പ്ലസ് വൺ ഹ്യുമാനിറ്റീസിന് പഠിക്കുന്നു. ഡിഗ്രിക്ക് സൈക്കോളജി പഠിക്കാനാണ് ആഗ്രഹം. ഹയർ സെക്കൻഡറി തലത്തിൽ സയൻസ് എടുക്കാത്തതുകൊണ്ട് പ്രശ്നം ഉണ്ടോ?. കേരളത്തിലെ കോളേജുകളും പ്രവേശനവും എങ്ങനെയാണ്? ഏതൊക്കെ സ്പെഷ്യലൈസേഷനുകൾ ഈ മേഖലയിൽ ഉണ്ട്? -അനിത, തിരുവനന്തപുരം

സൈക്കോളജി ബി.എസ്സി. പ്രോഗ്രാം പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ചിരിക്കണമെന്ന് നിർബന്ധമില്ല. കേരള സർവകലാശാലയിലെ 2020-ലെ യു.ജി. പ്രോസ്പെക്ടസ് പ്രകാരം, ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് ബി.എസ്സി. സൈക്കോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഏതു സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിക്കാം. എന്നാൽ, പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, പ്ലസ് ടു തലത്തിൽ സൈക്കോളജി, ബയോളജി, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങൾ പഠിച്ചവർക്ക് വെയ്റ്റേജ് നൽകുന്നുണ്ട്.

പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചവർക്ക് അവരുടെ പ്ലസ്ടു മാർക്കിനൊപ്പം സൈക്കോളജിക്കു ലഭിച്ച മാർക്കിന്റെ 15 ശതമാനം കൂടി ചേർക്കും. സൈക്കോളജി പഠിക്കാത്തവർ, മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജി പഠിച്ചിട്ടുണ്ടെങ്കിൽ അതിൽ ലഭിച്ച മാർക്കിന്റെ 10 ശതമാനം (രണ്ടും പഠിച്ചിട്ടുണ്ടെങ്കിൽ അതിൽ ഉയർന്ന മാർക്കിന്റെ പത്തുശതമാനം) ഹയർ സെക്കൻഡറി മാർക്കിനോടുകൂട്ടി റാങ്ക് ചെയ്യും. ഇതു മൂന്നും പഠിച്ചിട്ടില്ലെങ്കിൽ ഹയർ സെക്കൻഡറിയിലെ മൊത്തം മാർക്ക് റാങ്കിങ്ങിനായി പരിഗണിക്കും. മറ്റു സർവകലാശാലകളിലും ഈ കോഴ്സ് പ്രവേശനത്തിന് സയൻസ് പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണമെന്ന വ്യവസ്ഥയില്ല.

സൈക്കോളജിയിലെ ബിരുദ പ്രോഗ്രാം പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ സയൻസ് പഠനം നിർബന്ധമില്ലെങ്കിലും സയൻസ് മേഖലയിലെ ചില വിഷയങ്ങൾ കോഴ്സിന്റെ ഭാഗമായി പഠിക്കേണ്ടിവരും. കേരള സർവകലാശാലയിൽ ബി.എസ്സി. സൈക്കോളജി എടുക്കുന്നവർക്ക്, ഒരു കോംപ്ലിമെന്ററി വിഷയം സ്റ്റാറ്റിസ്റ്റിക്സ് ആയിരിക്കും. രണ്ടാം കോംപ്ലിമെന്ററി വിഷയം, കോളേജിനനുസരിച്ച് സുവോളജി/സൈക്കോളജി/ഫിസിയോളജി എന്നിവയിൽ ഒന്നായിരിക്കും.

ഈ വിഷയങ്ങളുടെ പാഠ്യപദ്ധതി മനസ്സിലാക്കി അത് പഠിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. വിവിധ സർവകലാശാലകളുടെ അഡ്മിഷൻ പോർട്ടലുകളിൽ ലഭിക്കുന്ന പ്രോസ്പെക്ടസ് പരിശോധിച്ച് കോഴ്സുള്ള കോളേജുകൾ, കോഴ്സിന്റെ ഭാഗമായി പഠിക്കേണ്ട വിഷയങ്ങൾ എന്നിവ മനസ്സിലാക്കാം.

സൈക്കോളജിയിലെ ചില സവിശേഷ മേഖലകൾ: ക്ലിനിക്കൽ സൈക്കോളജി, അപ്ലൈഡ് സൈക്കോളജി, എജ്യുക്കേഷണൽ സൈക്കോളജി, ഇൻഡസ്ട്രിയൽ സൈക്കോളജി, സോഷ്യൽ സൈക്കോളജി, അബ്നോർമൽ സൈക്കോളജി, ബിഹേവിയറൽ സൈക്കോളജി, ഓർഗനൈസേഷണൽ സൈക്കോളജി, ഫൊറൻസിക് സൈക്കോളജി, കൗൺസലിങ് സൈക്കോളജി, ഹെൽത്ത് സൈക്കോളജി, മിലിട്ടറി സൈക്കോളജി, കൊഗ്നിറ്റീവ് സൈക്കോളജി, ന്യൂറോ സൈക്കോളജി തുടങ്ങിയവ.

Content Highlights: Psychology UG eligibility criteria in universities, Ask Expert