ബിരുദവിദ്യാർഥിയാണ്. സ്പോർട്സ് ജേണലിസം പഠിക്കാൻ കോഴ്സുകൾ ഉണ്ടോ? -ടോമി, എറണാകുളം

ഗ്വാളിയർ ലക്ഷ്മിഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എൽ.എൻ.ഐ.പി.ഇ.) മാസ്റ്റർ ഓഫ് ആർട്സ് ഇൻ സ്പോർട്സ് ജേണലിസം എന്ന നാല് സെമസ്റ്റർ ദൈർഘ്യമുള്ള പ്രോഗ്രാം നടത്തുന്നുണ്ട്. കുറഞ്ഞത് 55 ശതമാനം മാർക്കോടെ (പട്ടികവിഭാഗക്കാരെങ്കിൽ 50 ശതമാനം) ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയ്ക്ക്, ഇൻട്രൊഡക്ഷൻ ടു ജേണലിസം, ജനറൽ ആൻഡ് സ്പോർട്സ് നോളജ് എന്നിവയിൽനിന്ന് 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും.

രണ്ടു സെമസ്റ്റർ ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സ്പോർട്സ് ജേണലിസം പ്രോഗ്രാം, ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് മോഡിൽ എൽ.എൻ.ഐ.പി.ഇ. നടത്തുന്നുണ്ട്. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ (പട്ടിക വിഭാഗക്കാർക്ക് 40 ശതമാനം) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് എൻട്രൻസ് ടെസ്റ്റുണ്ട്. 60 മിനിറ്റാണ് ദൈർഘ്യം. ജനറൽ നോളജ്, റീസണിങ് ആൻഡ് ന്യൂമറിക്കൽ എബിലിറ്റി എന്നിവയിൽനിന്നും 60 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ടെസ്റ്റിന് ഉണ്ടാകും. വിശദാംശങ്ങൾക്ക് www.lnipe.edu.in, കാണണം.

ഗാന്ധിനഗർ സ്വർണിം ഗുജറാത്ത് സ്പോർട്സ് യൂണിവേഴ്സിറ്റി; സ്പോട്സ് ജേണലിസം ആൻഡ് മാസ് മീഡിയാ ടെക്നോളജി വകുപ്പ് ഈ മേഖലയിൽ ചില പ്രോഗ്രാമുകൾ നടത്തുന്നുണ്ട്.

സ്പോർട്സ് ജേണലിസം സ്പെഷ്യലൈസേഷനോടെയുള്ള രണ്ടുവർഷ മാസ്റ്റർ ഓഫ് ആർട്സ് (ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ) പ്രോഗ്രാം, ഒരു വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ സ്പോർട്സ് ജേണലിസം ആൻഡ് മാസ്മീഡിയ ടെക്നോളജി പ്രോഗ്രാം എന്നിവയിലേക്ക് ബാച്ചിലർ ബിരുദധാരികൾക്കും അപേക്ഷിക്കാം. https://sgsu.gujarat.gov.in

വാരണാസി ബനാറസ് ഹിന്ദു സർവകലാശാല, ഒരുവർഷത്തെ പി.ജി. ഡിപ്ലോമ ഇൻ സ്പോർട്സ് ജേണലിസം പ്രോഗ്രാം, ചില വർഷങ്ങളിൽ നടത്തിയിട്ടുണ്ട്. https://www.bhu.ac.in/academic കാണുക.

(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക-https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Sports journalism institutes in India, ask expert