പ്ലസ് ടു ഹ്യുമാനിറ്റീസ് പഠിക്കുന്നു. സെക്രട്ടേറിയൽ പ്രാക്ടീസ് പഠിക്കണമെന്നുണ്ട്. എവിടെ പഠിക്കാം? പ്രവേശനം എങ്ങനെയാണ്? ജോലിസാധ്യത എത്രത്തോളം ഉണ്ട്?-അഭിരാമി, തിരുവനന്തപുരം

ന്നതപഠനത്തിനുള്ള അർഹതയോടെ പത്താം ക്ലാസ് ജയിച്ചവർക്ക് ചേരാൻ കഴിയുന്ന കോഴ്സാണ് കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 17 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഗവൺെമന്റ് കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് പ്രോഗ്രാം.

പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. പത്താം ക്ലാസ് വിഷയങ്ങളുടെ ഗ്രേഡ് പോയന്റ് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.

രണ്ടുവർഷം (നാലു സെമസ്റ്റർ) ദൈർഘ്യമുള്ള പ്രോഗ്രാമിൽ, സെക്രട്ടേറിയൽ പ്രാക്ടീസ്, കൊമേഴ്സ്, അക്കൗണ്ടൻസി, ഇംഗ്ലീഷ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങൾ സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാണുള്ളത്. വേർഡ് പ്രോസസിങ് (ഇംഗ്ലീഷ് ആൻഡ് മലയാളം), ടാലി, ഡാറ്റ എൻട്രി, ഫോട്ടോഷോപ്പ്, ഡി.ടി.പി. (ഇംഗ്ലീഷ് ആൻഡ് മലയാളം), ടൈപ്റ്റൈറ്റിങ്, ഷോർട്ട് ഹാൻഡ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് പഴ്സണാലിറ്റി െഡവലപ്മന്റ്, ബിസിനസ് കമ്യൂണിക്കേഷൻ എന്നിവയും പഠിക്കുന്നു.

ഈ പ്രോഗ്രാമിലെ ഇംഗ്ലീഷ് ഷോർട്ട് ഹാൻഡും ഇംഗ്ലീഷ് ടൈപ്റൈറ്റിങും ഹയർ ഗ്രേഡിനും മലയാളം ഷോർട്ട് ഹാൻഡും മലയാളം ടൈപ്റൈറ്റിങ്ങും ലോവർ ഗ്രേഡിനും ഇംഗ്ലീഷ് വേർഡ് പ്രോസസിങ് ഹയർ ഗ്രേഡിനും തത്തുല്യമായി അംഗീകരിച്ചിട്ടുണ്ട്. പ്രോഗ്രാം ലഭ്യമായ കേന്ദ്രങ്ങളുടെ പട്ടിക http://sitttrkerala.ac.in-ലുള്ള 2020-21ലെ പ്രോസ്പക്ടസിൽ ലഭിക്കും.

ദൈനംദിന ഓഫീസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിനാൽ ഓഫീസിലെ ക്ലറിക്കൽ തലത്തിലുള്ള ജോലി അവസരങ്ങൾ ലഭിക്കാനാണ് കൂടുതൽ സാധ്യത. സർക്കാർ/സ്വകാര്യ മേഖലകളിൽ അവസരം ലഭിക്കാം. ക്ലർക്ക്, പഴ്സണൽ സെക്രട്ടറി, പഴ്സണൽ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, ഡസ്ക് മാനേജർ, റിസപ്ഷനിസ്റ്റ് തുടങ്ങിയ അവസരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഈ പ്രോഗ്രാം യോഗ്യതവെച്ച് അപേക്ഷ വിളിച്ചിട്ടുള്ള രണ്ട് അവസരങ്ങൾ: അസിസ്റ്റന്റ് ഇൻസ്ട്രക്ടർ - ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - കേരള പി.എസ്.സി. വഴി); ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്, സ്പേസ് ഡിപ്പാർട്ട്മെന്റ് (നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ സെന്റർ, മേഘാലയ).

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് നിശ്ചിത ടൈപ്പിങ് സ്പീഡ് ഉള്ള പ്ലസ് ടുക്കാരെ സെൻട്രൽ സോൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കുന്നുണ്ട്.

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ 12-ാം ക്ലാസ് യോഗ്യതയായിവെച്ചിട്ടുള്ള, കേന്ദ്ര സർക്കാർ ജോലികൾക്കായി എഴുതാവുന്ന, കമ്പൈൻഡ് ഹയർ സെക്കൻഡറി ലവൽ പരീക്ഷയുടെ മൂന്നാം ഘട്ടമായ സ്കിൽ ടെസ്റ്റ്/ടൈപ്പിങ് ടെസ്റ്റിൽ ഈ പ്രോഗ്രാമിൽ ലഭിക്കുന്ന പരിശീലനം സഹായകരമായിരിക്കും.

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി തസ്തികയുടെ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാൻ 12-ാം ക്ലാസ് യോഗ്യതയും സ്റ്റെനോഗ്രഫി നൈപുണിയും വേണം. 12-ാം ക്ലാസ് പരീക്ഷ ജയിച്ചശേഷം ഈ ഡിപ്ലോമയ്ക്കു പഠിച്ച് ജയിച്ചാൽ, ഈ രണ്ട് അവസരങ്ങളും നിങ്ങൾക്കുണ്ട്.

ഓഫീസുകളിൽ ഈ മേഖലയിൽ മികവുള്ളവരുടെ ആവശ്യമുള്ളതിനാൽ അവസരങ്ങൾ ലഭിക്കാൻ വളരെയധികം സാധ്യതയുണ്ട്. വിജ്ഞാപനങ്ങൾ ശ്രദ്ധിക്കുക.

(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Secretarial practice admission, ask expert