ബി.ടെക്. വിദ്യാര്‍ഥിയാണ്. എന്‍ജിനിയറിങ് സര്‍വീസ് പരീക്ഷ എഴുതാന്‍ താത്പര്യമുണ്ട്. എല്ലാ ബ്രാഞ്ചുകാര്‍ക്കും അപേക്ഷിക്കാമോ? പരീക്ഷാഘടന എന്താണ്?-അശ്വതി, ആലപ്പുഴ
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) നടത്തുന്ന എന്‍ജിനിയറിങ് സര്‍വീസ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ സിവില്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് എന്നീ നാലു വിഭാഗങ്ങളിലെ സര്‍വീസുകള്‍/തസ്തികകള്‍ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പു നടത്തുന്നത്. ഒരാള്‍ക്ക് ഇവയില്‍ ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് അപേക്ഷിക്കാം.
റെയില്‍വേസ്, സര്‍വേ ഓഫ് ഇന്ത്യ, ഡിഫന്‍സ്, സ്‌കില്‍ ഡെവലപ്‌മെന്റ്, ജി.എസ്.ഐ., ബോര്‍ഡര്‍ റോഡ് എന്‍ജിനിയറിങ്, സെന്‍ട്രല്‍ എന്‍ജിനിയറിങ്, വാട്ടര്‍ എന്‍ജിനിയറിങ്, പവര്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ടെലികമ്യൂണിക്കേഷന്‍, റേഡിയോ റഗുലേറ്ററി ഉള്‍പ്പെടെയുള്ള സര്‍വീസുകളില്‍/വിഭാഗങ്ങളില്‍ നിയമനം ലഭിക്കാം.
അപേക്ഷാര്‍ഥിക്ക് എന്‍ജിനിയറിങ് ബിരുദം വേണം. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് (ഇന്ത്യ), ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനിയേഴ്‌സ് (ഇന്ത്യ), ഏറോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ തുടങ്ങിയവയുടെ നിശ്ചിത യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. മറ്റു ചില യോഗ്യതകളും അംഗീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ക്ക് യു.പി.എസ്.സി. വെബ്‌സൈറ്റില്‍ ഉള്ള പരീക്ഷയുടെ വിജ്ഞാപനം കാണണം.
പരീക്ഷയ്ക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്. ആദ്യഘട്ടം (ഒബ്ജക്ടീവ് ടൈപ്പ്) പ്രിലിമിനറി ആണ്. ജനറല്‍ സ്റ്റഡീസ് ആന്‍ഡ് എന്‍ജിനിയറിങ് ആപ്റ്റിറ്റിയൂഡ് ആണ് ആദ്യ പേപ്പര്‍. രണ്ടാം പേപ്പര്‍, കാറ്റഗറിയുമായി (സിവില്‍/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍) ബന്ധപ്പെട്ടതാണ്.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കുള്ള രണ്ടാംഘട്ടം, മെയിന്‍ പരീക്ഷ (കണ്‍വെന്‍ഷണല്‍ എഴുത്തുപരീക്ഷ) ആണ്. ഇവിടെ, ബന്ധപ്പെട്ട ബ്രാഞ്ചിലെ ചോദ്യങ്ങളുള്ള രണ്ടു പേപ്പറുകള്‍ ഉണ്ടാകും. മൂന്നാം ഘട്ടം, പേഴ്‌സണാലിറ്റി ടെസ്റ്റ്.
ഏതൊക്കെ ബ്രാഞ്ചുകാര്‍ക്ക് അപേക്ഷിക്കാം എന്നു വിജ്ഞാപനത്തില്‍ കൃത്യമായി പറഞ്ഞിട്ടില്ല. എന്നാല്‍, തിരഞ്ഞെടുപ്പു നടക്കുന്ന കാറ്റഗറികള്‍, പരീക്ഷാ ഘടന എന്നിവ പരിശോധിച്ചാല്‍, ഏതൊക്കെ ബ്രാഞ്ചുകളില്‍ ബി.ടെക്. കഴിയുന്നവര്‍ക്ക് പരീക്ഷ അഭിമുഖീകരിക്കാം എന്ന് വ്യക്തമാകും.
(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)
Content Highlights: UPSC IES application procedure, Ask expert