പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുകയാണ്. പ്ലസ് ടു ബോർഡ് പരീക്ഷ എഴുതുന്നതിനുമുമ്പ് ജെ.ഇ.ഇ. മെയിൻ എഴുതാമോ? -വൈഷ്ണവ്, കണ്ണൂർ

2021-ലെ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻപരീക്ഷയ്ക്ക് പ്ലസ് ടുതല യോഗ്യതാപരീക്ഷ 2019, 2020 എന്നീ വർഷങ്ങളിലൊന്നിൽ ജയിച്ചവർക്കും പ്രസ്തുത പരീക്ഷ 2021-ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം എന്നതാണ് വ്യവസ്ഥ.

അതിനാൽ, പ്ലസ് ടു ക്ലാസിൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന നിങ്ങൾക്ക്, മറ്റ് അർഹതാ വ്യവസ്ഥകൾക്ക് വിധേയമായി 2021-ലെ ജെ.ഇ.ഇ. മെയിൻ അഭിമുഖീകരിക്കാം. ഓരോ പേപ്പർ അഭിമുഖീകരിക്കാനും നിശ്ചിത വിഷയങ്ങൾ പ്ലസ് ടു തലത്തിൽ പഠിക്കുന്നുണ്ടാകണം. ബി.ഇ./ബി.ടെക്. പേപ്പർ അഭിമുഖീകരിക്കാൻ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയും കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, ടെക്നിക്കൽ വൊക്കേഷണൽ വിഷയം എന്നിവയിലൊന്നും പ്ലസ് ടു തലത്തിൽ പഠിക്കുന്നുണ്ടാകണം.

ബി.ആർക്ക് പേപ്പറിന് അപേക്ഷിക്കാൻ പ്ലസ് ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നിവയും ബി.പ്ലാനിങ്ങിന് പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സും പഠിക്കുന്നുണ്ടാകണം. നാലുതവണ (ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ) പരീക്ഷ നടത്തും. താത്‌പര്യമനുസരിച്ച് അതിൽ ഏതെങ്കിലും ഒരു പരീക്ഷയോ ഒന്നിൽകൂടുതൽ പരീക്ഷകളോ നിങ്ങൾക്ക് അഭിമുഖീകരിക്കാം.

ഒരു പരീക്ഷമാത്രം അഭിമുഖീകരിച്ചാൽ അതിനു നിങ്ങൾക്കു കിട്ടുന്ന പെർസന്റൈൽ സ്കോറും ഒന്നിൽ കൂടുതൽ അഭിമുഖീകരിച്ചാൽ അവയിലെ നിങ്ങളുടെ ഏറ്റവും ഉയർന്ന പെർസന്റൈൽ സ്കോറും പരിഗണിച്ചായിരിക്കും അന്തിമമായി പരീക്ഷയിലെ റാങ്ക് നിർണയിക്കുക. ഫലപ്രഖ്യാപനത്തിനുശേഷം നടത്തുന്ന അലോട്ട്മെന്റ് പ്രകാരം സീറ്റ് ലഭിക്കുന്നപക്ഷം, പ്രവേശനംനേടുന്ന ഘട്ടത്തിൽ യോഗ്യതാപരീക്ഷാ മാർക്ക് സംബന്ധിച്ച വ്യവസ്ഥ തൃപ്തിപ്പെടുത്തിയാൽ മതി.

(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Qualification for JEE main application, ask expert, engineering entrance