2020 ജനുവരി സെഷനിലെ ജെ.ഇ.ഇ. മെയിനില്‍ യോഗ്യത നേടിയില്ലെങ്കില്‍ 2020 ഏപ്രിലിലെ ജെ.ഇ.ഇ. മെയിന്‍ എഴുതാന്‍ പറ്റുമോ? -അഞ്ജന, കോട്ടയം
ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍ പരീക്ഷയില്‍ യോഗ്യതനേടാനും റാങ്ക് പട്ടികയില്‍ സ്ഥാനംനേടാനും പ്രത്യേക വ്യവസ്ഥകളൊന്നുമില്ല. ജെ.ഇ.ഇ. മെയിനില്‍ റാങ്ക് നിര്‍ണയത്തിന് പരീക്ഷയിലെ യഥാര്‍ഥ മാര്‍ക്ക് (റോ സ്‌കോര്‍) അല്ല പരിഗണിക്കുന്നത്. മറിച്ച് പരീക്ഷാര്‍ഥിയുടെ പരീക്ഷയിലെ പെര്‍സന്റൈല്‍ സ്‌കോര്‍ (ഇത്, ആപേക്ഷിക സ്ഥാനമാണ്) ആണ്.
2020 പ്രവേശനത്തിനുള്ള ജെ.ഇ.ഇ. മെയിനിന്റെ ആദ്യ പരീക്ഷയാണ് ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നത്. അതില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന മാര്‍ക്ക് പരിഗണിച്ച് നിങ്ങളുടെ പെര്‍സന്റൈല്‍ സ്‌കോര്‍ ജനുവരി 31-ന് പ്രഖ്യാപിക്കും.
നിങ്ങളുടെ മാര്‍ക്കോ, അതിലും താഴ്ന്ന മാര്‍ക്കോ ലഭിക്കുന്ന പരീക്ഷാര്‍ഥികളുടെ ശതമാനമാണ് നിങ്ങളുടെ പെര്‍സന്റൈല്‍ സ്‌കോര്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ മൂല്യം പൂജ്യത്തിനും നൂറിനും ഇടയ്ക്കായിരിക്കും. ഉദാഹരണത്തിന് നിങ്ങളുടെ പെര്‍സന്റൈല്‍ സ്‌കോര്‍ 55 ആണെങ്കില്‍ നിങ്ങള്‍ക്കു ലഭിച്ച മാര്‍ക്കോ അതില്‍ കുറവു മാര്‍ക്കോ പരീക്ഷയില്‍ ലഭിച്ചവരുടെ ശതമാനം 55 ആണ് എന്നാണ് അര്‍ഥം. അതായത്, പരീക്ഷ അഭിമുഖീകരിച്ചവരില്‍ 45 ശതമാനം പേര്‍ക്കും പരീക്ഷയില്‍ കിട്ടിയത് നിങ്ങളുടെ മാര്‍ക്കിനെക്കാള്‍ കൂടുതല്‍ മാര്‍ക്കാണെന്ന് സാരം. അതിനാല്‍ പരീക്ഷയിലെ മാര്‍ക്ക് എത്രയാണെങ്കിലും ജെ.ഇ.ഇ. മെയിനില്‍ നിങ്ങള്‍ക്ക് ഒരു പെര്‍സന്റൈല്‍ സ്‌കോര്‍ ലഭിക്കും. അല്ലാതെ യോഗ്യതാ മാര്‍ക്ക് നിശ്ചയിച്ച് യോഗ്യത നേടിയവര്‍ എന്നോ, നേടാത്തവര്‍ എന്നോ, പരീക്ഷാര്‍ഥികളെ തരംതിരിക്കുന്ന രീതി ജെ.ഇ.ഇ. മെയിനില്‍ ഇല്ല.
ആദ്യ പരീക്ഷയില്‍ നിങ്ങളുടെ പെര്‍സന്റൈല്‍ സ്‌കോര്‍ എത്രതന്നെയായാലും താത്പര്യമുള്ളപക്ഷം രണ്ടാം പരീക്ഷ നിങ്ങള്‍ക്ക് അഭിമുഖീകരിക്കാം. അത് വേണോ, വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്. രണ്ടാം പരീക്ഷയും നിങ്ങള്‍ എഴുതിയാല്‍ അതിലെയും നിങ്ങളുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഒരു പെര്‍സന്റൈല്‍ സ്‌കോര്‍ നിര്‍ണയിച്ചുനല്‍കും.
രണ്ടുപരീക്ഷകളിലെയും പെര്‍സന്റൈല്‍ സ്‌കോറുകളില്‍ മെച്ചപ്പെട്ടതേതാണോ അതുപരിഗണിച്ചാണ് അന്തിമമായി നിങ്ങള്‍ക്ക് ജെ.ഇ.ഇ. മെയിന്‍ റാങ്ക് അനുവദിക്കുക. ഒരു പരീക്ഷ മാത്രം എഴുതുന്നവരുടെ കാര്യത്തില്‍ അതിന്റെ പെര്‍സന്റൈല്‍ സ്‌കോറാകും റാങ്കിങ്ങിന് പരിഗണിക്കുക.
ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert
Content Highlights: Percentile score will be considered for JEE Main ranking