കേരളത്തില്‍ നടത്തുന്ന എന്‍ജിനിയറിങ് സ്‌പോട്ട് അഡ്മിഷന് ഹാജരാക്കേണ്ട എന്‍.ഒ.സി. എന്താണ്? ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ? വ്യത്യസ്ത തീയതികളിലാകുമോ ഓരോ സ്ഥാപനത്തിലെയും അലോട്ട്‌മെന്റ്?

-വര്‍ഗീസ് ജോണ്‍, കണ്ണൂര്‍

സര്‍ക്കാര്‍/എയ്ഡഡ്, എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്‌സുകളില്‍ നവംബര്‍ 27-നു ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്കാണ് സ്‌പോട്ട് അഡ്മിഷന്‍ (സ്‌ട്രേ വേക്കന്‍സി ഫില്ലിങ്) നടത്തുന്നത്. ഈ റൗണ്ട് അലോട്ട്‌മെന്റ് 30-ന് വൈകീട്ട് അഞ്ചിനകം പൂര്‍ത്തിയാക്കും. ഒട്ടേറെ സ്ഥാപങ്ങളില്‍ ഒറ്റപ്പെട്ട ഒഴിവുകള്‍ ഉള്ളതിനാല്‍ ഓരോ സ്ഥാപനത്തിലെയും അലോട്ട്‌മെന്റ് വ്യത്യസ്ത തീയതികളിലാകാനുള്ള സാധ്യത ഇല്ല. എന്നാലും പങ്കെടുക്കാനുദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ സ്‌പോട്ട് സമയക്രമം, സ്ഥാപന വെബ്‌സൈറ്റില്‍ പരിശോധിച്ച് ഉറപ്പാക്കി (അവിടെ ഇല്ലെങ്കില്‍ കോളേജില്‍ നേരിട്ട് ബന്ധപ്പെടുക) നേരത്തേ അവിടെ ഹാജരാകുക.

നിലവില്‍ പ്രവേശനം നേടിയിട്ടുള്ളവര്‍ക്കാണ് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി.) ഹാജരാക്കേണ്ടത്. സ്‌പോട്ട് വഴി ഒരു അലോട്ട്‌മെന്റ്് ലഭിച്ചാല്‍ വിദ്യാര്‍ഥിയെ സ്ഥാപനത്തില്‍നിന്ന് വിടുതല്‍ ചെയ്യുന്നതിന് തടസ്സമുണ്ടാകില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന രീതിയിലുള്ള രേഖയാകണം എന്‍.ഒ.സി. പ്രവേശനം നേടിയിരിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയാണ് എന്‍.ഒ.സി. നല്‍കേണ്ടത്. എന്നാല്‍, പ്രവേശന പരീക്ഷാ കമ്മിഷണര്‍ നല്‍കിയ മുന്‍ അലോട്ട്‌മെന്റുകള്‍ പ്രകാരം ഗവണ്‍മന്റ്/എയ്ഡഡ്, എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്‌സുകളില്‍ നിലവില്‍ പ്രവേശനം നേടിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍.ഒ.സി. നിര്‍ബന്ധമല്ല.

സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍, അക്കാദമിക് യോഗ്യത, സംവരണം/ഫീസ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടെങ്കില്‍ ബന്ധപ്പെട്ട കാറ്റഗറി യോഗ്യത തുടങ്ങിയവ തെളിക്കുന്ന രേഖകള്‍ ഹാജരാക്കണം. നിലവില്‍ പ്രവേശനം നേടിയിരിക്കുന്നവര്‍ക്ക്, അവര്‍ ഹാജരാക്കുന്ന എന്‍.ഒ.സി. പരിഗണിച്ച് താത്കാലികമായി സീറ്റ് അനുവദിക്കും. അവര്‍ അടുത്തദിവസം എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും അസല്‍ ഹാജരാക്കണം. അപ്പോള്‍ മാത്രമേ പ്രവേശനം സ്ഥിരപ്പെടുത്തൂ. ഇവര്‍ സ്‌പോട്ടിന് ഹാജരാകുമ്പോള്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് കൈവശംവെക്കണം.

സ്‌പോട്ട് അഡ്മിഷന്‍ പ്രക്രിയയുടെ ഭാഗമായി കോളേജ്, കോഴ്‌സ്, ബ്രാഞ്ച് മാറ്റങ്ങള്‍ അനുവദിക്കും. കാറ്റഗറി വിഭാഗത്തിലെ ഒഴിവുകള്‍, ബന്ധപ്പെട്ട കാറ്റഗറി ലിസ്റ്റിലുള്ള ഹാജരാകുന്നവര്‍ക്ക് അനുവദിക്കും. സംവരണ വിഭാഗക്കാര്‍ ഹാജരായിട്ടില്ലെങ്കില്‍ അത്തരം സീറ്റുകള്‍ പ്രോ?െസ്പക്ടസ് വ്യവസ്ഥപ്രകാരം പരിവര്‍ത്തനം ചെയ്ത്, ചട്ടപ്രകാരം പ്രവേശനം നല്‍കും. സ്‌പോട്ട് അലോട്ട്‌മെന്റ്് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ www.cee.kerala.gov.in ല്‍ ലഭിക്കും. ഓരോ സ്ട്രീമിലെയും ഒഴിവുകള്‍ കോളേജ്, കാറ്റഗറി തിരിച്ച് നല്‍കിയിട്ടുണ്ട്. ഈ രണ്ടു രേഖകളും പരിശോധിക്കുക.

Content Highlights: what all are the informations that have to be presented for engineering spot admission