വ്യാവസായിക രംഗത്തും ഗാർഹിക മേഖലകളിലും പ്ലാസ്റ്റിക് ഉപഭോഗം അനുദിനം വർധിക്കുന്നു. പ്ലാസ്റ്റിക്ക് അപകടകാരിയായിരിക്കെ പാരിസ്ഥിതിക നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കാനും ഇന്ന് നമുക്ക് സാധിക്കുന്നുണ്ട്. നിത്യോപയോഗ വസ്തുക്കൾ കൂടാതെ കമ്മ്യൂണിക്കേഷൻ, ബഹിരാകാശ, ഓട്ടോമൊബൈൽ, ബയോമെഡിക്കൽ മേഖലകളിൽ പ്ലാസ്റ്റിക്ക് ഉപയോഗം അത്യന്താപേക്ഷിതമാണ്. നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ വരെ 40 % ഭാഗങ്ങൾ പ്ലാസ്റ്റിക്ക് നിർമ്മിതമാണ്. പല ഓട്ടോമൊബൈൽ പാർട്ടുകളും പ്ലാസ്റ്റിക്ക് കോംപോസിറ്റ് വസ്തുക്കളെ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ കൊറോണ കാലത്തു പേർസണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ് (PPE) നിർമാണത്തിനും പ്ലാസ്റ്റിക് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

നിത്യോപയോഗ വസ്തുക്കൾ , പാക്കേജിങ് , ഇലക്ട്രോണിക്സ് , ഓട്ടോമൊബൈൽ, ബഹിരാകാശം, ബയോമെഡിക്കൽ മേഖലകളിൽ പ്ലാസ്റ്റിക്ക്സ് ടെക്നോളജി പഠിച്ചവർക്ക് മികച്ച തൊഴിലവസരങ്ങളാണ് ഉള്ളത്. ഇതിനായി പ്രവർത്തിക്കുന്ന പ്രധാന സ്ഥാപനമാണ് കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ്, മിനിസ്ട്രി ഓഫ് കെമിക്കൽ ആൻഡ് ഫെർട്ടെിലെസേഴ്സിന് കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്ക്സ് എൻജിനീയറിങ്ങ് ആൻഡ് ടെക്നോളജി (CIPET). ചെന്നൈ ആസ്ഥാനമായ സ്ഥാപനത്തിന് ഇന്ത്യയൊട്ടാകെ വിവിധ ശാഖകളും പ്രവർത്തിക്കുന്നു. നൈപുണ്യവികസനം, സാങ്കേതിക സഹായം, അക്കാദമിക്ക് കോഴ്സുകൾ, ഗവേഷണം എന്നിങ്ങനെയാണ് സിപെറ്റ് നൽകുന്ന സേവനങ്ങൾ.

വിവിധ സ്ഥലങ്ങളിൽ ഇന്ത്യയൊട്ടാകെ 37 സ്ഥലത്തേക്ക് വ്യാപിച്ച സിപെറ്റിന്റെ കാമ്പസ് ഇപ്പോൾ അഞ്ച് സ്ഥലത്തേക്ക് കൂടി പ്രവർത്തനമാരംഭിക്കാൻ തയ്യാറാകുകയാണ്. പോളിമർ സയൻസ് ആൻഡ് ടെക്നോളജിയിലെ സുസ്ഥിരമായ വികസനമാണ് സ്ഥാപനത്തിന്റെ പരമപ്രധാനലക്ഷ്യം. കേരളത്തിലും സിപെറ്റിന്റെ ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. കൊച്ചിയിലും പാലക്കാടുമുള്ള കേന്ദ്രങ്ങളെ ഇന്ന് പലരും അറിയുന്നില്ല. കൊച്ചിയിലെ ഉദ്ദ്യോഗമണ്ഡലിൽ പ്രവർത്തിക്കുന്ന സിപെറ്റിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്ക്സ് ടെക്നോളജി (ഐ.പി.ടി.)യിൽ നിരവധി കോഴ്സുകൾ ലഭ്യമാണ്. ഡിപ്ലോമ, ബിരുദാനന്തബിരുദ കോഴ്സുകളാണ് ഇവിടെ നടത്തുന്നത്. എ.ഐ.സി.ടി.ഇയും നാഷണൽ സ്കിൽ ഫ്രെയിം വർക്ക് അപ്രൂവ് ചെയ്തിട്ടുള്ള കോഴ്സുകളാണ് സിപെറ്റിൽ ലഭ്യമായിട്ടുള്ളത്.

