കംപ്യൂട്ടര്‍ സയന്‍സ് ഗ്രൂപ്പില്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നു. ഐ.ഐ. എസ്.ടി.യില്‍ ഏറോസ്‌പേസ് എന്‍ജിനിയറിങ് പ്രവേശനം കിട്ടാന്‍ എന്തുചെയ്യണം?

-നന്ദന, പാലക്കാട്

തിരുവനന്തപുരത്ത് വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി.) ഏറോസ്‌പേസ് എന്‍ജിനിയറിങ്ങില്‍ നാലുവര്‍ഷ ബി.ടെക്. പ്രോഗ്രാം നടത്തുന്നുണ്ട്.

പ്രവേശനം, ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് റാങ്ക്/മാര്‍ക്ക് അടിസ്ഥാനമാക്കിയാണ്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ 1 (ബി.ഇ./ബി.ടെക്. പേപ്പര്‍) അഭിമുഖീകരിച്ച് ജെ.ഇ.ഇ. അഡ്വാന്‍സ്ഡിന് ആദ്യം യോഗ്യത നേടണം. 2021-ല്‍ വിവിധ കാറ്റഗറികളില്‍നിന്നുമായി 2,50,000 പേര്‍ക്കാണ് അഡ്വാന്‍സ്ഡിന് അര്‍ഹത ലഭിച്ചത്.

ഫിസിക്‌സ്-കെമിസ്ട്രി-മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലെ ഒബ്ജക്ടീവ് ടൈപ്പ്/ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പ് ചോദ്യങ്ങളുള്ള മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍-1. 2021-ല്‍ നാല് സെഷനുകളുണ്ടായിരുന്നു.

താത്പര്യമനുസരിച്ച് ഇതില്‍ എത്ര സെഷന്‍ വേണമെങ്കിലും അഭിമുഖീകരിക്കാം. ഏറ്റവും മെച്ചപ്പെട്ട പെര്‍സന്റൈല്‍ സ്‌കോര്‍ പരിഗണിച്ചാകും റാങ്ക് നിര്‍ണയിക്കുക. ഈ പരീക്ഷ അഭിമുഖീകരിക്കാന്‍ സയന്‍സ് സ്ട്രീമില്‍ നിശ്ചിത വിഷയങ്ങള്‍ പഠിക്കണം. വിവരങ്ങള്‍ക്ക് ജെ.ഇ.ഇ. മെയിന്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ കാണുക.

അഡ്വാന്‍സ്ഡിന് അര്‍ഹത ലഭിച്ചാല്‍ ഫീസ് അടച്ച് രജിസ്റ്റര്‍ചെയ്ത്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലെ ചോദ്യങ്ങളുള്ള രണ്ടു പേപ്പറുകള്‍ അഭിമുഖീകരിക്കണം. യോഗ്യത നേടാന്‍ കാറ്റഗറി അനുസരിച്ച് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ഓരോന്നിലും മിനിമം കട്ട് ഓഫ് മാര്‍ക്ക് നേടണം. ഒപ്പം രണ്ടു പേപ്പറിനുംകൂടി മിനിമം കട്ട് ഓഫ് മാര്‍ക്ക് നേടണം.

ഐ.ഐ.എസ്.ടി. പ്രവേശനത്തിന് അപേക്ഷിക്കണം. അപേക്ഷാര്‍ഥി പ്ലസ് ടു യോഗ്യതാപരീക്ഷ ജയിച്ചിരിക്കണം (2021 വര്‍ഷത്തേക്ക് നല്‍കിയ ഇളവാണിത്. സാധാരണ ഗതിയില്‍ കട്ട് ഓഫ് മാര്‍ക്ക് വ്യവസ്ഥ ഉണ്ടാകും).

അപേക്ഷ സ്വീകരിച്ച് ജെ.ഇ. ഇ. അഡ്വാന്‍സ്ഡ് റാങ്ക്/സ്‌കോര്‍ പരിഗണിച്ച് പ്രവേശനം നടത്തും. വിവരങ്ങള്‍ക്ക്: www.iist.ac.in

Content Highlights: things that should be noted to apply for Aerospace Engineering