ask expertഎം.സി.സി. വെബ്‌സൈറ്റ് വഴി എ.എഫ്.എം.സി.യിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് ചോയ്‌സ് കൊടുത്തിരുന്നു. ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയോ? എം.സി.സി. സൈറ്റില്‍ ഒന്നും കാണുന്നില്ല.-അരുണ്‍, എറണാകുളം

പുണെയിലെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജിലെ (എ.എഫ്.എം.സി.) എം.ബി.ബി. എസ്. പ്രവേശനവുമായി ബന്ധപ്പെട്ട ഷോര്‍ട്ട് ലിസ്റ്റ്, എം.സി.സി. വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയായി കാണുന്നില്ല. അത് എ.എഫ്.എം.സിയുടെ https://www.afmcdg1d.gov.in എന്ന സൈറ്റിലും എം.സി.സി. സൈറ്റിലും പ്രസിദ്ധപ്പെടുത്തുമെന്ന് എ.എഫ്.എം.സി.യുടെ 2020-ലെ എം.ബി.ബി.എസ്. ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ പറഞ്ഞിട്ടുണ്ട്.

ഷോര്‍ട്ട് ലിസ്റ്റ് https://www.afmcdg1d.gov.in-ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അറിയിപ്പില്‍ തീയതി ഇല്ലാത്തതിനാല്‍ എന്നാണ് ഇതു പ്രസിദ്ധപ്പെടുത്തിയതെന്ന് വ്യക്തമല്ല.

ഈ അറിയിപ്പനുസരിച്ച് എം.സി.സി. സൈറ്റില്‍ എ.എഫ്.എം.സി. ചോയ്‌സ് നല്‍കിയവരുടെ നീറ്റ് യു.ജി. 2020 സ്‌കോറിന്റെ അടിസ്ഥാനത്തില്‍, എ.എഫ്.എം.സി. നടത്തുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ നവംബര്‍ നാലിനകം എ.എഫ്.എം.സി. സ്‌ക്രീനിങ് പ്രക്രിയയില്‍ പങ്കെടുക്കാനുള്ള അവരുടെ സന്നദ്ധത നിശ്ചിത ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

സ്‌ക്രീനിങ് പ്രക്രിയ നവംബര്‍ അഞ്ചുമുതല്‍ 10 വരെയുള്ള കാലയളവിലേക്കാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഓരോ ദിവസവും ഹാജരാകേണ്ടിയിരുന്നവരുടെ ലിസ്റ്റും നല്‍കിയിട്ടുണ്ട്. 1150 ആണ്‍കുട്ടികളും 450 പെണ്‍കുട്ടികളും ഉള്‍പ്പെടെ മൊത്തം 1600 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുമെന്നാണ് പ്രോസ്പക്ടസില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എ.എഫ്.എം.സി. സൈറ്റിലെ അറിയിപ്പനുസരിച്ച് എം.സി.സി. വഴി രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റിങ്ങിനായി നിശ്ചയിച്ച നീറ്റ് യു.ജി. കട്ട് ഓഫ് മാര്‍ക്ക് പെണ്‍കുട്ടികള്‍ക്ക് 637-ഉം ആണ്‍കുട്ടികള്‍ക്ക് 618-ഉം ആണ്.

ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പട്ടികയുടെ അടിസ്ഥാനത്തില്‍ സ്‌ക്രീനിങ്ങിന് റിപ്പോര്‍ട്ടുചെയ്യുന്നവര്‍ പര്യാപ്തമല്ലെങ്കില്‍ എം.സി.സി. വഴി രജിസ്റ്റര്‍ ചെയ്തവരില്‍നിന്നും കൂടുതല്‍പേരെ സ്‌ക്രീനിങ്ങിനായി പിന്നീട് വിളിച്ചേക്കാമെന്നും അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.

പ്രഖ്യാപിക്കപ്പെട്ട സമയക്രമമനുസരിച്ച് സ്‌ക്രീനിങ് ഇതിനകം പൂര്‍ത്തിയായ സ്ഥിതിക്ക് ആദ്യം പ്രഖ്യാപിച്ച കട്ട് ഓഫിന് താഴെ സ്‌കോറുള്ളവര്‍ എ.എഫ്.എം.സി.യുടെ സൂചിപ്പിച്ച വെബ്‌സൈറ്റ് ഇടയ്ക്ക് സന്ദര്‍ശിച്ച് പുതിയ അറിയിപ്പുണ്ടോ എന്നുപരിശോധിക്കണം.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയ്ക്കാന്‍  https://english.mathrubhumi.com /education/help-desk /ask-expert)

Content Highlights: Pune armed forces medical college admission, ask expert