ask expertസോഷ്യോളജിയില്‍ ഡിഗ്രിയെടുക്കാന്‍ പ്ലസ്ടുവിന് ഏതുഗ്രൂപ്പ് എടുക്കണം? സോഷ്യോളജിയില്‍ എന്താണ് പഠിക്കുന്നത്? സിവില്‍ സര്‍വീസില്‍ അത് ഓപ്ഷണലായി എടുത്താല്‍ എത്രത്തോളം സഹായകരമാകും?
-അനു ആന്റണി, കോട്ടയം

പ്ലസ്ടു ജയിച്ചവര്‍ക്ക് (എത് സ്ട്രീം ആയാലും) സോഷ്യോളജി ബി.എ. പ്രോഗ്രാം പ്രവേശനത്തിന് അര്‍ഹതയുണ്ട്. എന്നാല്‍, സോഷ്യോളജി ഒരുവിഷയമായി പ്ലസ്ടു തലത്തില്‍ പഠിച്ചവര്‍ക്ക് ബി.എ. പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോള്‍ സര്‍വകലാശാലയനുസരിച്ച് ഒരു വെയ്റ്റേജ് നല്‍കും. അത് ഇപ്രകാരമാണ്. കേരള സര്‍വകലാശാല: സോഷ്യോളജിയില്‍ കിട്ടിയ മാര്‍ക്ക്. എം.ജി., കോഴിക്കോട് സര്‍വകലാശാലകള്‍: 50 മാര്‍ക്ക്. ഈ ഒരു വെയ്‌റ്റേജ് ബിരുദപ്രവേശനസാധ്യത വര്‍ധിപ്പിക്കും. അതിന് പ്ലസ്ടു തലത്തില്‍ സോഷ്യോളജി ഉള്‍പ്പെടുന്ന ഗ്രൂപ്പുകളിലൊന്ന് തിരഞ്ഞെടുക്കണം. ഗ്രൂപ്പുകളും സ്‌കൂളുകളും www.hscap.kerala.gov.in-ല്‍ കണ്ടെത്താം.

സമൂഹവുമായി ബന്ധപ്പെട്ട പഠനങ്ങളിലാണ് സോഷ്യോളജി പ്രോഗ്രാമുകള്‍ ഊന്നല്‍ നല്‍കുന്നത്. ബന്ധങ്ങള്‍, ഇടപെടലുകള്‍, സംസ്‌കാരം, സ്വഭാവം, മനശ്ശാസ്ത്രം, ജെന്‍ഡര്‍, ഏജിങ്, മൈഗ്രേഷന്‍, വികസനം, ദുരന്തനിവാരണം, പ്ലാനിങ്, ഡെമോഗ്രഫി, ആരോഗ്യം, ക്ഷേമം, കുറ്റകൃത്യങ്ങള്‍ എന്നിവയൊക്കെയുമായി ബന്ധപ്പെട്ടുള്ള സാമൂഹികപഠനങ്ങളാണ് ഈ വിഷയത്തില്‍ മുഖ്യമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. വിശദമായ പാഠ്യപദ്ധതി സര്‍വകലാശാലകളുടെ വെബ് സൈറ്റില്‍ ലഭിക്കും.

സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷയുടെ ഓപ്ഷണലുകളില്‍ സോഷ്യോളജിയും ഉള്‍പ്പെടുന്നു. അതിനാല്‍ സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടുന്നപക്ഷം, സോഷ്യോളജി എടുത്തുനടത്തിയ ബിരുദപഠനം ഈ പരീക്ഷ അഭിമുഖീകരിക്കുന്നതിന് സഹായകരമായിരിക്കും.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Plus Two Group Selection and Higher Education in Sociology, Mathrubhumi Ask Expert