ബി.എഡ്. രണ്ടാംവർഷ വിദ്യാർഥിയാണ്. പി.ജി. ബിരുദവും നെറ്റ് യോഗ്യതയും ഉണ്ട്. അധ്യാപക നിയമനത്തിനുള്ള കെ.ടെറ്റ്, സെറ്റ് എന്നിവ പാസാകേണ്ടതുണ്ടോ ? -രാഖി, കണ്ണൂർ

കേരളത്തിൽ ലോവർ പ്രൈമറിമുതൽ ഹൈസ്കൂൾ തലംവരെയുള്ള അധ്യാപക നിയമനത്തിന് അപേക്ഷാർഥി ജയിച്ചിരിക്കേണ്ട യോഗ്യതാ പരീക്ഷയാണ് കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ്). നാലു വിഭാഗങ്ങളിലാണ് ഈ പരീക്ഷ നടത്തുന്നത്. ലോവർ പ്രൈമറി ക്ലാസുകൾ (കാറ്റഗറി I), അപ്പർ പ്രൈമറി (II), ഹൈസ്കൂൾ (III), ഭാഷാ/സ്പെഷ്യലിസ്റ്റ് അധ്യാപകർ (IV).

നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) എന്നിവയിലൊന്നിൽ യോഗ്യത നേടിയവരെയും എം.ഫിൽ., പിഎച്ച്.ഡി., എം.എഡ്. എന്നിവയിലൊരു ബിരുദം ഉള്ളവരെയും എല്ലാ കാറ്റഗറികൾക്കും കെ.ടെറ്റ് യോഗ്യത നേടുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് പാസാകേണ്ട യോഗ്യതാ പരീക്ഷയാണ് സെറ്റ്. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്/ജൂനിയർ റിസർച്ച് ഫെലോഷിപ്പ് യോഗ്യത നേടിയവരെ സെറ്റ് യോഗ്യത നേടുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിഎച്ച്.ഡി./ എം.ഫിൽ. (ബന്ധപ്പെട്ട വിഷയത്തിൽ)/ എം.എഡ്. ബിരുദധാരികളെയും സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എലിജിബിലിറ്റി ടെസ്റ്റ് സംബന്ധിച്ച വ്യവസ്ഥ മാത്രമാണിത്. ഓരോ തലത്തിലും അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതയും മറ്റ് യോഗ്യതാ വ്യവസ്ഥകളും അപേക്ഷാർഥി ഇതിനുപുറമേ തൃപ്തിപ്പെടുത്തേണ്ടതുണ്ട്.

(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക:
https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Teachers Eligibility Test, Mathrubhumi Ask Expert