പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് കോഴ്സിനെപ്പറ്റി അറിയാൻ താൽപ്പര്യമുണ്ട്. ഡിഗ്രി കോഴ്സ് എവിടെ പഠിക്കാം?- സുനിൽ, കാസർഗോഡ്

ന്മനാ സംഭവിച്ചതോ പ്രത്യേക കാരണങ്ങളാൽ ഉണ്ടായതോ ആയ അവയവനഷ്ടം കൃത്രിമമായി രൂപപ്പെടുത്തിയ അവയവത്താൽ പുനഃസ്ഥാപിക്കുകയോ പകരം വെക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട പഠനമേഖലയാണ് പ്രോസ്തറ്റിക്സ്. കൃത്രിമ കാലുകൾ, കൃത്രിമ കൈകൾ എന്നിവ ചില ഉദാഹരണങ്ങൾ.

ശരീരത്തിൽ ശേഷി നഷ്ടപ്പെട്ട/കുറഞ്ഞ ഒരു ഭാഗത്തിന്റെ/അവയവത്തിന്റെ വൈകല്യം/പരിമിതി മാറ്റി അതിനെ പൂർവസ്ഥിതിയിൽ ആക്കാനോ ആ ഭാഗം ബലപ്പെടുത്താനോ നിലനിർത്താനോ ശരീരത്തിൽ ഘടിപ്പിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട പഠനമേഖലയാണ് ഓർത്തോട്ടിക്സ്. ശരീരത്തിലെ സന്ധികളുടെ ചലനം അനുവദിക്കാനും നിയന്ത്രിക്കാനും അവ ബലപ്പെടുത്താനും ബന്ധപ്പെട്ട ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ആങ്കിൾ ബ്രേസ്, ആം ബ്രേസ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

ഈ കൃത്രിമ ഉപകരണങ്ങളുടെ രൂപകല്പന, നിർമാണം എന്നിവയും ഈ മേഖലയിൽ പഠനവിധേയമാകുന്നു. ബി.എസ്സി. പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ബാച്ചിലർ പ്രോഗ്രാം പഠിക്കാൻ സൗകര്യമുള്ള ചില സർക്കാർ സ്ഥാപനങ്ങൾ:

* സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ച് (കട്ടക്)

* നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (ചെന്നൈ)

* നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കോമോട്ടറി ഡിസെബിലിറ്റീസ് (കൊൽക്കത്ത)

* പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് (ന്യൂഡൽഹി)

* ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (മുംബൈ)

(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക- https://english.mathrubhumi.com /education/help-desk/ask-expert)

Content Highlights: Prosthetics and Orthotics Courses in India, Ask Expert