പ്ലസ്ടു കൊമേഴ്‌സ് പഠിക്കുന്നു. ഹിന്ദി ടീച്ചര്‍ ആവുക എന്നതാണ് ആഗ്രഹം. ഇതിനായി ഇനി എന്താണ് പഠിക്കണ്ടത്?  അനാമിക, തൃശ്ശൂര്‍

ഹൈസ്‌കൂള്‍ തലത്തില്‍ ടീച്ചര്‍ ആയി നിയമനം കിട്ടാന്‍ അംഗീകൃത ഹിന്ദി ബിരുദം (ബി.എ.), ബി.എഡ്., കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ്.) യോഗ്യത എന്നിവ വേണം. പ്ലസ്ടു കഴിഞ്ഞ് മൂന്നുവര്‍ഷത്തെ ബി.എ. ഹിന്ദി ബിരുദം നേടണം. ഉന്നതപഠനത്തിനുള്ള അര്‍ഹതയോടെ, പ്ലസ്ടു ഏതു സ്ട്രീമില്‍ പാസായവര്‍ക്കും ബി.എ. ഹിന്ദി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. തൃശ്ശൂരില്‍ താമസിക്കുന്ന വിദ്യാര്‍ഥി എന്ന നിലയില്‍ കോഴിക്കോട് സര്‍വകലാശാല കേന്ദ്രീകൃത പ്രവേശനത്തിന് അപേക്ഷിക്കാം. കണ്ണൂര്‍, മഹാത്മാഗാന്ധി, കേരള സര്‍വകലാശാലകളും ബി.എ. ഹിന്ദി കോഴ്‌സ് നടത്തുന്നുണ്ട്. സര്‍വകലാശാലകളുടെ അഡ്മിഷന്‍ വെബ്‌സൈറ്റ് പരിശോധിക്കുക. പ്ലസ്ടു മാര്‍ക്ക് അടിസ്ഥാനമാക്കി ഇന്‍ഡക്‌സിങ് വ്യവസ്ഥകള്‍ പ്രകാരമാണ് റാങ്ക് പട്ടിക തയ്യാറാക്കുക.

ബിരുദമെടുത്ത ശേഷമേ ബി.എഡ്. കോഴ്‌സ് ചെയ്യാന്‍ കഴിയൂ. ബി.എ. ഹിന്ദി പ്രോഗ്രാമില്‍, പാര്‍ട് I + II + IIIല്‍/പാര്‍ട് IIIല്‍, 50 ശതമാനം മാര്‍ക്ക് ഉണ്ടെങ്കില്‍ ബി.എഡ്. ഹിന്ദി കോഴ്‌സ് പ്രവേശനത്തിന് അര്‍ഹതയുണ്ട്. കോഴിക്കോട് സര്‍വകലാശാലയുടെ ബി.എഡ്. പ്രവേശന പ്രോസ്‌പെക്ടസ് പരിശോധിച്ച് പ്രവേശനരീതി മനസ്സിലാക്കാം.

കൂടാതെ കെടെറ്റ് യോഗ്യത നേടണം. കേരള സര്‍ക്കാര്‍ പരീക്ഷാ കമ്മിഷണര്‍ (പരീക്ഷാഭവന്‍) ആണ് കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് നടത്തുന്നത്. പരീക്ഷാ വിജ്ഞാപനം നോക്കി അതിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കണം.

യോഗ്യത നേടിയശേഷം, കേരള പി.എസ്.സി./എയ്ഡഡ് സ്ഥാപനങ്ങള്‍ എന്നിവയുടെ റിക്രൂട്ട്‌മെന്റ്് വിജ്ഞാപനങ്ങള്‍ പ്രകാരം അപേക്ഷിച്ച് തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കെടുക്കാം.

ഹയര്‍ സെക്കന്‍ഡറിതലത്തില്‍ അധ്യാപികയാകാന്‍ താത്പര്യമുണ്ടെങ്കില്‍ എം.എ. ഹിന്ദി ബിരുദം നേടണം. ഒപ്പം ബി.എഡ്., ഹയര്‍ സെക്കന്‍ഡറി അധ്യാപക/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) യോഗ്യതയും നേടണം. തുടര്‍ന്ന് റിക്രൂട്ട്‌മെന്റ്് പ്രക്രിയയില്‍ പങ്കെടുക്കാം.

കോളേജ്/സര്‍വകലാശാലാതലത്തില്‍ അധ്യാപികയാകാന്‍ എം.എ. ഹിന്ദി, യു.ജി.സി. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) യോഗ്യത എന്നിവ വേണ്ടിവരും. ഭാവിയില്‍ പിഎച്ച്.ഡി. ബിരുദം വേണ്ടിവന്നേക്കാം.

പൊതുവായ വ്യവസ്ഥകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. മാര്‍ക്ക് വ്യവസ്ഥകള്‍ ഒരോ തലത്തിലും ഉണ്ടാകാം. ചില അധിക യോഗ്യതകള്‍ ഉള്ളവര്‍ക്ക് ചില ഇളവുകള്‍ ഉണ്ടാകാം. ചിലതിന് പകരം യോഗ്യതയും ഉണ്ടാകാം. റിക്രൂട്ട്‌മെന്റ് വിജ്ഞാപനങ്ങള്‍ പരിശോധിച്ച് ഇവ മനസ്സിലാക്കാം.

Content Highlights: Hindhi Teaching