കേരളത്തില്‍ ബി.ടെക്ക് ഈവനിങ് പ്രോഗ്രാമിന് ആര്‍ക്കൊക്കെ അപേക്ഷിക്കാം? ഗവ.എന്‍ജിയിനറിംഗ് കോളേജില്‍ റഗുലര്‍ ബി.ടെക്ക് പ്രവേശനം കിട്ടാത്തവരെ പരിഗണിക്കുമോ?
-വീണ, ആലപ്പുഴ

കേരളത്തില്‍ തിരഞ്ഞെടുത്ത എന്‍ജിനിയറിങ് കോളേജുകളില്‍ ബി.ടെക്. ഈവനിങ് പ്രോഗ്രാം നടത്തുന്നുണ്ട്. നേരത്തേ ഇത്, ബി.ടെക്. പാര്‍ട് ടൈം എന്ന പേരിലാണ് അറിയപ്പെട്ടത്. ഡിപ്ലോമ യോഗ്യതയുള്ള, ജോലിചെയ്യുന്നവര്‍ക്ക് എന്‍ജിനിയറിങ് ബിരുദം നേടാന്‍ അവസരം ഒരുക്കുകയാണ് പ്രോഗ്രാം.2021-ല്‍ തിരുവനന്തപുരം ശ്രീകാര്യം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ പ്രോഗ്രാം ഉണ്ട്.

സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് എന്നീ ബ്രാഞ്ചുകളിലാണ് പ്രവേശനം നല്‍കിയത്. കാലാവധി നാലു വര്‍ഷം (8 സെമസ്റ്റര്‍). ലക്ചര്‍, ലബോറട്ടറി വര്‍ക്ക്, സെമിനാര്‍, പ്രോജക്ട് വര്‍ക്ക്, തിസിസ് എന്നിവ ഉണ്ടാകും. സാധാരണഗതിയില്‍, ആഴ്ചയില്‍ അഞ്ചു ദിവസം വൈകീട്ട് 5.45 മുതല്‍ 9.15 വരെ ക്ലാസ് ഉണ്ടാകും. ആവശ്യമെങ്കില്‍ അവധി ദിവസങ്ങളിലും ക്ലാസ് നടത്തും.

യോഗ്യത: അംഗീകൃത എന്‍ജിനിയറിങ്/ടെക്‌നോളജി ഡിപ്ലോമ ജയിക്കണം. അപേക്ഷിക്കുമ്പോള്‍ ജോലി വേണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത വ്യാവസായിക ഫേമുകള്‍, കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്ത പബ്ലിക്/പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍, സംസ്ഥാനത്തെ പ്രൈവറ്റ് എയ്ഡഡ് പോളിടെക്‌നിക്, പ്രൈവറ്റ് എയ്ഡഡ്/അണ്‍ എയ്ഡഡ് എന്‍ജിനിയറിങ് കോളേജുകള്‍ എന്നിവയില്‍ ജോലിചെയ്യുന്നവര്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

ഡിപ്ലോമ നേടിയശേഷം, കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഡിപ്ലോമ പരീക്ഷയുടെ മാര്‍ക്കും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയത്തിന് രണ്ട് മാര്‍ക്ക് എന്ന തോതില്‍, പരമാധി പത്തു മാര്‍ക്കും ചേര്‍ത്താണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരുടെ അഭാവത്തില്‍ അതില്‍ താഴെ പ്രവൃത്തിപരിചയം ഉള്ളവരെ പരിഗണിക്കും.

അവര്‍ക്ക്, മാര്‍ക്ക് ഉണ്ടാകില്ല. ഡിപ്ലോമ നേടിയ ബ്രാഞ്ചിലേക്കാകും പ്രവേശനം. ചില ബ്രാഞ്ചുകള്‍ മറ്റു ചില ബ്രാഞ്ചുകള്‍ക്കു തുല്യമായി പരിഗണിക്കാറുണ്ട്. വിവരങ്ങള്‍ പ്രോസ്പക്ടസില്‍ നല്‍കും. 2021-ലെ പ്രവേശനം പൂര്‍ത്തിയായി.റഗുലര്‍ ബി.ടെക്. പ്രവേശനം കിട്ടാത്തവരെയല്ല ഇതിലേക്ക് പരിഗണിക്കുക. മറിച്ച് ഇവിടെ സൂചിപ്പിച്ച യോഗ്യതാ വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തുന്നവരെയാണ്. എന്‍ജിനിയറിങ്/ടെക്‌നോളജി ഡിപ്ലോമക്കാര്‍ക്ക് ലാറ്ററല്‍ എന്‍ട്രി പദ്ധതി വഴി റഗുലര്‍ ബി.ടെക്. പ്രോഗ്രാമിന്റെ രണ്ടാംവര്‍ഷത്തില്‍ ചേരാന്‍ അവസരമുണ്ട്.

Content Highlights: who all can apply for B.Tech evening programme