ask expertബി.കോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. മൂന്നുവര്‍ഷ എല്‍എല്‍.ബി. കോഴ്‌സ് ചെയ്യാന്‍ താത്പര്യമുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ ലോ കോളേജില്‍ പ്രവേശനത്തിനായി ഏതു പരീക്ഷയാണ് എഴുതേണ്ടത്? -ശ്രീകാന്ത്, തൃശ്ശൂര്‍

കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളില്‍ ത്രിവത്സര എല്‍എല്‍.ബി. പ്രോഗ്രാം ഉണ്ട്. ഓരോ കോളേജിലും 100 സീറ്റുവീതമുണ്ട്. അപേക്ഷാര്‍ഥിക്ക് ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനം മാര്‍ക്കോടെയുള്ള (എല്ലാ ഭാഗങ്ങള്‍ക്കും കൂടി ചേര്‍ത്ത്) ബിരുദം ഉണ്ടായിരിക്കണം. സോഷ്യലി ആന്‍ഡ് എജ്യുക്കേഷണലി ബാക്വേര്‍ഡ് ക്ലാസസ് (എസ്.ഇ ബി.സി) വിഭാഗക്കാര്‍ക്ക് 42- ഉം പട്ടിക വിഭാഗക്കാര്‍ക്ക് 40- ഉം ശതമാനം മാര്‍ക്കുമതി. പ്രവേശനവര്‍ഷത്തിനു തലേ അധ്യയനവര്‍ഷത്തില്‍ യോഗ്യതാകോഴ്‌സിന്റെ ഫൈനല്‍പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാന്‍ അനുമതി നല്‍കാറുണ്ട്.

കേരളത്തില്‍ പ്രവേശനപരീക്ഷാ കമ്മിഷണറാണ് അപേക്ഷ വിളിക്കുന്നത്. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്കുപട്ടിക തയ്യാറാക്കി അഡ്മിഷന്‍ നടത്തും. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷയ്ക്ക് ജനറല്‍ ഇംഗ്ലീഷ് (60 ചോദ്യങ്ങള്‍), ജനറല്‍ നോളജ് (45), അരിത്മറ്റിക് ആന്‍ഡ് മെന്റല്‍ എബിലിറ്റി (25) ആപ്റ്റിറ്റിയൂഡ് ഫോര്‍ ലീഗല്‍ സ്റ്റഡീസ് (70) എന്നീ വിഷയങ്ങളില്‍ നിന്നുമായി 200 ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. ശരിയുത്തരത്തിന് മൂന്നുമാര്‍ക്ക്.

തെറ്റിയാല്‍ ഒരുമാര്‍ക്ക് നഷ്ടം. പ്രവേശനപരീക്ഷയില്‍ 10 ശതമാനം മാര്‍ക്ക് നേടുന്നവര്‍ (600ല്‍ 60 മാര്‍ക്ക്) റാങ്കുപട്ടികയില്‍ ഉള്‍പ്പെടും. പട്ടിക വിഭാഗക്കാര്‍ക്ക് റാങ്കുപട്ടികയില്‍ ഉള്‍പ്പെടാന്‍ അഞ്ചുശതമാനം മാര്‍ക്ക് (30 മാര്‍ക്ക്) മതി. റാങ്കുപട്ടിക വന്നശേഷം എന്‍ട്രന്‍സ് കമ്മിഷണറേറ്റ് ഓപ്ഷന്‍ ക്ഷണിച്ച് അലോട്ട്‌മെന്റ് നടത്തും. മുന്‍വര്‍ഷങ്ങളിലെ പ്രവേശനവിവരങ്ങള്‍ക്കായി http://cee-kerala.org കാണുക.

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: Three Year LLB Course After Under Graduate Course