പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് അപേക്ഷിക്കാമോ? എന്തൊക്കെ ജോലി കിട്ടാം? പരീക്ഷയുടെ വിശദാംശങ്ങള്‍ നല്‍കാമോ?- വിമല്‍, പത്തനം തിട്ട
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/ഓഫീസുകള്‍ എന്നിവയില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍ഡ്, പോസ്റ്റല്‍ അസിസ്റ്റന്‍ഡ്, സോര്‍ട്ടിങ് അസിസ്റ്റന്‍ഡ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികളിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍, കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി (10+2) െലവല്‍ എക്‌സാമിനേഷന്‍ നടത്തുന്നത്.
അപേക്ഷാര്‍ഥി അംഗീകൃത ബോര്‍ഡില്‍നിന്ന് പ്ലസ്ടു (12ാം ക്ലാസ്) പരീക്ഷ ജയിക്കണം. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഗ്രേഡ് 'എ' തസ്തികയിലേക്ക് പരിഗണിക്കപ്പടാന്‍ സയന്‍സ് സ്ട്രീമില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു ജയിക്കണം.
2020ലെ ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഉള്ള അവസാന തീയതി ഡിസംബര്‍ 19 വരെ നീട്ടിയിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത നേടേണ്ട അവസാന തീയതി 1.1.2021 ആണ്. 12ാം ക്ലാസില്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന താങ്കള്‍ക്ക് 2020 ലെ ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷ വഴിയാണ്.
ടയര്‍ l പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും. ഇംഗ്ലീഷ് ഭാഷ (അടിസ്ഥാന അറിവ്), ജനറല്‍ ഇന്റലിജന്‍സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (ബേസിക് അരിത്‌മെറ്റിക് സ്‌കില്‍), ജനറല്‍ അവയര്‍നസ് എന്നീ വിഷയങ്ങളിലെ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും. വിശദമായ സിലബസ് https://ssc.nic.in ല്‍ ഉള്ള 2020ലെ പരീക്ഷാ വിജ്ഞാപനത്തിലുണ്ട്.
ടയര്‍ II പരീക്ഷ, വിവരണാത്മക രീതിയിലുള്ളതാണ് (പെന്‍ ആന്‍ഡ് പേപ്പര്‍). ഉപന്യാസം/ലറ്റര്‍/ആപ്ലിക്കേഷന്‍/പ്രിസി മുതലായവ എഴുതേണ്ട പേപ്പര്‍. ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കായി നടത്തുന്ന ടയര്‍ III പരീക്ഷ സ്‌കില്‍ ടെസ്റ്റ്/ടൈപ്പിങ് ടെസ്റ്റ് എന്നിവ അടങ്ങുന്നതാണ്.
(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)
Content Highlights: SSC CHSL eligibility, Ask expert, central government jobs