പ്രവർത്തനം ഇങ്ങനെ

സാങ്കേതിക സഹായം (Technology Support) : NABL, NABCB അക്രെഡിറ്റേഷനും ISO, BIS സർട്ടിഫിക്കേഷനുമുള്ള സിപെറ്റിന്റെ ലാബുകളിൽ വിവിധതരം പ്ലാസ്റ്റിക്ക് പ്രോഡക്ട് ടെസ്റ്റിംഗിനുള്ള എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നൂതനമായ ബയോഡീഗ്രേഡബിലിറ്റി ടെസ്റ്റിംഗ് ഫെസിലിറ്റിയും നവസംരംഭകർക്കു ആവശ്യമായ കൺസൾട്ടൻസിയും കൂടാതെ പ്രോസസ്സിംഗ് മെഷിനറികളുടെ സഹായവും നൽകുന്നു.

അക്കാഡമിക്സ് (Academics) : പത്താംതരം മുതൽ ബിരുദാനന്തര ബിരുദം കഴിഞ്ഞവർക്കു വരെയുള്ള വിവിധ അക്കാഡമിക് പ്രോഗ്രാമുകൾ നൽകുന്നു. സിപെറ്റ് കൊച്ചിയിൽ, AICTE അംഗീകൃത ഡിപ്ലോമാ പ്രോഗ്രാമുകളും കൊച്ചി സർവകലാശാലയുമായി ചേർന്ന് കൊണ്ട് പിജി പ്രോഗ്രാമുകളുമാണ് ഉള്ളത്.

ഗവേഷണം (Research) : പോളിമർ, ബയോപോളിമർ, ഗ്രീൻ കോംപോസിറ്റ്, നാനോ-കോംപോസിറ്റ്, ഓട്ടോമൊബൈൽ, ബയോമെഡിക്കൽ, ഏറോസ്പേസ് തുടങ്ങി വിവിധ മേഖലകളിൽ ഗവേഷണ പദ്ധതികൾ നടത്തിവരുന്നു.

സിപെറ്റ്: സെന്റർ ഫോർ സ്കിൽ ആൻഡ് ടെക്നിക്കൽ സപ്പോർട്ട് (സി.എസ്.ടി.എസ്.)

രാജ്യത്തെ 24 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന പഠനകേന്ദ്രമാണ് സിപെറ്റ്: സെന്റർ ഫോർ സ്കിൽ ആൻഡ് ടെക്നിക്കൽ സപ്പോർട്ട്. സി.എസ്.ടി.എസിന്റെ വിവിധ കേന്ദ്രങ്ങളെ കൂടാതെ മധ്യപ്രദേശിലെ ടമോട്ടിൽ സിപെറ്റ് പ്ലാസ്റ്റിക്ക് പാർക്ക് ആരംഭിച്ചിട്ടുണ്ട്. അതിനോടൊപ്പം അഡ്വൻസ്ഡ് പ്ലാസ്റ്റിക്ക്സ് പ്രൊഡക്ട് സിമുലേഷൻ ആൻഡ് ഇവാല്യൂവേഷൻ സെന്റർ (എ.പി.പി.എസ്.ഇ.സി.) പ്രവർത്തിക്കുന്നുണ്ട്. ഡിസൈൻ, സി.എ.ഡി./സി.എ.എം./സി.എ.ഇ., ടൂൾ റൂം, പ്ലാസ്റ്റിക്ക് പ്രൊസസിങ്ങ് ആൻഡ് ടെസ്റ്റിങ്ങ് എന്നിവയിൽ സ്ഥാപനം പരിശീലനം നൽകുന്നു.

