷി എന്നിവയുള്ളവർക്ക് അഭിഭാഷകവൃത്തി കരിയറായി തിരഞ്ഞെടുക്കാം.

ഈ മേഖലയിൽ രണ്ട് വിഭാഗത്തിലുള്ള കോഴ്സുകളാണ് പ്രധാനമായുള്ളത്. ത്രിവത്സര എൽ.എൽ.ബി. കോഴ്സും പഞ്ചവത്സര എൽ.എൽ.ബി. അഥവാ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. കോഴ്സും. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം നേടിയ ആർക്കും ത്രിവത്സര എൽ.എൽ.ബി. കോഴ്സിന് ചേരാം. പഞ്ചവത്സര എൽ.എൽ.ബി. കോഴ്സിന് ചേരാൻ പ്ലസ്ടുവാണ് യോഗ്യത. രാജ്യത്തെ മിക്ക സർവകലാശാലകളുടെയും കീഴിൽ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. കോഴ്സ് നടക്കുന്നുണ്ട്.

കേരളത്തിൽ ത്രിവത്സര എൽ.എൽ.ബിയും പഞ്ചവത്സര എൽ.എൽ.ബിയും അതു കഴിഞ്ഞാൽ എൽ.എൽ.എം. എന്ന മാസ്റ്റർ ബിരുദവുമാണ് പ്രധാന കോഴ്സുകൾ. എൽ.എൽ.എം. പരീക്ഷയിൽ വിജയിക്കുന്നവർക്ക് യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് എഴുതാം. അത് വിജയിച്ചാൽ നിയമം പഠിപ്പിക്കുന്ന അധ്യാപകരായി ജോലി ചെയ്യാം.

നാഷണൽ ലോ സ്കൂൾ

നിയമപഠനത്തിനായി രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളാണ് നാഷണൽ ലോ സ്കൂൾ യൂണിവേഴ്സിറ്റികൾ. കേന്ദ്രസർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനങ്ങളാണ് ഇവ. ആദ്യത്തെ നാഷണൽ ലോ സ്കൂൾ യൂണിവേഴ്സിറ്റിയായ ബാംഗ്ലൂരിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി അടക്കം 15 യൂണിവേഴ്സിറ്റികളുണ്ട്. ഭോപ്പാൽ, ഹൈദരാബാദ്, കൊൽക്കത്ത, ജോധ്പുർ, ഗാന്ധിനഗർ, ലഖ്നൗ, പട്യാല, റായ്പുർ, കട്ടക്ക്, കൊച്ചി, പട്ന, വിശാഖപട്ടണം, ശ്രീരംഗം, റാഞ്ചി, ഗുവാഹാട്ടി എന്നിവിടങ്ങളിലാണിവ. കൊച്ചി കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസാണ് (നുവാൽസ്) കേരളത്തിലെ നാഷണൽ ലോ സ്കൂൾ.
കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) എന്ന പേരിൽ അറിയപ്പെടുന്ന പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് നാഷണൽ ലോ സ്കൂൾ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നടക്കുന്നത്. 50 ശതമാനം മാർക്കോടെ (എസ്.സി./ എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 45 ശതമാനം) പ്ലസ്ടു പാസായവർക്കും പ്ലസ്ടു അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. കേരളത്തിൽ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം. കൂടുതൽ വിവരങ്ങൾക്ക് consortiumofnlus.ac.inഎന്ന വെബ്സൈറ്റ് കാണുക.

നുവാൽസ്

കേരളത്തിലെ നിയമസർവകലാശാലയാണ് കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS). ഇവിടെ പ്രധാനമായും ബിരുദതലത്തിൽ ബി.എ.എൽ.എൽ.ബി. (ഹോണേഴ്സ്) കോഴ്സാണുള്ളത്. ബിരുദതല പ്രോഗ്രാമിലേക്കുള്ള അടിസ്ഥാന യോഗ്യത 45 ശതമാനം മാർക്കോടെ പ്ലസ്ടുവാണ്. അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്. സംവരണ വിഭാഗങ്ങൾക്ക് മാർക്കിൽ ഇളവുണ്ട്. പ്ലസ്ടു ഏത് വിഷയം പഠിച്ചവർക്കും അപേക്ഷിക്കാം.

