കേരളത്തിൽ സൈക്കോളജിയിൽ മാസ്റ്റേഴ്സ് കോഴ്സ് പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസയോഗ്യത എന്താണ്? -രാജീവൻ, ആലപ്പുഴ
കേരളത്തിലെ വിവിധ സർവകലാശാലകളിലെ പഠനവകുപ്പുകൾ/അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിൽ നടത്തുന്ന സൈക്കോളജി/അനുബന്ധ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് പൊതുവായ ഒരു വിദ്യാഭ്യാസയോഗ്യതയില്ല.
കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ സൈക്കോളജി പഠനവകുപ്പു നടത്തുന്ന എം.എസ്സി. അപ്ലൈഡ് സൈക്കോളജി പ്രവേശനത്തിന് സൈക്കോളജി ബി.എ./ബി.എസ്സി. ബിരുദം വേണം. അഫിലിയേറ്റഡ് കോളേജുകളിലെ എം.എസ്സി. സൈക്കോളജി, എം.എസ്സി. കൗൺസലിങ് സൈക്കോളജി പ്രോഗ്രാമുകൾക്ക് സൈക്കോളജിയിലെ ബി.എ./ബി.എസ്സി. ബിരുദം അല്ലെങ്കിൽ സൈക്കോളജി/ആനിമൽ ബിഹേവിയർ/ആനിമൽ ഓർ ഹ്യൂമൻ ഫിസിയോളജി/ചൈൽഡ് ഡെവലപ്മെന്റ്/ കൗൺസലിങ് എന്നിവയിലൊരു പേപ്പറെങ്കിലും പഠിച്ചിട്ടുള്ള മറ്റു വിഷയങ്ങളിലെ ബിരുദം വേണം. കേരള സർവകലാശാലയുടെ/കേരള സർവകലാശാല അംഗീകരിച്ച, സൈക്കോളജി/കൗൺസലിങ്ങിലെ ഒരുവർഷത്തെ ഡിപ്ലോമയോ ബി.എഡ്. ബിരുദമോ അധിക യോഗ്യതയായുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം.
മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലെ അഫിലിയേറ്റഡ് കോളേജുകളിൽ സൈക്കോളജി എം.എസ്സി.ക്ക് സൈക്കോളജി/റീഹാബിലിറ്റേഷൻ സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. എം.ജി. സർവകലാശാലയുടെ പഠനവകുപ്പിലെ എം.എസ്സി. സൈക്കോളജി പ്രോഗ്രാമിലേക്ക് ഏതു വിഷയത്തിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല (കോഴ്സ്, യോഗ്യത): പഠനവകുപ്പ്: എം.എസ്സി. അപ്ലൈഡ് സൈക്കോളജി-സൈക്കോളജിയിലെ ബി.എ./ബി.എസ്സി.
അഫിലിയേറ്റഡ് കോളേജുകൾ: * എം.എസ്സി. ക്ലിനിക്കൽ സൈക്കോളജി-സൈക്കോളജി ബി.എ./ബി.എസ്സി. * എം.എസ്സി. സൈക്കോളജി-ബി.എസ്സി. സൈക്കോളജി.
കണ്ണൂർ സർവകലാശാലാ പഠനവകുപ്പിലെ ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി, അഫിലിയേറ്റഡ് കോളേജിലെ കൗൺസലിങ് സൈക്കോളജി എം.എസ്സി. എന്നിവയ്ക്ക് ഏതു വിഷയത്തിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക- https://english.mathrubhumi.com /education/help-desk /ask-expert)
Content Highlights: Psychology masters course in kerala Universities, Ask expert