ഒഡിഷയിലെ ഭുവനേശ്വറിൽ സെന്റർ ഫോർ സ്കിൽ ആൻഡ് ടെക്നിക്കൽ സപ്പോർട്ട് കൂടാതെ പാരാദ്വീപിൽ പ്ലാസ്റ്റിക്ക് പ്രൊഡക്ട് ഇവാല്യുവേഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് പ്രൊസസിങ്ങ്, മാനുഫാക്ചറിങ്ങ് രംഗത്തെ വിവിധ പരീശിലനപരിപാടികൾ സ്ഥാപനം നൽകുന്നുണ്ട്.

സി.എസ്.ടി.എസിന്റെ വിവിധ കേന്ദ്രങ്ങളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, ഷോർട് ടേം ട്രെയിനിങ്ങ് പ്രോഗ്രാമുകൾ, ഡിപ്ലോമ പ്രോഗ്രമുകൾ എന്നിവ നടത്തുന്നു. പ്ലാസ്റ്റിക്ക് പ്രോസസിങ്ങ് ആൻഡ് ടെസ്റ്റിങ്ങ് ഈ സ്ഥാപനങ്ങളിൽ നടത്തുന്ന പ്രധാന ബിരുദാനന്തരബിരുദ ഡിപ്ലോമ കോഴ്സാണ്.

സിപെറ്റ്: സ്കൂൾ ഫോർ അഡ്വൻസ്ഡ് റിസർച്ച് ഇൻ പോളിമെർസ് (എസ്.എ.ആർ.പി.)

സ്കൂൾ ഫോർ അഡ്വൻസ്ഡ് റിസർച്ച് ഇൻ പോളിമെർസ് (എസ്.എ.ആർ.പി.) സിപെറ്റിന്റ് വിവിധ കോഴ്സുകളും ഗവേഷണവും നടത്തുന്ന സ്ഥാപനമാണ്. എസ്.എ.ആർ.പിയ്ക്ക് കീഴിലെ അഡ്വാൻസ്ഡ് റിസർച്ച് സ്കൂൾ ഫോർ ടെക്നോളജി ആൻഡ് പ്രൊഡക്ട് സിമുലേഷൻ (എ.ആർ.എസ്.ടി.പി.എസ്.) എന്ന സ്ഥാപനം ചെന്നൈയിലാണ് പ്രവർത്തിക്കുന്നത്. വിവിധ മേഖലകളിലെ പരിശീലനവും ഗവേഷണവുമാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. റാപിഡ് പ്രോട്ടോടൈപ്പ് ഫോർ പ്രൊഡക്ട് ഡവലപ്മെന്റ്, റിവേഴ്സ് എൻജിനീയറിങ്ങ് ഇൻ സി.എ.ഡി./സി.എ.എം. ആപ്ലിക്കേഷൻ, കംപ്യൂട്ടേഷണൽ സിമുലേഷൻ ഫോർ പ്ലാസ്റ്റിക്ക്സ് പ്രൊഡക്ട് ഡവലപ്മെന്റ്, പ്രൊഡക്ട് ഡവലപ്മെന്റ് വിത്ത് സി.എ.ഡി./സി.എ.ഇ. എന്നീ മേഖലകളിൽ സ്ഥാപനം പരീശിലനം നൽകുന്നു. വെബ്സൈറ്റ്: www.arstps.gov.in

ഭുവനേശ്വറിൽ പ്രവർത്തിക്കുന്ന എസ്.എ.ആർ.പി.-ലാബോറട്ടറി ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ പോളിമറിക്ക് മെറ്റീരിയൽസ് (എൽ.എ.ആർ.പി.എം.) സിപെറ്റിന്റെ മറ്റൊരു സംരംഭമാണ്. ഇവിടെ വിവിധ സേവനങ്ങളോടൊപ്പം തന്നെ രണ്ട് വർഷത്തെ പൂർണസമയ എം.ടെക്ക് പ്രോഗ്രാം ഇവിടെ നടത്തുന്നുണ്ട്. പോളിമർ നാനോടെക്നോളജി കോഴ്സ് ഒഡിഷയിലെ റൂർക്കേലയിലെ ബിജു പട്നായിക്ക് സാങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ഈ സ്ഥാപനത്തിൽ അണ്ണാ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഗവേഷണ പ്രോഗ്രാമുകളും നടത്തുന്നുണ്ട്. കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, പ്ലാസ്റ്റിക്ക് എൻജിനീയറിങ്ങ് എന്നിവയിൽ ഗവേഷണ പ്രോഗ്രാമുകൾ ലഭ്യമാണ്. ഇവിടെ ഷോർട് ടേം കോഴ്സുകളും നടത്തുന്നു. വെബ്സൈറ്റ്: www.larpm.gov.in

