ask expertനീറ്റ് യു.ജി. ഒ.ബി.സി. സംവരണം ഉണ്ട്. കുറച്ചുസീറ്റുകള്‍ മാത്രമാണ് ഓള്‍ ഇന്ത്യ ക്വാട്ടയില്‍ എം.ബി.ബി.എസിന് ഒ.ബി.സി. വിഭാഗത്തില്‍ സംവരണം ചെയ്തതായി കാണുന്നത്. 27 ശതമാനം ഇല്ലേ? ഇതില്‍ മുസ്ലിംവിഭാഗത്തിന് എത്രസീറ്റുണ്ട്? കേരളത്തില്‍ കീം അലോട്ട്മെന്റില്‍ ഗവ. മെഡിക്കല്‍ കോളേജില്‍ മുസ്ലിം വിഭാഗത്തില്‍ എം.ബി.ബി.എസിന് എത്ര സീറ്റുണ്ട്?-ആമിന, കണ്ണൂര്‍

എം.സി.സി. മെഡിക്കല്‍പ്രവേശനപ്രക്രിയയില്‍ ഒ.ബി.സി. വിഭാഗത്തിന് സര്‍ക്കാര്‍കോളേജുകളിലുള്ള 27 ശതമാനം സംവരണം പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കോളേജുകളിലും ബാധകമല്ല. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ മാത്രമാണ് ഒ.ബി.സി. സംവരണ സീറ്റുകളുള്ളത്. ഓള്‍ ഇന്ത്യ ക്വാട്ടയില്‍ അങ്ങനെയുള്ള സ്ഥാപനങ്ങള്‍ 12 എണ്ണം മാത്രമാണ്. അതിനാലാണ് പരിമിതമായ സീറ്റുകള്‍ മാത്രം ഒ.ബി.സി. വിഭാഗക്കാര്‍ക്കായുള്ളത്. ആദ്യറൗണ്ട് സീറ്റ് മട്രിക്‌സ് പ്രകാരം ഓള്‍ ഇന്ത്യ ക്വാട്ടയില്‍ ഇ.ഡബ്ല്യു.എസ്. സീറ്റുകളും ഈ 12 സ്ഥാപനങ്ങളിലേയുള്ളൂ.

എല്ലാ ഒ.ബി.സി. വിഭാഗക്കാരെയും മൊത്തത്തില്‍ പരിഗണിച്ചാണ്, നീറ്റ് റാങ്ക് പരിഗണിച്ച് ഒ.ബി.സി. സംവരണസീറ്റുകള്‍ അനുവദിക്കുന്നത്. മുസ്ലിം വിഭാഗത്തിനുമാത്രമായി ഓള്‍ ഇന്ത്യ ക്വാട്ടയില്‍ ഒ.ബി.സി. വിഭാഗത്തില്‍ സീറ്റ് സംവരണമില്ല.

കേരളത്തില്‍ ഗവ. മെഡിക്കല്‍ കോളേജുകളില്‍ മാന്‍ഡേറ്ററി റിസര്‍വേഷന്‍ സീറ്റുകളില്‍ എട്ടുശതമാനം സീറ്റുകള്‍ എസ്.ഇ.ബി.സി. സംവരണക്വാട്ടയില്‍ മുസ്ലിം വിഭാഗത്തിന് ലഭിക്കും. കേരളത്തില്‍ സംവരണവിഭാഗത്തിലെ ഓരോ കമ്യൂണിറ്റിക്കും സംവരണം ചെയ്യുന്ന സീറ്റുകള്‍ എത്രയെന്ന് ശതമാനക്കണക്കില്‍ പ്രോസ്‌പെക്ടസില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, എത്രസീറ്റുണ്ട് എന്ന് (എണ്ണം) സ്ഥാപനം തിരിച്ച് വ്യക്തമാക്കുന്ന ഒരു സീറ്റ് വിഭജനപട്ടിക പ്രവേശനപരീക്ഷാകമ്മിഷണര്‍ പ്രസിദ്ധപ്പെടുത്താറില്ല. അതിനാല്‍ മുസ്ലിം വിഭാഗത്തിനോ എസ്.ഇ.ബി.സി. വിഭാഗത്തിലെ ഏതെങ്കിലും ഒരു ഉപവിഭാഗത്തിനോ പട്ടികവിഭാഗങ്ങള്‍ക്കോ അലോട്ട്മെന്റില്‍ യഥാര്‍ഥത്തില്‍ ആകെ എത്രസീറ്റ് ഉണ്ടെന്നോ ഓരോ സ്ഥാപനത്തിലും എത്രസീറ്റ് ഉണ്ടെന്നോ അറിയാന്‍ കഴിയില്ല.

Content Highlights: OBC reservation in NEET UG admission, ask expert