ഒരുവർഷത്തെ എൽ.എൽ.എം. ബിരുദാനന്തര ബിരുദ കോഴ്സാണ് മറ്റൊന്ന്. റഗുലർ കോഴ്സാണ് ഇത്. ഇന്റർനാഷണൽ ട്രേഡ് ലോ, കോൺസ്റ്റിറ്റിയൂഷണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ലോ എന്നീ രണ്ട് വിഭാഗങ്ങളിൽ കോഴ്സുകളുണ്ട്. അപേക്ഷിക്കാൻ എൽ.എൽ.ബി. ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം.

പി.ജി. ഡിപ്ലോമാ കോഴ്സുകളും നുവാൽസിലുണ്ട്. ഒരുവർഷത്തെ കോഴ്സുകളാണ് ഇവ. പി.ജി. ഡിപ്ലോമ ഇൻ മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, പി.ജി. ഡിപ്ലോമ ഇൻ സൈബർ ലോ എന്നിവയാണ് കോഴ്സുകൾ, അംഗീകൃത യൂണിവേഴ്സിറ്റികളിൽനിന്നുള്ള ഏത് ബിരുദം നേടിയ ആളുകൾക്കും ഈ കോഴ്സുകൾ തിരഞ്ഞെടുക്കാം. മെഡിസിൻ, ഡെന്റിസ്ട്രി, നഴ്സിങ്, ഫാർമസി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ബാച്ചിലേഴ്സ് ഡിഗ്രി ഇൻ ലോ എന്നീ യോഗ്യതയുള്ളവർക്ക് മെഡിക്കൽ ലോ ആൻഡ് എത്തിക്സിൽ മുൻഗണനയുണ്ട്. നിയമപഠനം ആഗ്രഹിക്കുന്നവർക്കായി വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളും ഇവിടെ നടക്കുന്നു.

ഇവകൂടാതെ ഗവേഷണത്തിനുള്ള സാധ്യതകളും ഇവിടെയുണ്ട്. ഏതെങ്കിലും വിഷയത്തിൽ 55 ശതമാനത്തിൽ കുറയാതെ മാസ്റ്റർ ഡിഗ്രിയും ഡാറ്റ് (Departmental Admission Tets- DAT) അല്ലെങ്കിൽ യു.ആർ.എഫ്. (University Research Fellowship- URF) യോഗ്യത ഉള്ളവർക്കാണ് അവസരം. വിവരങ്ങൾക്ക് www.nuals.ac.in എന്ന വെബ്സൈറ്റ് കാണുക.

സർക്കാർ സ്ഥാപനങ്ങൾ

മൂന്ന് സർവകലാശാലകളുടെ കീഴിലായി നാല് സർക്കാർ ലോ കോളേജുകളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണിവ. ത്രിവത്സര, പഞ്ചവത്സര എൽ.എൽ.ബി. കോഴ്സുകൾക്ക് ഇവിടെ ചേരാം. ത്രിവത്സര കോഴ്സിന് ഓരോ കോളേജിലും 100 സീറ്റുകൾ വീതമായി ആകെ 400 സീറ്റുകളുണ്ട്. കേരള എൻട്രൻസ് കമ്മീഷണർ നടത്തുന്ന പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, എം.ജി. യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, കണ്ണൂർ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എന്നിവയാണ് സർവകലാശാലകൾ നേരിട്ടുനടത്തുന്ന നിയമപഠന കേന്ദ്രങ്ങൾ.

സ്വകാര്യ കോളേജുകൾ

  • തിരുവനന്തപുരം: സി.എസ്.ഐ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ് പാറശാല, കേരളാ ലോ അക്കാദമി പേരൂർക്കട, മാർ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോ നാലാഞ്ചിറ.
  • കൊല്ലം: ശ്രീനാരായണഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ് കൊല്ലം, എൻ.എസ്.എസ്. ലോ കോളേജ്, കൊട്ടിയം.
  • പത്തനംതിട്ട: മൗണ്ട് സിയോൻ ലോ കോളേജ് കടമ്മനിട്ട.
  • ഇടുക്കി: അൽ അസ്ഹർ ലോ കോളേജ് തൊടുപുഴ, കോ- ഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോ മുത്താരംകുന്ന്, തൊടുപുഴ.
  • കോട്ടയം: സി.എസ്.ഐ. കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്, കോട്ടയം.
  • എറണാകുളം: ശ്രീനാരായണ ലോ കോളേജ്, പൂത്തോട്ട, ഭാരത് മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ആലുവ.
  • മലപ്പുറം: കെ.എം.സി.ടി. ലോ കോളേജ്, കുറ്റിപ്പുറം.
  • കോഴിക്കോട്: ഭവൻസ് എൻ.എ. പൽക്കിവാല അക്കാദമി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് രാമനാട്ടുകര.