സ്കൂൾ ഫോർ അഡ്വൻസ്ഡ് റിസർച്ച് ഇൻ പോളിമെർസിന്റെ സെന്റർ ബെംഗളൂരുവിലും പ്രവർത്തിക്കുന്നു. സി.എ.ഡി./സി.എ.എം./സി.എ.ഇയിലെ വിവിധ ട്രെയിനിങ്ങ് പ്രോഗ്രാമുകളാണ് ഇവിടെ നടത്തുന്നത്. വിശദവിവരങ്ങൾ www.cipet.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്ക്സ് ടെക്നോളജി (ഐ.പി.ടി.)-കൊച്ചി

സിപെറ്റിന്റെ വിവിധ കോഴ്സുകൾ നടത്തുന്ന സ്ഥാപനം. കേരളത്തിൽ കൊച്ചിയിലും പാലക്കാടും സ്ഥാപനത്തിന്റെ ബ്രാഞ്ച് പ്രവർത്തിക്കുന്നു. സിപെറ്റിന്റെ സെന്റർ കേരളത്തിൽ സ്ഥാപിതമാകുന്നത് 2012-ലാണ്. തുടക്കകാലത്ത് പേര് സെന്റർ ഫോർ ബയോപൊളിമർ സയൻസ് ആൻഡ് ടെക്നോളജി എന്നായിരുന്നു. കേന്ദ്ര-സംസ്ഥാനസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച കേന്ദ്രം 2018-ലാണ് സിപെറ്റ്: ഐ.പി.ടി. എന്ന് പേര് മാറ്റം നടത്തിയത്.

കൊച്ചിയിലെ സെന്ററിൽ കുസാറ്റ് അഫിലിയേറ്റ് ചെയ്ത ബിരുദാനന്തരബിരുദ കോഴ്സുകളാണ് നടത്തുന്നത്. ഇവിടെത്തെ ഡിപ്ലോമ കോഴ്സുകൾ എ.ഐ.സി.ടി.ഇ. അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ബയോപോളിമർസ് ആൻഡ് കംപോസിറ്റ്സ്, കെമിക്കൽ മോഡിഫിക്കേഷൻ ഓഫ് പോളിമർസ്, നാച്ചുറൽ ഫൈബർ റെയ്ൻഫോഴ്സ്ഡ് പോളിമർ കംപോസിറ്റ്സ്, പോളിമർ ബ്ലേൻഡ്സ്, അലോയ്സ് ആൻഡ് കംപോസിറ്റ്സ്, ബയോ നാനോ കംപോസിറ്റ്സ് മേഖലകളിൽ ഗവേഷണം ലഭ്യമാണ്.

ബിരുദാനന്തരബിരുദ കോഴ്സുകൾ

എം.എസ്.സി. (ബയോ-പോളിമർ സയൻസ്) കോഴ്സിന്റെ കാലാവധി 2 വർഷമാണ്. ഈ പ്രോഗ്രാമിലേക്ക് കെമിസ്ട്രി ഒരു വിഷയമായി 50 ശതമാനം മാർക്കൊടെ ബി.എസ്.സി.. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

എം.എസ്.സി. (പോളിമർ സയൻസ്) കോഴ്സിന്റെ കാലാവധി രണ്ട് വർഷമാണ്. കെമിസ്ട്രി ഒരു വിഷയമായി പഠിച്ച 50 ശതമാനം മാർക്കോടെ പാസായ ബിരുദം. രണ്ട് കോഴ്സിലേക്കും തിരഞ്ഞെടുപ്പ് കുസാറ്റിന്റെ നിയമാനുസൃതമാണ്. സീറ്റുകളുടെ എണ്ണവും യുണിവേഴ്സിറ്റിയുടെ നിയമക്രമത്തിനനുസരിച്ചായിരിക്കും.

