സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തുന്ന സി.ജി.എല്‍.ഇ.യുടെ ഘടന എന്താണ്?

-വിനോദ്, ആലപ്പുഴ

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന്‍ (സി.ജി.എല്‍.ഇ.) നാലു ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയാണ്. ടയര്‍ I- കംപ്യൂട്ടര്‍ ബേസ്ഡ് എക്‌സാമിനേഷന്‍, ടയര്‍ ll - കംപ്യൂട്ടര്‍ ബേസ്ഡ് എക്‌സാമിനേഷന്‍, ടയര്‍-III പെന്‍ ആന്‍ഡ് പേപ്പര്‍ മോഡ് (ഡിസ്‌ക്രിപ്റ്റീവ് പേപ്പര്‍), ടയര്‍ lV - കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ്/ഡേറ്റാ എന്‍ട്രി സ്‌കില്‍ ടെസ്റ്റ് (ബാധകമായവയ്ക്കുമാത്രം).

ടയര്‍ I, II പേപ്പറുകളില്‍ ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാകും ഉണ്ടാവുക. ടയര്‍ l-ല്‍ ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ് (എ), ജനറല്‍ അവയര്‍നസ് (ബി), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (സി), ഇംഗ്ലീഷ് കോംപ്രിഹന്‍ഷന്‍ (ഡി) എന്നീ നാലുഭാഗങ്ങളില്‍നിന്ന് രണ്ടുമാര്‍ക്കുവീതമുള്ള 25 വീതം ചോദ്യങ്ങള്‍ (ഒരു ഭാഗത്തിന് പരമാവധി 50 മാര്‍ക്ക്) ഉണ്ടാകും. മൊത്തം പരീക്ഷാസമയം ഒരു മണിക്കൂര്‍. ഉത്തരം തെറ്റിയാല്‍ 0.50 മാര്‍ക്കുവീതം കുറയ്ക്കും.

ഇതില്‍ എ, ബി, ഡി എന്നീ ഭാഗങ്ങളിലെ ചോദ്യങ്ങള്‍ ബിരുദനിലവാരത്തിലെയും സി-യിലെ ചോദ്യങ്ങള്‍ പത്താം ക്ലാസ് നിലവാരമുള്ളതുമായിരിക്കും. ടയര്‍ I പരീക്ഷയുടെ യോഗ്യതാമാര്‍ക്ക് ഇപ്രകാരമായിരിക്കും. അണ്‍ റിസര്‍വ്ഡ് -30 ശതമാനം, ഒ.ബി.സി./ഇ.ഡബ്ല്യു.എസ്. -25 ശതമാനം, മറ്റുള്ളവര്‍ -20 ശതമാനം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കാണ് ടയര്‍ II, sയര്‍ Ill തലങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിക്കുക.

ടയര്‍ II പരീക്ഷയ്ക്ക് നാലുപേപ്പറുകള്‍ ഉണ്ടാകും. പേപ്പര്‍ I- ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്‌സ് (ചോദ്യം 100, മാര്‍ക്ക് 200) പേപ്പര്‍ II - ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹന്‍ഷന്‍ (200, 200), പേപ്പര്‍ Ill - സ്റ്റാറ്റിസ്റ്റിക്‌സ് (100, 200), പേപ്പര്‍ lV - ജനറല്‍ സ്റ്റഡീസ് (ഫൈനാന്‍സ് ആന്‍ഡ് ഇക്കണോമിക്‌സ്) (100, 200). ഉത്തരം തെറ്റിയാല്‍ പേപ്പര്‍ II ല്‍ 0.25 മാര്‍ക്കും പേപ്പര്‍ I, III, IV എന്നിവയില്‍ 0.50 മാര്‍ക്കും വെച്ച് നഷ്ടപ്പെടും.

ചോദ്യങ്ങളുടെ നിലവാരം: പേപ്പര്‍ I -മെട്രിക്കുലേഷന്‍, II - പ്ലസ് ടു, III, IV എന്നിവ ബിരുദം. ഇതില്‍ പേപ്പര്‍ I, പേപ്പര്‍ II എന്നിവ എല്ലാവരും അഭിമുഖീകരിക്കണം. പേപ്പര്‍ III, പേപ്പര്‍ IV നിശ്ചിത തസ്തികയ്ക്ക് അപേക്ഷിച്ചവര്‍മാത്രം അഭിമുഖീകരിച്ചാല്‍ മതി. പേപ്പര്‍ III ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികകള്‍ക്കും പേപ്പര്‍ IV അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍/അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികകള്‍ക്കുമാണ്. പേപ്പര്‍ I + പേപ്പര്‍ II, പേപ്പര്‍ III, പേപ്പര്‍ IV എന്നിവയ്ക്ക് കട്ട് ഓഫ് നേടണം. ടയര്‍ III പരീക്ഷ, എസ്സെ/പ്രിസി/ലെറ്റര്‍/ ആപ്ലിക്കേഷന്‍ തുടങ്ങിയവ എഴുതാനുള്ളതാണ്. 100 മാര്‍ക്ക്, ഒരു മണിക്കൂര്‍.

ടയര്‍ I, ടയര്‍ ll പരീക്ഷകളുടെ മൊത്തം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ടയര്‍ III പേപ്പറിന്റെ മൂല്യനിര്‍ണയത്തിന് അര്‍ഹത നേടുന്നവരെ കണ്ടെത്തും. ടയര്‍ II യോഗ്യത നേടാത്തവരുടെ ടയര്‍ III പേപ്പര്‍ മൂല്യനിര്‍ണയം നടത്തില്ല. അവര്‍ സെലക്ഷന്‍ പ്രക്രിയയില്‍നിന്ന് പുറത്താകും. ടയര്‍ lV പരീക്ഷ ബാധകമായ തസ്തികകള്‍ക്കുമാത്രം. എല്ലാ ഘട്ടങ്ങളുടെയും വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Content Highlights: structure of c.g.l.e exam conducted by staff selection commission