ബി.കോം. വിദ്യാർഥിയാണ്. സഹകരണവകുപ്പിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ജൂനിയർ ഇൻസ്പെക്ടർ തസ്തികയ്‍ക്ക് അപേക്ഷിക്കാൻ ബി.കോമിന് കോ-ഓപ്പറേഷൻ സ്പെഷ്യലൈസേഷൻതന്നെ എടുത്തിരിക്കണമെന്നുണ്ടോ?

-അജിത, കണ്ണൂർ

പബ്ലിക് സർവീസ് കമ്മിഷൻ വഴി കോ-ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റിൽ 'ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്' തസ്തികയ്‍ക്ക് കോ-ഓപ്പറേഷൻ സ്പെഷ്യൽ സബ്ജക്ട് ആയി പഠിച്ച് ബി.കോം. ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

കൂടാതെ, കോ-ഓപ്പറേഷൻ സ്പെഷ്യൽ സബ്ജക്ട് ആയി പഠിക്കാതെ ബി.കോം. ബിരുദം നേടിയവർക്കും മറ്റുബിരുദക്കാർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. അതിൽചിലർക്ക് ചില അധികയോഗ്യതകൂടി വേണം.

അംഗീകൃത ബി.എ., ബി.എസ്സി., ബി.കോം. ബിരുദത്തോടൊപ്പം കോ-ഓപ്പറേഷൻ ഹയർ ഡിപ്ലോമ, അല്ലെങ്കിൽ കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയന്റെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ അല്ലെങ്കിൽ, കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന സബോർഡിനേറ്റ് പഴ്സണൽ ട്രെയിനിങ് കോഴ്സ് യോഗ്യതയുള്ളവരും അപേക്ഷിക്കാൻ അർഹരാണ്.

കേരള കാർഷിക സർവകലാശാലയുടെ ബി.എസ്സി. (കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്) ബിരുദധാരികൾ, നാഷണൽ കൗൺസിൽ ഫോർ റൂറൽ ഹയർ എജ്യുക്കേഷൻ നൽകുന്ന കോ-ഓപ്പറേഷൻ ഒരു സ്പെഷ്യൽ വിഷയമായി പഠിച്ചുനേടിയ ഡിപ്ലോമ ഇൻ റൂറൽ സർവീസ് കല്പിത സർവകലാശാലയായ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോ-ഓപ്പറേഷൻ ഡിഗ്രി (ബാച്ചിലർ ഓഫ് കോ-ഓപ്പറേഷൻ) യോഗ്യതയുള്ളവരും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണ്.

Content Highlights: what are the criteria for b.com students getting a job in co-operative field