ഡിപ്ലോമ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്ക്സ് ടെക്നോളജിയിൽ ഡിപ്ലോമ കോഴ്സുകൾ ലഭ്യമാണ്. മൂന്ന് വർഷത്തെ കാലാവധിയുള്ള കോഴ്സിന്റെ യോഗ്യത പത്താം ക്ലാസ്സാണ്. പ്ലാസ്റ്റിക്ക് ടെക്നോളജി, പ്ലാസ്റ്റിക്ക് മോൾഡ് ടെക്നോളജി എന്നീ വിഷയങ്ങളിലാണ് ഡിപ്ലോമ കോഴ്സുകളുള്ളത്. സിപെറ്റ് ജെ.ഇ.ഇ. മുഖേനേയാണ് പ്രവേശനം. വെബ്സൈറ്റ്: eadmission.cipet.gov.in

പാലക്കാട്

കൊച്ചി സിപെറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സബ്സെന്ററാണ് പാലക്കാട് ലക്കിടിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്ക്സ് ടെക്നോളജി. വടക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് നൈപുണ്യവികസനം നൽകുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. കേരള സർക്കാർ സംരംഭമായ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമി (അസാപ്)- ന്റെ സഹകരണത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ബിരുദമുള്ളവർക്ക് ഇവിടെ ഇന്റേൺഷിപ്പിനുള്ള സൗകര്യവും നൽകി വരുന്നു.

ഇവിടെ മെഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ്-ഇഞ്ചക്ഷൻ മോൾഡിങ്ങ്, മെഷീൻ ഓപ്പറേറ്റർ-ഇഞ്ചക്ഷൻ മോൾഡിങ്ങ്/പ്ലാസ്റ്റിക്സ് പ്രോസസിങ്ങ് എന്നീ കോഴ്സിലേക്കുള്ള യോഗ്യത എട്ടാം ക്ലാസ്സാണ്. പ്ലാസ്റ്റിക്ക്സ് റീസൈക്കിളിങ്- അസിസ്റ്റന്റ് ടെക്നീഷ്യൻ കോഴ്സിലേക്കുള്ള യോഗ്യത പത്താം ക്ലാസ്സ്/ഹയർ സെക്കൻഡറിയാണ്.

വൈവിധ്യപഠനങ്ങളുടെ ഉറവിടം

വ്യത്യസ്തമാർന്ന കോഴ്സുകളുടെ ഉറവിടമാണ് സിപെറ്റ്. നൈപുണ്യവികസനത്തിൽ ഊന്നൽ നൽകിയുള്ള പഠനമാണ് ഇവിടെയുള്ള കോഴ്സുകളുടെ പ്രധാന പ്രത്യേത. 52 വർഷത്തെ പാരമ്പര്യമുള്ള സിപെറ്റ് രാജ്യപുരോഗതിയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. വിവിധ മേഖലയിലേക്ക് സാങ്കേതിക സഹായവും നൽകുന്നതിനോടൊപ്പം ഗവേഷണത്തിനും സിപെറ്റിന്റെ സെന്ററുകൾ അവസരമൊരുക്കുന്നുണ്ട്. അഭിരുചിയുള്ളവരെ കൂടുതൽ കോഴ്സുകളിലേക്ക് എത്തിക്കാനാണ് ഇപ്പോൾ സിപെറ്റിന്റെ ശ്രമം.
-ഡോ.ശ്രീനിവാസലൂ
പ്രിൻസിപ്പൽ, ഡയറക്ടർ ആൻഡ് ഹെഡ്, സിപെറ്റ്

thozhilvartha

Content Highlights: Courses and Career Prospects at CPET