2021-ലെ നീറ്റ് യു.ജി. സ്‌കോര്‍ കാര്‍ഡില്‍ രണ്ടു വ്യത്യസ്ത റാങ്കുകള്‍ കാണുന്നു. അതെന്താണ്? ഏതാണ് യഥാര്‍ഥ റാങ്ക്?

-വന്ദന, കോഴിക്കോട്

2021-ലെ നീറ്റ് യു.ജി.യില്‍ ടൈബ്രേക്കിങ് വ്യവസ്ഥ ബാധകമാക്കിയശേഷവും നിങ്ങള്‍ക്കു ലഭിച്ച മാര്‍ക്ക്/സ്‌കോര്‍ മറ്റു ചിലര്‍ക്കും ഉള്ളതിനാലാണ് മാര്‍ക്ക് ഷീറ്റില്‍ രണ്ട് വ്യത്യസ്ത റാങ്കുകള്‍ കാണുന്നത്. ഒന്നില്‍ കൂടുതല്‍ പരീക്ഷാര്‍ഥികള്‍ക്ക് ഒരേ മാര്‍ക്ക്/സ്‌കോര്‍ വന്നാല്‍ തുല്യത ഒഴിവാക്കി വ്യത്യസ്ത റാങ്കുകള്‍ എങ്ങനെ നിര്‍ണയിച്ചു നല്‍കുമെന്ന് നീറ്റ് യു.ജി. 2021 ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ 14.2 ക്ലോസില്‍ വിശദീകരിച്ചിട്ടുണ്ട്. തുല്യത ഒഴിവാക്കാന്‍ ആദ്യം പരിഗണിക്കുക നീറ്റില്‍ ബയോളജിക്ക് (ബോട്ടണി ആന്‍ഡ് സുവോളജി) ലഭിച്ച സ്‌കോര്‍/പെര്‍സന്റൈല്‍ സ്‌കോര്‍ ആണ്. ഇത് കൂടുതലുള്ള പരീക്ഷാര്‍ഥിക്ക് ഉയര്‍ന്ന റാങ്ക് നല്‍കും.

തുല്യത തുടര്‍ന്നാല്‍ നീറ്റില്‍ കെമിസ്ട്രി ഭാഗത്ത് ഉയര്‍ന്ന സ്‌കോര്‍/പെര്‍സന്റൈല്‍ സ്‌കോര്‍ ലഭിച്ചയാളിന് ഉയര്‍ന്ന റാങ്ക് നല്‍കും. വീണ്ടും തുല്യത മാറുന്നില്ലെങ്കില്‍ നീറ്റിലെ എല്ലാ വിഷയങ്ങളും പരിഗണിക്കുമ്പോള്‍, തെറ്റായി രേഖപ്പെടുത്തിയ ഉത്തരങ്ങളുടെയും ശരിയുത്തരങ്ങളുടെയും അനുപാതം കുറവുവരുന്ന പരീക്ഷാര്‍ഥിക്ക് ഉയര്‍ന്ന റാങ്ക് നല്‍കും.ഇത് കഴിഞ്ഞും റാങ്ക് തുല്യത തുടര്‍ന്നാല്‍ അത് ഒഴിവാക്കാന്‍ മറ്റൊരു വ്യവസ്ഥ പ്രോസ്‌പെക്ടസില്‍ ഇല്ലാത്തതിനാല്‍, അവശേഷിക്കുന്നവര്‍ക്ക് ഒരേ റാങ്കാണ് ഇത്തവണ നല്‍കിയത്. ആ റാങ്കാണ് നിങ്ങളുടെ നീറ്റ് യു.ജി. സ്‌കോര്‍ കാര്‍ഡില്‍ ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു പ്രക്രിയയില്‍, ഒന്നില്‍ കൂടുതല്‍ പേര്‍ക്ക്, ഒരേ റാങ്ക് പരിഗണിച്ചുകൊണ്ട് സീറ്റ് അലോട്ട്‌മെന്റ്/കൗണ്‍സലിങ് നടത്താന്‍ പറ്റില്ല. പ്രക്രിയയില്‍ പങ്കെടുക്കുന്നവരുടെ റാങ്കുകള്‍ വ്യത്യസ്തമായിരിക്കണം. അതിനാല്‍ 2021-ലെ പ്രോസ്‌പെക്ടസില്‍ ഇല്ലാത്ത ഒരു ടൈബ്രേക്കിങ് വ്യവസ്ഥ കൂടി പരിഗണിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി, ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത്. 2020-ല്‍ ടൈബ്രേക്കിങ്ങിന് പ്രോസ്‌പെക്ടസില്‍ ഉണ്ടായിരുന്ന പ്രായ വ്യവസ്ഥയാണ് അതിനായി ഉപയോഗിച്ചത്. 