സർക്കാരിതര കലാലയങ്ങളിലെ പകുതി സീറ്റുകൾ എൽ.എൽ.ബി. പ്രവേശന പരീക്ഷയെഴുതി ജയിക്കുന്നവർക്ക് മാറ്റിവെച്ചിട്ടുണ്ട്.

പ്രവേശനം

പഞ്ചവത്സര കോഴ്സിന് ഓരോ കോളേജിലെയും 80 സീറ്റുകൾ വീതം ആകെ 320 സീറ്റുകളിലേക്ക് പ്രത്യേകമായൊരു എൻട്രൻസ് പരീക്ഷയും നടക്കും. പ്ലസ്ടു യോഗ്യതയുള്ളവർക്ക് പരീക്ഷയെഴുതാം. ജൂൺ-ജൂലായ് മാസങ്ങളിലാണ് എൽ.എൽ.ബി. പൊതു എൻട്രൻസ് പരീക്ഷ നടക്കാറ്. കേരളത്തിലെ നാല് ഗവൺമെന്റ് ലോ കോളേജിലേക്കും മറ്റ് സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ- സ്വാശ്രയ ലോ കോളേജിലേക്കുമുള്ള എൻട്രൻസ് പരീക്ഷയാണിത്. കേരളത്തിലെ കോളേജിലേക്കുള്ള അഡ്മിഷൻ ഇതുവഴി ലഭിക്കും. ത്രിവത്സര കോഴ്സിനും പഞ്ചവത്സര കോഴ്സിനും വേറെ വേറെ പരീക്ഷയാണ്. കൂടുതൽ വിവരങ്ങൾ www.cee-kerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

കേരളത്തിൽ നിയമപഠനം നടത്താനുള്ള മറ്റൊരു അവസരമാണ് കുസാറ്റിലെ സി.എ.ടി. എക്സാം. ജനുവരി മാസത്തിലാണ് അപേക്ഷ ക്ഷണിക്കുന്നത്. എൽ.എൽ.ബി. പ്രവേശനത്തിന് അപേക്ഷകർ ഹയർസെക്കൻഡറി പരീക്ഷയോ പ്ലസ്ടു പരീക്ഷയോ പാസായിരിക്കണം. അവസാന പരീക്ഷയെഴുതുന്നവർക്കും പ്രവേശന പരീക്ഷയെഴുതാം. പൊതുവിഭാഗത്തിലുള്ളവർ 45% മാർക്കും പട്ടികജാതി- വർഗത്തിൽപ്പെടുന്നവർ 40% മാർക്കും നേടിയിരിക്കണം. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർക്ക് 17 വയസ്സ് തികഞ്ഞിരിക്കണം. എന്നാൽ ഉയർന്ന പ്രായപരിധിയില്ല. മൂന്നുമണിക്കൂർ നീണ്ടുനിൽക്കുന്ന ഒബ്ജക്ടീവ് മാതൃകയിലുള്ള പ്രവേശനപരീക്ഷയിൽ ജനറൽ ഇംഗ്ലീഷ് (65 മാർക്ക്), പൊതുവിജ്ഞാനം (65 മാർക്ക്), നിയമ അഭിരുചി (70 മാർക്ക്) എന്നിവയുണ്ടാകും.

ദേശീയ സ്ഥാപനങ്ങൾ

നാഷണൽ ലോ യൂണിവേഴ്സിറ്റി

*ഡൽഹിയിലാണ് നാഷണൽ ലോ യൂണിവേഴ്സിറ്റി. ഓൾ ഇന്ത്യാ ലോ എൻട്രൻസ് ടെസ്റ്റ് (എ.ഐ.എൽ.ഇ.ടി.) എഴുതി യോഗ്യത തെളിയിച്ചാൽ ഇവിടെ പ്രവേശനം ലഭിക്കും. 50 ശതമാനം മാർക്കോടെ പ്ലസ്ടു പൂർത്തിയാക്കിയവർക്ക് എൻട്രൻസ് പരീക്ഷയെഴുതാം. കൊച്ചി പരീക്ഷാകേന്ദ്രമാണ്. സ്കൂൾ ഓഫ് അഡ്മിഷൻ കൗൺസിൽ ആണ് പരീക്ഷ നടത്തുന്നത്. 80 സീറ്റുകൾ ഇവിടെയുണ്ട്. അഞ്ചുവർഷത്തെ എൽ.എൽ.ബി. ഹോണേഴ്സ് കോഴ്സിന് പുറമേ എൽ.എൽ.എം., പിഎച്ച്.ഡി. കോഴ്സുകളും നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ ഉണ്ട്.

