പ്ലസ് ടു​ ഈവര്‍ഷം പൂര്‍ത്തിയാക്കി. ബി.ബി.എ. എല്‍എല്‍.ബി.ക്ക് ചേരണമെന്നുണ്ട്. പ്രവേശനം എങ്ങനെ. ക്ലാസ് എപ്പോള്‍ തുടങ്ങും?

-രാജശ്രീ, പാലക്കാട്.

ബി.ബി.എ. എല്‍എല്‍.ബി. പ്രോഗ്രാമിന് ലഭ്യമായ പ്രവേശന സംവിധാനങ്ങള്‍ ഇവയാണ്:

കേരളത്തില്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എല്‍എല്‍.ബി. പ്രോഗ്രാമുകളില്‍, ബി.ബി.എ. എല്‍എല്‍.ബി. ഉള്‍പ്പെടുന്നുണ്ട്. തൃശ്ശൂര്‍, കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജുകളില്‍ ഈ കോഴ്‌സ് ലഭ്യമാണ്. 14 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലും പ്രോഗ്രാം ഉണ്ട്. സര്‍ക്കാര്‍ ലോ കോളേജുകളിലേക്കും സ്വകാര്യ സ്വാശ്രയ കോളേജുകളിലെ ഗവണ്‍മെന്റ് സീറ്റുകളിലേക്കും പ്രവേശനപരീക്ഷാ കമ്മിഷണര്‍ അലോട്ട്‌മെന്റ് നടത്തുന്നു. പ്രവേശനപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.

2021-22 പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞു. അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. വിവരങ്ങള്‍ക്ക്: www.cee.kerala.gov.in

കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്, ബി.ബി.എ. എല്‍എല്‍.ബി. (ഓണേഴ്‌സ്) പ്രോഗ്രാം നടത്തുന്നുണ്ട്. സര്‍വകലാശാല നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. ഈ വര്‍ഷത്തെ പ്രവേശനം കഴിഞ്ഞു.വിവരങ്ങള്‍ക്ക്: silt.mgu.ac.in

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, ബി.ബി.എ. എല്‍എല്‍.ബി. ഓണേഴ്‌സ് അഞ്ചുവര്‍ഷ പ്രോഗ്രാം നടത്തുന്നുണ്ട്. സര്‍വകലാശാല നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) അടിസ്ഥാനമാക്കിയാണ് പ്രവേശനം. അപേക്ഷിക്കേണ്ട സമയം കഴിഞ്ഞു. വിവരങ്ങള്‍ക്ക്: admissions.cusat.ac.in

കേരളത്തിനു പുറത്തുപഠിക്കാന്‍ ജോദ്പുര്‍, ഗാന്ധിനഗര്‍, പട്‌ന, കട്ടക്, ഷിംല എന്നീ ദേശീയ നിയമസര്‍വകലാശാലകളിലാണ് ഈ അഞ്ചുവര്‍ഷ പ്രോഗ്രാം ഉള്ളത്. ദേശീയതലത്തില്‍ നടത്തുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഈവര്‍ഷത്തെ പ്രവേശനം പൂര്‍ത്തിയായി. പ്രവേശനനടപടികള്‍ consortiumofnlus.ac.in-ല്‍നിന്നും മനസ്സിലാക്കാം (2022 പ്രവേശനത്തിനുള്ള ക്ലാറ്റ്തീയതി പ്രഖ്യാപിച്ചു).

കോവിഡ് സാഹചര്യത്തില്‍, അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള വിജ്ഞാപനം എപ്പോള്‍ വരുമെന്ന് പറയാന്‍ കഴിയില്ല. സാധാരണഗതിയില്‍ ഒരു അക്കാദമിക് വര്‍ഷത്തെ പ്രവേശനത്തിനുള്ള അറിയിപ്പുകള്‍ തലേ അക്കാദമിക് വര്‍ഷം ജനുവരിമുതല്‍ പ്രതീക്ഷിക്കാം. സാധാരണ സമയങ്ങളില്‍ ക്ലാസ് ജൂലായ്-സെപ്റ്റംബര്‍ കാലയളവില്‍ തുടങ്ങിയേക്കും.

Content Highlights: what are the things to be noted before joining B.B.A  L.L.B after plus two