കേരളത്തില്‍ കീം അടിസ്ഥാനമാക്കി ബി.ടെക്കിന് ഇനിയും അലോട്ട്‌മെന്റുകള്‍ ഉണ്ടാകുമോ?

-സുരേഷ്, പാലക്കാട്

പ്രവേശന പരീക്ഷാ കമ്മിഷണര്‍ വഴിയുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ എന്നീ മൂന്നുവിഭാഗം എന്‍ജിനിയറിങ് കോളേജുകളിലെ മൂന്ന് റൗണ്ട് അലോട്ട്‌മെന്റുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നവംബര്‍ ഒന്‍പതിനു പ്രസിദ്ധപ്പെടുത്തിയ മൂന്നാം അലോട്ട്‌മെന്റു വിജ്ഞാപനത്തില്‍, മൂന്നാം അലോട്ട്‌മെന്റ്് സ്വാശ്രയ കോളേജുകളിലേക്കുള്ള അവസാന അലോട്ട്‌മെന്റ്് ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്ക് ഈ വര്‍ഷം ഇനിയും കമ്മിഷണറുടെ അലോട്ട്‌മെന്റ്് ഉണ്ടാകില്ല. ഈ വ്യവസ്ഥ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍ക്കും ബാധകമാണ്. ഉന്നതവിദ്യാഭാസ വകുപ്പിന്റെ നവംബര്‍ 12-ലെ ഉത്തരവുപ്രകാരം നവംബര്‍ 16-നകം സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലേക്കുള്ള കമ്മിഷണറുടെ എല്ലാ അലോട്ട്‌മെന്റുകളും പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍, ഗവണ്‍മെന്റ്് ക്വാട്ടയില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍, കോളേജുകള്‍ക്ക് നേരിട്ട് നികത്താം. ഏതെങ്കിലും അംഗീകൃത പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഈ സീറ്റുകളിലേക്ക് പരിഗണിക്കാം.

ഈ വ്യവസ്ഥപ്രകാരം, ഒട്ടേറെ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍, സ്‌പോട്ട് അലോട്ട്‌മെന്റ്് വിജ്ഞാപനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അവയില്‍ ഐ.എച്ച്.ആര്‍.ഡി., എല്‍.ബി.എസ്. കോളേജുകള്‍, കേരള യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനിയറിങ് (കാര്യവട്ടം), കോഴിക്കോട് സര്‍വകലാശാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി (തേഞ്ഞിപ്പലം), കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ സെന്ററിന്റെ കോളേജ് ഓഫ് എന്‍ജിനിയറിങ് (മൂന്നാര്‍), കെ.എസ്.ആര്‍.ടി.സി.യുടെ എസ്.സി.ടി. കോളേജ് ഓഫ് എന്‍ജിനിയറിങ് (പാപ്പനംകോട്), സിപാസിന്റെ കീഴിലുള്ള യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനിയറിങ് (തൊടുപുഴ) തുടങ്ങിയവ ഉള്‍പ്പെടുന്നു.

ഇവയില്‍ ചിലതിലെ സ്‌പോട്ട് റൗണ്ട് പൂര്‍ത്തിയായിട്ടുണ്ട്. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സ്ഥിതി മനസ്സിലാക്കുക. ഗവണ്‍മെന്റ് വിഭാഗം അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായതായി അറിയിപ്പ് വരാത്ത സാഹചര്യത്തില്‍, മോപ് അപ് റൗണ്ട്, സ്‌പോട്ട് അലോട്ട്‌മെന്റ് എന്നിവ മുന്‍ വര്‍ഷങ്ങളിലെന്നപോലെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. കമ്മിഷണറുടെ വെബ്‌സൈറ്റ് ഇടയ്ക്കിടെ സന്ദര്‍ശിച്ച് പുതിയ അറിയിപ്പുകള്‍ ഉണ്ടോ എന്ന് നോക്കുക.

Content Highlights: will be there any further allotment for b.tech under KEAM in kerala