ask expertസിവില്‍ എന്‍ജിനിയറിങ് ഡിപ്ലോമ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്. ഇതുകഴിഞ്ഞ് ജോലിക്കൊപ്പം പാര്‍ട്ട്ടൈം ആയി ബി.ടെക്. ചെയ്യാന്‍ താത്പര്യമുണ്ട്. കേരളത്തില്‍ അതിനുള്ള അവസരമുണ്ടോ? -ദേവി, ആലപ്പുഴ

കേരളത്തില്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് എന്‍ജിനിയറിങ് ഡിപ്ലോമക്കാര്‍ക്ക് തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ സിവില്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബ്രാഞ്ചുകളില്‍ ബി.ടെക്. (ഈവനിങ്) പ്രോഗ്രാം നടത്തുന്നുണ്ട് (2019-'20 അധ്യയനവര്‍ഷം). നാലുവര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. ക്ലാസുകള്‍ പ്രവൃത്തിദിവസങ്ങളില്‍, വൈകീട്ട് ആഴ്ചയില്‍ അഞ്ചുദിവസം നടത്തും. ആവശ്യമുള്ളപക്ഷം അവധിദിവസങ്ങളിലും ക്ലാസുകള്‍ നടത്തും.

അംഗീകൃത എന്‍ജിനിയറിങ്/ടെക്നോളജി ഡിപ്ലോമ വേണം. ഓരോ ഡിപ്ലോമ ബ്രാഞ്ചുകാര്‍ക്കും അപേക്ഷിക്കാവുന്ന ബി.ടെക്. പ്രോഗ്രാം ഏതൊക്കെയെന്ന് പ്രോസ്പക്ടസില്‍ വ്യക്തമാക്കിയിരിക്കും. അപേക്ഷിക്കുന്ന സമയത്ത്, സ്ഥിരം ടെക്നിക്കല്‍/പ്രൊഫഷണല്‍ ജോലി ഉണ്ടായിരിക്കണം. ഡിപ്ലോമ നേടിയശേഷം ടെക്നിക്കല്‍/പ്രൊഫഷണല്‍ ജോലിയിലെ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്ത വ്യവസായസംരംഭങ്ങള്‍, കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള പബ്ലിക്/പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍, സംസ്ഥാനത്തെ പ്രൈവറ്റ്-എയ്ഡഡ് പോളിടെക്നിക്കുകള്‍, പ്രൈവറ്റ്-എയ്ഡഡ്/അണ്‍എയ്ഡഡ് എന്‍ജിനിയറിങ് കോളേജുകള്‍ എന്നിവയിലൊന്നിലായിരിക്കണം പ്രവൃത്തിപരിചയം.

ഒരുവര്‍ഷ പ്രവൃത്തിപരിചയമുള്ളവരെ ലഭിക്കാതെവന്നാല്‍ അതില്‍ താഴെ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ ഉണ്ടെങ്കിലേ പ്രോഗ്രാം നടത്തുകയുള്ളൂ. വിവരങ്ങള്‍ക്ക്: http://admissions.dtekerala.gov.in/-ലെ ബി.ടെക് (ഈവനിങ്) ലിങ്കിലെ പ്രോസ്പക്ടസ് കാണുക.

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല ജോലിചെയ്യുന്ന ഡിപ്ലോമക്കാര്‍ക്ക് കെമിക്കല്‍, സിവില്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളില്‍ ബി.ടെക്. (പാര്‍ട്ട്ടൈം) പ്രോഗ്രാം നടത്തുന്നുണ്ട്. വിവരങ്ങള്‍ക്ക്: https://admissions.cusat.ac.in

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങൾ അയക്കാന്‍:  english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Part time BTech Course for engineering diploma holders