നാലാം വ്യവസ്ഥയായി, പ്രായം കൂടുതലുള്ള പരീക്ഷാര്‍ഥിക്ക് ഉയര്‍ന്ന റാങ്ക് നല്‍കുന്ന രീതി. അതനുസരിച്ച്, മൂന്നു ടൈബ്രേക്കിങ് വ്യവസ്ഥകള്‍ ബാധകമാക്കിയ ശേഷവും ഒരേറാങ്ക് ഉള്ള പരീക്ഷാര്‍ഥികളുടെ ജനനത്തീയതികള്‍ പരിഗണിച്ച് തുല്യറാങ്കുകള്‍, വ്യത്യസ്തറാങ്കുകള്‍ ആക്കി മാറ്റിയിട്ടുണ്ട്. പ്രായം കൂടിയ ആളിന് ഉയര്‍ന്ന റാങ്ക് നല്‍കിയാണ് തുല്യ റാങ്കുകള്‍ വ്യത്യസ്ത റാങ്കുകളാക്കിയത്. 

ഉദാ: ഇത്തവണ ഒന്നാംറാങ്ക് മൂന്നുപേര്‍ക്ക് ഉണ്ടായിരുന്നു. ഇവരില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ക്ക് ഒന്നാംറാങ്കും രണ്ടാമതു വരുന്നയാളിന് രണ്ടാംറാങ്കും ഏറ്റവും പ്രായം കുറഞ്ഞയാളിന് മൂന്നാംറാങ്കും നല്‍കിയാണ് ടൈ ഒഴിവാക്കുക. ഈ റാങ്കാണ് കൗണ്‍സലിങ്ങിന്/അലോട്ട്‌മെന്റിന് ഉപയോഗിക്കുന്നത്. ഇതാണ് രണ്ടാമതായി നിങ്ങളുടെ സ്‌കോര്‍ കാര്‍ഡില്‍ കാണുന്ന റാങ്ക്.

ഈ വര്‍ഷത്തെ മൂന്നു വ്യവസ്ഥകളും ബാധകമാക്കുമ്പോള്‍ റാങ്കിലെ തുല്യത ഒഴിവായവര്‍ക്ക് രണ്ടു റാങ്കുകളും ഒന്നു തന്നെയായിരിക്കും.സ്‌കോര്‍ തുല്യത വന്നവരില്‍ മൂന്നു വ്യവസ്ഥകളും ഉപയോഗിച്ച ശേഷവും തുല്യത ഒഴിവാക്കാന്‍ കഴിയാതെ വന്നവരില്‍, പ്രായവ്യവസ്ഥ പ്രയോഗിക്കുമ്പോള്‍ മുന്നിലെത്തുന്ന ആളൊഴികെയുള്ളവര്‍ക്ക് മാത്രമേ ഇപ്രകാരം രണ്ട് റാങ്കുകള്‍ സ്‌കോര്‍ കാര്‍ഡില്‍ കാണുകയുള്ളൂ.രണ്ടിനും ഓള്‍ ഇന്ത്യ റാങ്ക് ഫോര്‍ കൗണ്‍സലിങ് എന്നായിരുന്നു ആദ്യം പേര് നല്‍കിയിരുന്നത്.

എന്നാല്‍, രണ്ടും തമ്മിലുള്ള വ്യത്യാസത്തില്‍ വ്യക്തത വരുത്താന്‍, ആദ്യ റാങ്കിനെ 'നീറ്റ് ഓള്‍ ഇന്ത്യ റാങ്ക്' എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. രണ്ടാംറാങ്ക് 'ഓള്‍ ഇന്ത്യ റാങ്ക് ഫോര്‍ കൗണ്‍സലിങ്' എന്ന പേരില്‍ തുടരും. ഇപ്രകാരം പേര് ഭേദഗതിചെയ്ത സ്‌കോര്‍ കാര്‍ഡ് വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കൗണ്‍സലിങ്/സീറ്റ് അലോട്ട്‌മെന്റ് പ്രക്രിയകളിലെല്ലാം രണ്ടാം റാങ്കായ ഓള്‍ ഇന്ത്യ റാങ്ക് ഫോര്‍ കൗണ്‍സലിങ് ആയിരിക്കും പരിഗണിക്കുക.

Content Highlights: reason behind two different ranks in  NEET U.G score card; ask expert