*പുണെയിലെ സിംബിയോസിസ് ലോ സ്കൂൾ, ഡൽഹിയിലെ അമിറ്റി ലോ സ്കൂൾ, നാഷണൽ ലോ സ്കൂൾ ബാംഗ്ലൂർ, ഗവൺമെന്റ് ലോ കോളേജ് മുംബൈ, ഡോ. ബി.ആർ. അംബേദ്കർ ലോ കോളേജ് വിശാഖപട്ടണം, തുടങ്ങിയ സ്ഥാപനങ്ങളിലും നിയമപഠനത്തിന് അവസരങ്ങളുണ്ട്.

സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ്

ഇന്ത്യയിലെ 18 സെൻട്രൽ യൂണിവേഴ്സിറ്റികളിലെ വിവിധ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. മറ്റ് വിഷയങ്ങൾക്കൊപ്പം നിയമ പഠനത്തിനും ഈ പരീക്ഷയാണ് എഴുതേണ്ടത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ഉസ്മാനിയ യൂണിവേഴ്സിറ്റി ഹൈദരാബാദ് തുടങ്ങിയ വിവിധ സർവകലാശാലകളിൽ നിയമപഠനത്തിന് അവസരം ലഭിക്കാൻ ആ സ്ഥാപനങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷയുമുണ്ട്.

ജോലി സാധ്യത

നിയമ പരിശീലനം നേടിയവർക്ക് വക്കീൽജോലി മാത്രമല്ല. നിയമവിഷയങ്ങളിൽ ഗവേഷണം നടത്തുക, നിയമ കാര്യങ്ങളെക്കുറിച്ച് എഴുതുക, കോൺട്രാക്ടുകൾ തയ്യാറാക്കുക, പേറ്റന്റുകൾക്കുള്ള അപേക്ഷ തയ്യാറാക്കി നൽകുക, നിയമപരമായ അവകാശങ്ങളെപ്പറ്റി ബോധവത്‌കരണം നൽകുക, നിയമ ഉപദേഷ്ടാവാകുക എന്നിങ്ങനെ നിരവധി ജോലികളുണ്ട്. മാത്രമല്ല നിയപഠനം മറ്റ് ജോലികളിൽ ശോഭിക്കാനുള്ള അവസരംകൂടിയാണെന്ന് വിദഗ്ധർ പറയുന്നു. കോർപ്പറേറ്റ്, സൈബർക്രൈം, ഇൻഫർമേഷൻ ടെക്നോളജി, കോപ്പിറൈറ്റ്, ലീഗൽ പ്രൊസസ് ഔട്ട്സോഴ്സിങ് (എൽ.പി.ഒ.) രംഗങ്ങളിലെല്ലാം അഭിഭാഷകർക്ക് ജോലിസാധ്യതകളുണ്ട്. ബാങ്കുകളും മറ്റ് പൊതുമേഖലാസ്ഥാപനങ്ങളുമെല്ലാം എൽ.എൽ.ബിക്കാരെ പ്രത്യേകമായി ഓഫീസർ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യുന്നു.

എൽ.എൽ.ബി. എടുത്ത എല്ലാവരും അഡ്വക്കേറ്റ് ആകില്ല. അതിനായി ലോ ഡിഗ്രി എടുത്തശേഷം ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരീക്ഷ പാസാകണം. ഇത് പാസായാൽ അഡ്വക്കേറ്റ് ആയി രജിസ്റ്റർനമ്പർ ലഭിക്കും. ഇതിനുശേഷം നിങ്ങൾക്ക് ജൂനിയർ ആയി പ്രാക്ടീസ് തുടങ്ങാം. മറ്റൊന്ന് ഇന്ത്യൻ ആർമിയിലെ JAG (Judge Advocate General) പോസ്റ്റാണ്. സംസ്ഥാന- ദേശീയ മനുഷ്യാവകാശ കമ്മിഷനുകളിൽ ലോ രജിസ്ട്രാർ പോസ്റ്റുകളും ഉണ്ട്. നിയമ ബിരുദം നേടിയശേഷം UPSC തിരഞ്ഞെടുക്കുന്നവരും കുറവല്ല.

Content Highlights: Higher Education in Law career prospects