പ്ലസ് ടു കഴിഞ്ഞ് സൈബര്‍ സെക്യൂരിറ്റി പഠിക്കാന്‍ കേരളത്തില്‍ അവസരമുണ്ടോ? എങ്കില്‍ പ്രവേശനരീതി എന്താണ്?

-ആന്‍, കുമിളി

കംപ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട ഉപമേഖലയാണ് സൈബര്‍ സെക്യൂരിറ്റി. എന്‍ജിനിയറിങ്, സയന്‍സ് കോഴ്‌സുകളിലൂടെ സൈബര്‍ സെക്യൂരിറ്റി/അനുബന്ധ മേഖലയില്‍ പഠനം നടത്താം. കോട്ടയം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ. ഐ.ടി.) യില്‍ ബി.ടെക്. കംപ്യൂട്ടര്‍സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്- സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലൈസേഷനുണ്ട്. ജോയന്റ്് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ. ഇ.ഇ.) മെയിന്‍ പേപ്പര്‍ I (ബി.ഇ./ബി.ടെക്.) റാങ്ക് പരിഗണിച്ചാണ് പ്രവേശനം. പ്ലസ് ടുവിന് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളും കെമിസ്ട്രി/ബയോടെക്‌നോളജി/ബയോളജി/ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയം ഇവയിലൊന്നും പഠിച്ചിരിക്കണം. ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) ആണ് അലോട്ട്‌മെന്റ് നടത്തുന്നത്. വിവരങ്ങള്‍ക്ക്: www.jeemain.nta.nic.in/, www.josaa.nic.in

കേരളത്തില്‍ ബി.ടെക്. പ്രവേശനത്തില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (സൈബര്‍ സെക്യൂരിറ്റി) ബ്രാഞ്ചുണ്ട്. ഒരു സര്‍ക്കാര്‍ നിയന്ത്രിത കോളേജിലും (കോളേജ് ഓഫ് എന്‍ജിനിയറിങ്, കല്ലൂപ്പാറ) രണ്ട് സ്വകാര്യ സ്വാശ്രയ കോളേജുകളിലും (ഇലാഹിയ കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി മൂവാറ്റുപുഴ, രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി ആറ്റിങ്ങല്‍) ഈ പ്രോഗ്രാം ഉണ്ട്. എന്‍ജിനിയറിങ് റാങ്ക് പട്ടിക വഴി പ്രവേശനപരീക്ഷാ കമ്മിഷണറാണ് ഗവണ്‍മെന്റ് ക്വാട്ട അലോട്ട്‌മെന്റ് നടത്തുന്നത്. പ്ലസ് ടു തലത്തില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളും കെമിസ്ട്രി/കംപ്യൂട്ടര്‍ സയന്‍സ്/ബയോടെക്‌നോളജി/ബയോളജി ഇവയിലൊന്നും പഠിച്ചിരിക്കണം. വിവരങ്ങള്‍ക്ക്: www.cee.kerala.gov.in ലെ 2021-'22-ലെ പ്രോസ്‌പെക്ട്‌സ്‌ കാണുക.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ബി.എസ്സി. സൈബര്‍ ഫൊറന്‍സിക്‌സ് (മോഡല്‍ III) പ്രോഗ്രാം ഉണ്ട്. സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ, സ്‌കൂള്‍ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്), ഇടപ്പള്ളി (എറണാകുളം), പുല്ലാരിക്കുന്ന് (കോട്ടയം), ചുട്ടിപ്പാറ (പത്തനംതിട്ട) എന്നീ കേന്ദ്രങ്ങളിലും മറ്റ് എട്ടുകോളേജുകളിലും പ്രോഗ്രാം ഉണ്ട്. പ്ലസ് ടു പരീക്ഷ, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, കംപ്യൂട്ടര്‍സയന്‍സ് എന്നിവയില്‍ മൂന്നുവിഷയങ്ങള്‍ക്ക് മൊത്തം 55 ശതമാനം മാര്‍ക്കും മാത്തമാറ്റിക്‌സിന് മാത്രം 50 ശതമാനം മാര്‍ക്കും വാങ്ങി ജയിക്കണം. സര്‍വകലാശാലയുടെ കേന്ദ്രീകൃത അലോട്ട്‌മെന്റ് വഴിയാണ് പ്രവേശനം. പ്ലസ് ടു മാര്‍ക്ക് (ഇന്‍ഡക്‌സ് ചെയ്തത്) അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വിവരങ്ങള്‍ക്ക് cap.mgu.ac.in/ugcap കാണുക.

Content Highlights: qualifications needed for joining cyber security after plus two