ജെ.ഇ.ഇ. മെയിൻ ബി.ഇ./ബി.ടെക്. പേപ്പറിന് അപേക്ഷിച്ചിട്ടുണ്ട്. ഐസർ, ഐ.ഐ.എസ്.സി. എന്നീ സ്ഥാപനങ്ങളിൽ ഫിസിക്സ് ഇന്റഗ്രേറ്റഡ് ബി.എസ്. - എം.എസ്. പ്രോഗ്രാമിന് ഇതുവഴി എങ്ങനെ അവസരം ലഭിക്കും? മറ്റ് ഏതെല്ലാം സ്ഥാപനങ്ങളിലാണ് ഫിസിക്സിൽ ഇന്റഗ്രേറ്റഡ് ബി.എസ്.-എം.എസ്. പ്രോഗ്രാമുള്ളത്?-അനന്യ, വയനാട്

ജെ.ഇ.ഇ. മെയിൻ ബി.ഇ./ബി.ടെക്. പേപ്പറിന്റെ മാർക്ക്/റാങ്ക് അടിസ്ഥാനമാക്കി ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ നാലുവർഷ ബാച്ചിലർ ഓഫ് സയൻസ് (റിസർച്ച്) പ്രോഗ്രാമിന് (ഫിസിക്സ് ഒരു വിഷയമാണ്) നേരിട്ട് പ്രവേശനം ലഭിക്കാം. ജെ.ഇ.ഇ. മെയിൻ ബി.ഇ./ബി.ടെക്. പേപ്പറിൽ 60 ശതമാനം മാർക്ക് നേടണം (ഒ.ബി.സി., ഇ.ഡബ്ല്യു.എസ്.- 54 ശതമാനം, എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. - 30 ശതമാനം). ഐ.ഐ.എസ്.സി.യിലേക്ക് അപേക്ഷിക്കുകയും വേണം. ജെ.ഇ.ഇ. അഡ്വാൻസ്ഡ് വഴിയും ഇവിടെ പ്രവേശനമുണ്ട്.

ഐസറിൽ ജെ.ഇ.ഇ. മെയിൻ ബി.ഇ./ബി.ടെക്. പേപ്പറിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നില്ല. ആദ്യം ഈ പേപ്പറിന്റെ അടിസ്ഥാനത്തിൽ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹത നേടണം. തുടർന്ന് ജെ.ഇ.ഇ. അഡ്വാൻസ്ഡിന് രജിസ്റ്റർചെയ്ത്, അഭിമുഖീകരിച്ച് നിശ്ചിതസ്കോർ നേടി റാങ്ക് പട്ടികയിൽ 10000-നുള്ളിൽ റാങ്ക് (കോമൺ/കാറ്റഗറി റാങ്ക്) നേടണം. എങ്കിൽ ഐസർ പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ ജെ.ഇ.ഇ. അഡ്വാൻസ്ഡ് ചാനൽ വഴി അപേക്ഷിക്കാം. ഫിസിക്സ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബി.എസ്-എം.എസ്. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമാണുള്ളത്.

ജെ.ഇ.ഇ. മെയിൻ ബി.ഇ./ബി.ടെക്. പേപ്പറിന്റെ റാങ്ക് അടിസ്ഥാനമാക്കി എൻ.ഐ.ടി.കളിൽ ഫിസിക്സിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.എസ്സി. (റൂർക്കേല, സൂറത്ത്) ബാച്ചിലർ ഓഫ് സയൻസ് -മാസ്റ്റർ ഓഫ് സയൻസ് ഡ്യുവൽ ഡിഗ്രി (അഗർത്തല); ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് വഴി ഐ.ഐ.ടി.കളിൽ, ഫിസിക്സ് നാലുവർഷ ബി.എസ്. (കാൻപുർ), അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം. എസ്സി. (ഖരഗ്പുർ, റൂർഖി), ബാച്ചിലർ ഓഫ് സയൻസ് -മാസ്റ്റർ ഓഫ് സയൻസ് ഡ്യുവൽ ഡിഗ്രി (മദ്രാസ്) പഠിക്കാം.

നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) വഴി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഭുവനേശ്വർ), സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (മുംബൈ) എന്നിവിടങ്ങളിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.എസ്സി. പഠിക്കാം.

കൊൽക്കത്ത (ജാദവ്പുർ) ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസിൽ ഫിസിക്സിൽ ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്സ് -മാസ്റ്റേഴ്സ് പ്രോഗ്രാമുണ്ട്. യു.ജി. പ്രീ-ഇന്റർവ്യൂ സ്ക്രീനിങ് ടെസ്റ്റ് വഴിയാണ് പ്രവേശനം. ജെ.ഇ. ഇ. മെയിനിൽ 8000-ത്തിനകം റാങ്കുള്ളവരെ നേരിട്ട് ഇന്റർവ്യൂവിന് വിളിക്കാം.

സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് വഴി കശ്മീർ, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, കേന്ദ്ര സർവകലാശാലകളിലും ബന്ധപ്പെട്ട സർവകലാശാലയുടെ പ്രവേശനപരീക്ഷ വഴി ഹൈദരാബാദ്, പോണ്ടിച്ചേരി സർവകലാശാലകളിലും ഫിസിക്സ് അഞ്ചുവർഷ ഇന്റഗ്രേറ്റഡ്/ഡ്യുവൽ ഡിഗ്രി കോഴ്സുകൾ പഠിക്കാം.

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല, കോട്ടയം മഹാത്മാഗാന്ധി സർവകലാശാല എന്നിവയും ഫിസിക്സ് അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം നടത്തുന്നുണ്ട്.

Content Highlights: Physics Integrated program for plus two students, ASK EXPERT