ask expertഎല്‍.ബി.എസ്.വഴി പാരാമെഡിക്കല്‍ ആന്‍ഡ് നഴ്‌സിങ് കോഴ്സുകളുടെ റാങ്ക് ലിസ്റ്റില്‍ പേരുവന്നവര്‍ക്ക് കോളേജ് ഓപ്ഷന്‍ നല്‍കാന്‍ സമയമായോ? പ്രവേശനസാധ്യത എങ്ങനെ അറിയാം? -
അനിത, കോഴിക്കോട്

2020-ലെ ബി.എസ്സി. നഴ്‌സിങ്, പാരാമെഡിക്കല്‍ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന്റെ ഭാഗമായി എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള റാങ്ക് പട്ടികകള്‍ ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 

അടുത്തനടപടി കോഴ്‌സ്-കോളേജ് പരിഗണിച്ചുള്ള ഓപ്ഷന്‍ രജിസ്‌ടേഷനാണ്. ഇത് https://lbscentre.in ല്‍ തുടങ്ങിയിട്ടുണ്ട്. ആദ്യ അലോട്മെന്റിനു മുമ്പായി ഒരു നിശ്ചിതസമയംവരെ വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ചെയ്യുന്ന ഓപ്ഷനുകള്‍ പരിഗണിച്ചുകൊണ്ടുള്ള ട്രയല്‍ അലോട്മെന്റ് നടത്തുന്നതാണ്. അതിലേക്കുള്ള ഓപ്ഷനുകള്‍ ഒക്ടോബര്‍ 28 വൈകീട്ട് അഞ്ചുവരെ നല്‍കാം. തങ്ങളുടെ സാധ്യതകള്‍ വിലയിരുത്താന്‍ ട്രയല്‍ അലോട്മെന്റ് സഹായകരമായിരിക്കും.

എന്നാല്‍, ട്രയല്‍ അലോട്മെന്റില്‍ ലഭിക്കാവുന്ന ഒരു അലോട്മെന്റ് യഥാര്‍ഥ അലോട്മെന്റില്‍ കിട്ടണമെന്നില്ല എന്നകാര്യം ശ്രദ്ധിക്കുക.

ട്രയല്‍ അലോട്മെന്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാന്‍ (ഉള്ളവയുടെ ക്രമം മാറ്റുക, വേണ്ടാത്തവ ഒഴിവാക്കുക, പുതുതായി ചേര്‍ക്കേണ്ടവ ചേര്‍ക്കുക തുടങ്ങിയ നടപടികള്‍) സമയമനുവദിക്കും. അതിനുശേഷമാകും യഥാര്‍ഥ അലോട്മെന്റ് പ്രഖ്യാപിക്കുക.

2019-ലെ റെഗുലര്‍ അലോട്മെന്റിന്റെ അടിസ്ഥാനത്തില്‍ വിവിധ കോഴ്സുകള്‍ക്ക്, വിവിധ സ്ഥാപനങ്ങളില്‍, ഓരോ കാറ്റഗറിയിലും അവസാനമായി അലോട്മെന്റ് ലഭിച്ചവരുടെ റാങ്ക് https://lbscentre.in-ല്‍ ലഭ്യമാണ്. അതുപരിശോധിച്ച് പ്രവേശനസാധ്യത വിലയിരുത്താം.

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയ്ക്കാന്‍: https://english.mathrubhumi.com/education/help-desk/ask-expert

Content Highlights: Nursing Paramedical admissions in kerala, LBS