ask expertകേരളത്തില്‍ ബി.എസ്സി. നഴ്സിങ് പ്രവേശനം കിട്ടാന്‍ പ്ലസ് ടുവിന് എത്രശതമാനം മാര്‍ക്കുവേണം? പ്രവേശനത്തിന് പ്രായപരിധി ഉണ്ടോ? കേരളത്തിനുപുറത്ത് ഡിഗ്രി നഴ്സിങ് പഠിക്കാന്‍ പറ്റിയ നല്ലസ്ഥാപനങ്ങള്‍ ഉണ്ടോ ? - കൃഷ്ണ, തൃശ്ശൂര്‍

നിലവിലെ വ്യവസ്ഥയനുസരിച്ച് കേരളത്തില്‍ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി വഴി നടത്തുന്ന, ബി.എസ്സി. നഴ്സിങ് പ്രവേശനം പ്ലസ് ടു തല പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷാര്‍ഥി പ്ലസ് ടു പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്കു മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ചിരിക്കണം.

യോഗ്യതാപരീക്ഷയുടെ അന്തിമവര്‍ഷ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്കു ലഭിക്കുന്ന മൊത്തം ഇന്‍ഡക്സ് മാര്‍ക്ക് (പ്രോസ്‌പെക്ടസ് വ്യവസ്ഥപ്രകാരം ഓരോ വിഷയത്തിന്റെയും നോര്‍മലൈസ് ചെയ്ത മാര്‍ക്കാണ് പരിഗണിക്കുക) അടിസ്ഥാനമാക്കിയാണ് റാങ്ക്പട്ടിക തയ്യാറാക്കുക.

പ്രവേശനത്തിന് എത്രമാര്‍ക്ക് പ്ലസ് ടു തലത്തില്‍ വേണ്ടിവരുമെന്ന് മുന്‍കൂട്ടിപറയാന്‍ സാധ്യമല്ല. ഒരുവര്‍ഷത്തെ മാര്‍ക്കുതോത്, മുന്‍വര്‍ഷത്തെ തോതില്‍നിന്ന് വ്യത്യസ്തമായിരിക്കും. അതിനാല്‍ ഒരുവര്‍ഷം ഒരു ഇന്‍ഡക്സ് മാര്‍ക്കിന് ലഭിക്കുന്ന റാങ്ക് അടുത്ത വര്‍ഷവും അതേ ഇന്‍ഡക്സ് മാര്‍ക്കിന് ആവര്‍ത്തിക്കണമെന്നില്ല. റാങ്കുകളുടെ അടിസ്ഥാനത്തില്‍ സാധ്യതകള്‍ വിലയിരുത്തുന്നതില്‍ പരിമിതികള്‍ ഉണ്ടെങ്കിലും സാധ്യത വിലയിരുത്താന്‍ അതാകും കുറച്ചുകൂടി ഉചിതം.

2019- ലെ പ്രവേശനത്തിന്റെ അവസാന റാങ്ക്‌നില https://lbscentre.in/index.htm ല്‍ ബി.എസ്സി. നഴ്സിങ് ലിങ്കില്‍ ലഭ്യമാണ്. അത് പരിശോധിക്കുക. പ്രവേശനവര്‍ഷം ഡിസംബര്‍ 31-ന് 17 വയസ്സ് പൂര്‍ത്തിയാക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. കഴിഞ്ഞ വര്‍ഷത്തെ പ്രോസ്‌പെക്ട്സ് പരിശോധിക്കുക. കേരളത്തിനുപുറത്ത് ഓള്‍ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (വിവിധ ക്യാമ്പസുകള്‍), ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പുതുശ്ശേരി), രാജ്കുമാരി അമൃത് കൗര്‍ കോളേജ് ഓഫ് നഴ്സിങ് (ന്യൂ ഡല്‍ഹി), ബനാറസ് ഹിന്ദുസര്‍വകലാശാല (വാരാണസി) തുടങ്ങിയ പ്രമുഖസ്ഥാപനങ്ങള്‍ ബി.എസ്സി. നഴ്സിങ് പ്രോഗ്രാം നടത്തുന്നുണ്ട്. അവിടെയെല്ലാം പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷന്‍ നല്‍കുന്നത്.

Content Highlights: Nursing Admission in kerala