ask expertഹയര്‍സെക്കന്‍ഡറി കൊമേഴ്‌സ് സ്ട്രീമില്‍ പഠിക്കുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ഒരു ഓപ്ഷണല്‍. കേരളത്തില്‍ ബി.എസ്‌സി.സ്റ്റാറ്റിസ്റ്റിക്‌സിന് അപേക്ഷിക്കാമോ? 
അജിത്, കോഴിക്കോട്

കേരളത്തിലെ സര്‍വകലാശാലകളില്‍ ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സിന് വേണ്ട യോഗ്യത വ്യത്യസ്തമാണ്. ഹയര്‍ സെക്കന്‍ഡറിതലത്തില്‍ മാത്തമാറ്റിക്‌സോ അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിറ്റിക്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയിലൊന്ന് മറ്റ് ഓപ്ഷണലുകള്‍ക്കൊപ്പമോ പഠിച്ചവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയിലും മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ഒരുവിഷയമായി പഠിച്ചവര്‍ക്ക് എം.ജി. സര്‍വകലാശാലയിലും ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് പ്രവേശനം തേടാം. 

പ്ലസ്ടു സയന്‍സ് സ്ട്രീമില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചവര്‍ക്കേ കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കൂ. മാത്തമാറ്റിക്‌സിനൊപ്പം ഫിസിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലൊന്നും കൂടി പ്ലസ്ടു തലത്തില്‍ പഠിച്ചവര്‍ക്ക് കേരള സര്‍വകലാശാലയില്‍ ബി.എസ്സി സ്റ്റാറ്റിസ്റ്റിക്‌സ് പ്രവേശനം തേടാം. 

അപ്പോള്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു ഓപ്ഷണലായി പഠിച്ച കൊമേഴ്‌സ് ഗ്രൂപ്പുകാര്‍ക്ക് കോഴിക്കോട്, എം.ജി. സര്‍വകലാശാലകളില്‍ ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സിന് അപേക്ഷിക്കാം. കണ്ണൂര്‍ സര്‍വകലാശാലയില്‍ കൊമേഴ്‌സ് ഗ്രൂപ്പുകാര്‍ക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാന്‍ പറ്റില്ല. 

ഹയര്‍ സെക്കന്‍ഡറിതലത്തില്‍ മാത്തമാറ്റിക്‌സ് ഓപ്ഷണല്‍ ഉള്ള കൊമേഴ്‌സ് ഗ്രൂപ്പ് ഉണ്ട്. പക്ഷേ അവര്‍ ഫിസിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലൊന്നുകൂടി ആ ഗ്രൂപ്പില്‍ പഠിക്കുന്നില്ല. സ്റ്റാറ്റിസ്റ്റിക്‌സ് വരുന്ന കൊമേഴ്‌സ് ഗ്രൂപ്പില്‍ മാത്തമാറ്റിക്‌സ് ഉള്‍പ്പെടുന്നില്ല. അതിനാല്‍ കൊമേഴ്‌സ് ഗ്രൂപ്പില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓപ്ഷണലായി പഠിക്കുന്നവര്‍ക്ക് കേരള സര്‍വകലാശാലകളില്‍ ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് പ്രവേശനത്തിന് അപേക്ഷിക്കാനാവില്ല.

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert


Content Highlights: Study Statistics in different Universities of Kerala